നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള വേദിയായ കോണ്‍ക്‌ളേവില്‍ സിനിമാ ഫണ്ടിനേക്കുറിച്ചുള്ള തന്റെ നിര്‍ദേശം മുന്നോട്ടു വെക്കുകയാണ് അടൂര്‍ ചെയ്തത്; അതില്‍ പോലും ഫണ്ട് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ജാതിയേയും അധിക്ഷേപിച്ചില്ല; അടൂരിനെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് നിയമോപദേശം; ഇതിനൊപ്പം അടൂരിനേയും യേശുദാസിനേയും അവഹേളിച്ച വിനായകനും; പരാതി കിട്ടിയാല്‍ വിനായകനെതിരെ കേസെടുക്കേണ്ടി വരും

Update: 2025-08-07 01:07 GMT

തിരുവനന്തപുരം: സിനിമാ പോളിസി കോണ്‍ക്ലേവ് സമാപന ചടങ്ങില്‍ പട്ടികവിഭാഗക്കാരെയും സ്ത്രീകളെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനാകില്ലെന്നു നിയമോപദേശം. എന്നാല്‍ അടൂരിനേയും യേശുദാസിനേയും അധിക്ഷേപിച്ച് നടന്‍ വിനായകന്‍ ഇട്ട പോസ്റ്റിലും വിവാദം തുടരുകയാണ്. ഈ പോസ്റ്റില്‍ പരാതി കൊടുത്താല്‍ പോലീസിന് കേസെടുക്കേണ്ടി വരും. അടൂരിനേയും യേശുദാസിനേയും അശ്ലീല ഭാഷയില്‍ അധിക്ഷേപിച്ചിട്ടും അതിനെതിരെ ബുദ്ധി ജീവികളാരും രംഗത്തു വന്നിട്ടില്ല. ഇത് ഇരട്ടത്താപ്പാണെന്ന വാദം ശക്തമാണ്.

സര്‍ക്കാര്‍ സംഘടിപ്പിച്ച നയരൂപീകരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിനിലെ പരാമര്‍ശത്തില്‍ വിവാദം തുടരുന്നതിനിടെയാണ് കേസെടുക്കാന്‍ കഴിയില്ലെന്നു പോലീസിനു നിയമോപദേശം ലഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണനെതിരെ എസ്സി/എസ്ടി കമ്മീഷനും മ്യൂസിയം പോലീസിനുമാണ് പരാതി ലഭിച്ചിട്ടുള്ളത്. പരാതിയില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടറോടാണ് പോലീസ് നിയമോപദേശം തേടിയത്. എസ് സി-എസ് ടി വിഭാഗങ്ങളെ പേരെടുത്ത് പറഞ്ഞ് അടൂര്‍ വിമര്‍ശിച്ചിട്ടില്ല. ഇതിനൊപ്പം ഫണ്ട് നല്‍കരുതെന്നും ആവശ്യപ്പെട്ടിട്ടില്ല. ഫണ്ട് ദുര്‍വിനിയോഗം ഉണ്ടാകരുതെന്ന അഭിപ്രായമാണ് നടത്തിയത്. അതിനിടെ ഫണ്ട് ദുര്‍വിനിയോഗത്തില്‍ അടൂര്‍ വിജിലന്‍സിന് പരാതി നല്‍കിയാല്‍ അത് പരിശോധിക്കേണ്ടി വരുമെന്ന സാഹചര്യവുമുണ്ട്. ഒന്നരക്കോടിയുടെ സര്‍ക്കാര്‍ ഫണ്ട് വാങ്ങി അത്രയും തുക മുടക്കാതെ സിനിമ എടുക്കുന്നുവെന്ന ആരോപണമാണ് അടൂരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സമാനതകളില്ലാത്ത തരത്തിലാണ് യേശുദാസിനേയും അടൂരിനേയും വിനായകന്‍ വിമര്‍ശിച്ചത്. ഇതും സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്.

അടൂര്‍ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചുവെങ്കിലും പരാതിക്കാര്‍ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. അതിനിടെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മീഷനില്‍ പരാതി ലഭിച്ചു. ഈ പറഞ്ഞതില്‍ കേസെടുക്കാന്‍ മാത്രമുള്ള കുറ്റമൊന്നുമില്ലെന്നാണ് ജില്ലാ പ്രോസിക്യൂട്ടറുടെ നിയമോപദേശം. പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളെ കള്ളന്‍മാരാക്കുന്നതും അധിക്ഷേപിക്കുന്നതുമാണ് അടൂരിന്റെ പ്രസംഗമെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ദിനു വെയിലായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ പട്ടികജാതി, വര്‍ഗ വിഭാഗങ്ങളെ ജാതിപരമായി അധിക്ഷേപിച്ചിട്ടില്ല. ആരുടെയും പേര് പറയാത്തതിനാല്‍ വ്യക്ത്യാധിക്ഷേപവുമില്ല. നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള വേദിയായ കോണ്‍ക്‌ളേവില്‍ സിനിമാ ഫണ്ടിനേക്കുറിച്ചുള്ള തന്റെ നിര്‍ദേശം മുന്നോട്ടുവെക്കുകയാണ് ചെയ്തത്. അതില്‍ പോലും ഫണ്ട് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

ആര്‍.ബിന്ദുവല്ലാതെ മുഖ്യമന്ത്രിയടക്കം മറ്റ് മന്ത്രിമാരാരും അടൂരിനെ വിമര്‍ശിക്കാന്‍ തയാറായിട്ടില്ല. അതിനാല്‍ എത്രയും വേഗം വിവാദം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്ന സര്‍ക്കാര്‍ ആഗ്രഹിച്ച നിയമോപദേശമാണ് ഇപ്പോള്‍ ലഭിച്ചത്. അതിനിടെയാണ് അടൂരിനെ വിളിച്ച് വരുത്തി വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന് വനിതാ സംഘടനകള്‍ പരാതി നല്‍കി. അതിനിടെ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സിനിമാ നടന്‍ ജോയ് മാത്യു രംഗത്തു വന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിന്റെ വസ്തുത മനസിലാക്കാതെയാണ് ആളുകള്‍ പ്രതികരിച്ചതെന്ന് മാത്രമല്ല കിട്ടുന്ന ചാന്‍സില്‍ അടൂരിനെ ആക്രമിക്കുന്നത് കുറച്ച് നാളായി താന്‍ ശ്രദ്ധിക്കുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു.

' 50 ലക്ഷം വെച്ച് സര്‍ക്കാര്‍ ധനസഹായം അനവധിപ്പേര്‍ക്ക് കൊടുക്കണമെന്നാണ്അടൂര്‍ പറഞ്ഞത്. അവര്‍ക്ക് സര്‍ഗശേഷിയില്ലെന്നോ പ്രതിഭയില്ലെന്നോ സിനിമയെടുക്കാന്‍ പറ്റില്ലെന്നോ അദ്ദേഹം പറഞ്ഞില്ല. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ പരിശീലനം നേടേണ്ടതുണ്ട്. ഇപ്പോള്‍ ആകെ ഏഴരക്കോടി രൂപ ചെലവഴിച്ചു. തിരിച്ച് കിട്ടിയത് 13 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ തീയേറ്ററുണ്ടായിട്ടും കാണിക്കാന്‍ തയ്യാറായിട്ടും കാണാനാളില്ല എന്ന് പറയുന്നത് ആ സിനിമയുടെ ദുരവസ്ഥയാണ് കാണിക്കുന്നത്. അങ്ങനൊരു അവസ്ഥയില്ലാതിരിക്കാനാണ് ട്രെയിനിംഗ് നല്‍കണമെന്ന് പറയുന്നത്', ജോയ് മാത്യു പറഞ്ഞു.

മൂന്ന് മാസം ട്രെയിനിംഗിന് പോയാല്‍ തല പോകുമോയെന്നും ജോയ് മാത്യു ചോദിച്ചു. ദളിത് സംവിധായകരുടെ പടത്തില്‍ അഭിനയിക്കുന്നത് സവര്‍ണരാണെന്നും അവരുടെ ലക്ഷ്യം പണവും പ്രശസ്തിയുമാണെന്നും ജോയ് മാത്യു പറഞ്ഞു. ജാതീയമായ വേര്‍തിരിവ് എല്ലാത്തിലും കണ്ടെത്തുന്ന വളരെ മോശം അവസ്ഥയായി കേരളം മാറിയിട്ടുണ്ടെന്നും ജോയ് മാത്യു പറയുന്നു. പുഷ്പവതി വേദിയില്‍ പ്രതികരിച്ചത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ മറ്റൊരാള്‍ക്ക് എതിര്‍ അഭിപ്രായം പ്രകടിപ്പിക്കാമെന്നും ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോള്‍ പറയാമെന്നും ജോയ് മാത്യു പറഞ്ഞു. പുഷ്പവതിയുടെ പ്രതികരണം ആ സ്പിരിറ്റില്‍ കണ്ടാല്‍ മതിയെന്നും അത് കാണാന്‍ അദ്ദേഹത്തിന് പറ്റിയില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി.

Tags:    

Similar News