ദേവസ്വം അംഗത്തിന്റെ സ്വപ്നത്തില്‍ പാളികള്‍ മാറ്റാന്‍ അയ്യപ്പന്‍ നിര്‍ദേശിച്ചു! ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍ സ്വര്‍ണ്ണപ്പാളി എത്തിച്ചു; പാളി വന്നത് നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ജോലി ചെയ്ത ക്ഷേത്രത്തില്‍; ആരാണ് ആ സ്വപ്‌നം കണ്ടത്? വിനീത് ജെയിന്‍ സത്യം പറയുമോ?
തിരുവനന്തപുരം: 2019-ല്‍ സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് ബെംഗളൂരുവിലേക്കെന്ന് സൂചന. ബെംഗളൂരുവിലേ ഒരു അയ്യപ്പ ക്ഷേത്രത്തില്‍ കവചം സൂക്ഷിച്ചിട്ടുണ്ടെന്നാണ് സംശയം. ബെംഗളൂരു കേന്ദ്രീകരിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ബെംഗളൂരു വ്യവസായി വിനീത് ജയിനിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. 2019 സെപ്റ്റംബര്‍ 14 ന് ഒരു ന്യൂസ് പോര്‍ട്ടലില്‍ വന്ന വാര്‍ത്തയില്‍ വിനീത് ജെയിന്‍ എന്ന വ്യവസായിയെ ഉദ്ധരിച്ച് ശബരിമലയിലെ സ്വര്‍ണ്ണ പാളികള്‍ തനിക്ക് ലഭിച്ചെന്ന് വ്യക്തമാക്കുന്നുണ്ട്. ദേവസ്വം അംഗത്തിന്റെ സ്വപ്നത്തില്‍ പാളികള്‍ മാറ്റാന്‍ അയ്യപ്പന്‍ നിര്‍ദേശിച്ചുവെന്നും പിന്നാലെ പാളികള്‍ ബെംഗളൂരുവിലെത്തിച്ച് പകരം മറ്റൊരു കവചം നിര്‍മ്മിച്ചുവെന്നും പറയുന്നു. ഹൈദരബാദില്‍ നിര്‍മ്മിച്ച പാളി ചെന്നൈയിലെത്തിച്ച് സ്വര്‍ണ്ണം പൂശുകയായിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. ഈ വാര്‍ത്തയില്‍ വ്യക്തമായി തന്നെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു സൈറ്റിലെ വാര്‍ത്തയില്‍ കോണ്‍ടാക്ട് ചെയ്യേണ്ടത് ഉണ്ണികൃഷ്ണനെയാണെന്നും പറയുന്നു.
എങ്ങനെയാണ് സ്വര്‍ണ്ണ കവചം ചെമ്പുപാളിയായി ഉത്തരവിറക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണ പൂശാന്‍ നല്‍കിയത് എന്നത് ദുരൂഹമാണ്. ഈ പാളി മൂന്ന് ദിവസം കൊണ്ട് ചെന്നൈയിലെത്താമെന്നിരിക്കെ 39 ദിവസം വൈകി ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെത്തിച്ചതിനുള്ള കാരണം അന്വേഷിക്കുന്നു. ബെംഗളൂരുവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അടുത്ത ബന്ധമുള്ള അയ്യപ്പ ക്ഷേത്രത്തില്‍ സ്വര്‍ണ്ണപാളികള്‍ കൊണ്ടുവന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍ ആണ് സ്വര്‍ണ്ണപ്പാളി എത്തിച്ചത്. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ജോലി ചെയ്ത ക്ഷേത്രമാണ് ശ്രീറാംപുര അയ്യപ്പക്ഷേത്രം. 2019 ല്‍ കൊണ്ടുപോയ സ്വര്‍ണപ്പാളി ബെംഗളൂരൂവിലെ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണപ്പാളി തിരികെയെത്തിക്കാന്‍ 40 ദിവസം വൈകിയതില്‍ ദുരൂഹതയുണ്ടെന്നും ദേവസ്വം വിജിലന്‍സ് വ്യക്തമാക്കുന്നു.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശാന്‍ 2019ല്‍ ചെന്നൈയില്‍ എത്തിച്ചത് ചെമ്പ് പാളിയെന്ന് കണ്ടെത്തല്‍ ഏവരേയും ഞെട്ടിച്ചിരുന്നു. തിരുവാഭരണം കമ്മീഷണറുടെ മഹസറില്‍ സ്‌പോണ്‍സറായി ഒപ്പിട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. സ്വര്‍ണം പൂശാന്‍ കൊടുക്കുന്നതിന് മുമ്പ് 38,258 ഗ്രാം ചെമ്പാണ് രേഖപ്പെടുത്തിയത്. 1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയ പാളിയാണിത്. സ്വര്‍ണപാളി എങ്ങനെ ചെമ്പായി മാറി എന്നതിലാണ് ദുരൂഹത. 2019 ആഗസ്റ്റ് 29നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട്‌സ് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ ദ്വാരപാലക ശില്‍പ പാളികള്‍ എത്തിക്കുന്നത്. ഇതിന് മുന്‍പ് ഒരു മാസത്തോളം ഇയാള്‍ അനധികൃതമായി സ്വര്‍ണപാളി കയ്യില്‍ സൂക്ഷിച്ചു. സ്വര്‍ണം പൂശുന്നതിന് മുമ്പായി 38,258 ഗ്രാം ചെമ്പ് പാളികള്‍ കണ്ടിട്ടുണ്ടെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ ആര്‍.ജി. രാധാകൃഷ്ണന്‍ തയ്യാറാക്കിയ മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയപ്പോള്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലകരെയും സ്വര്‍ണം പൂശിയെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞിരുന്നു. ഇതെങ്ങനെ ചെമ്പായി മാറി എന്നതിലാണ് ദുരൂഹത. ദ്വാരപാലക ശില്‍പത്തിന്റെ നിറം മങ്ങിയപ്പോഴാണു സ്വര്‍ണം പൂശി നല്‍കാന്‍ 2019ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്. 42.8 കിലോ തൂക്കമുണ്ടായിരുന്ന പാളികള്‍ വീണ്ടും സ്വര്‍ണം പൂശി തിരികെയെത്തിച്ചപ്പോള്‍ 4.41 കിലോ കുറഞ്ഞതായും രേഖകളിലുണ്ട്. വിജയ് മല്യ സ്വര്‍ണ്ണം സമര്‍പ്പിച്ച വര്‍ഷം 1998 സെപ്റ്റംബര്‍ 4 ആണെന്ന് അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും, ദേവസ്വം രേഖകളില്‍ ഇപ്പോഴും അത് 1999 എന്നാണ് കാണുന്നത്. ഇത്തരത്തിലുള്ള രേഖകളിലെ പൊരുത്തക്കേടുകള്‍ക്ക് പിന്നിലും ഈ സംഘമാണോ എന്ന് സംശയമുണ്ട്.
അയ്യപ്പന്റെ സ്വത്തുക്കള്‍ ഒരു കാരണവശാലും സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്ന ദേവസ്വം മാനുവലിലെ കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണ്ണം പൂശിയ ശ്രീകോവിലിന്റെ മേല്‍ക്കൂരയും രണ്ട് ദ്വാരപാലക ശില്പങ്ങളിലെ പാളികളും 'ചെമ്പുപാളികള്‍' ആണെന്ന് രേഖയുണ്ടാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന സ്വകാര്യ വ്യക്തിക്ക് കൈമാറിയത്.