'വിപഞ്ചിക കടുത്ത ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായി; യുവതിയുടെ മരണം ആത്മഹത്യയെന്ന് കരുതുന്നില്ല; കൊലപാതകമെന്ന് സംശയം; ഭര്‍തൃവീട്ടില്‍ നിന്ന് അത്തരത്തിലുള്ള ഭീഷണികളുണ്ടായി; മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുത്'; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍
അന്വേഷണം ആവശ്യപ്പെട്ട് വിപഞ്ചികയുടെ കുടുംബം ഹൈക്കോടതിയില്‍
കൊല്ലം: ഷാര്‍ജയില്‍ കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി വിപഞ്ചികയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിപഞ്ചികയുടെ മരണം ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും കൊലപാതകത്തിനുള്ള സാധ്യതകളുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. വിപഞ്ചിക കടുത്ത ശാരീരിക പീഡനങ്ങള്‍ക്കിരയായി എന്ന് കുടുംബത്തിന് ബോധ്യമുണ്ടായിരുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് അത്തരത്തിലുള്ള ഭീഷണികളുമുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
വിപഞ്ചികയുടെ അമ്മ വിദേശത്തേക്ക് പോയ സാഹചര്യത്തിലാണ് അമ്മയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിപഞ്ചികയുടെ അമ്മയ്ക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ പ്രധാനമായും പറയുന്നത്, വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ഭര്‍തൃവീട്ടിലെ ശാരീരിക മാനസിക പീഡനങ്ങളെ തുടര്‍ന്നാണ്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വിപഞ്ചിക ഫോണില്‍ വിളിക്കുകയും നേരിട്ട പീഡനങ്ങളെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞിരുന്നു. തന്റെ അനുവാദമില്ലാതെ, തന്നോട് പറയുക പോലും ചെയ്യാതെ 40 പവന്റെ ആഭരണങ്ങള്‍ ഭര്‍ത്താവ് എടുത്തുകൊണ്ടുപോയെന്നും പറഞ്ഞിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ആത്മഹത്യ ചെയ്തു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുഎഇ അധികൃതരില്‍ നിന്ന് കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. ഭര്‍തൃവീട്ടുകാര്‍ മൃതദേഹം അവിടെ സംസ്‌കരിക്കാനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്. പക്ഷേ തങ്ങള്‍ക്ക് മകളെ അവസാനമായി കാണണമെന്നും സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്തണമെന്നും ആഗ്രഹമുണ്ട്. അതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ ഹൈക്കോടതി ഇടപെടണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.
വിപഞ്ചിക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു ബേണി, പിതാവ് മോഹനന്‍ എന്നിവരില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന കൊടിയ പീഡനം പുറം ലോകം അറിഞ്ഞത്. നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാല്‍ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോടു പറഞ്ഞിരുന്നു. ഇതിനിടെ നിതീഷ് വക്കീല്‍ നോട്ടിസും അയച്ചു. വക്കീല്‍ നോട്ടിസ് അയച്ചതിന്റെ നിരാശയിലാകാം വിപഞ്ചിക ആത്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്. എന്നാല്‍ ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണു പീഡന വിവരം പുറത്തായത്.
വക്കീല്‍ നോട്ടിസ് അയയ്ക്കുന്നതിന് 3 ദിവസം മുന്‍പ് നിതീഷ് വഴക്കിട്ട് ഫ്‌ലാറ്റ് മാറിപ്പോയി. 9ന് ഉച്ചയ്ക്ക് ജോലിക്കാരി ഫ്‌ലാറ്റില്‍ എത്തി വിളിച്ചിട്ടും കതക് തുറക്കാത്തതിനാല്‍ നിതീഷിനെ വിളിച്ചു. നിതീഷ് എത്തി കതക് തുറന്ന് അകത്തു കയറിയപ്പോഴാണ് മരണ വിവരം അറിയുന്നത്. നിതീഷ് എത്തി മണിക്കൂറുകള്‍ക്കകം സമൂഹ മാധ്യമ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. അപ്പോഴേക്കും ആത്മഹത്യക്കുറിപ്പും ശബ്ദ സന്ദേശവും നിതീഷിന്റെ സ്വഭാവ വൈകൃതങ്ങള്‍ തെളിയിക്കുന്ന വിഡിയോകളും ഫോട്ടോകളും ലഭിച്ചിരുന്നതായി വിപഞ്ചികയുടെ ബന്ധുക്കള്‍ പറയുന്നു.
വിപഞ്ചിക തല മുണ്ഡനം ചെയ്തു നില്‍ക്കുന്ന ഫോട്ടോ കണ്ടു ബന്ധുക്കള്‍ ഷാര്‍ജയിലെ സുഹൃത്തിനോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് സഹോദരി നീതുവിനെക്കാള്‍ സൗന്ദര്യമുണ്ടെന്ന് ആരോപിച്ച് നിതീഷും നീതുവും ചേര്‍ന്ന് മുടി മുറിച്ച കഥ അറിയുന്നത്. നിതീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോയും ബന്ധുക്കള്‍ക്ക് ലഭിച്ചതിലുണ്ട്.
ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും വിപഞ്ചികയ്ക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നു. കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കുകയും മര്‍ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. കുഞ്ഞ് ജനിച്ച ശേഷവും പീഡനം തുടര്‍ന്നു. കുഞ്ഞിനു പനി കൂടിയിട്ടു പോലും ആശുപത്രിയില്‍ എത്തിക്കാന്‍ പോലും നിതീഷും സഹോദരി നീതുവും സമ്മതിക്കാതെ ഇരുവരെയും മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. പീഡനം സഹിക്കാന്‍ കഴിയാതെ വിപഞ്ചിക നാട്ടിലേക്കു മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ നിതീഷ് കൈക്കലാക്കിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നോ നാളെയോ നടക്കുമെന്നാണ് സൂചന.