വ്യാജ മാല മോഷണ കേസില്‍ അന്യായമായി പേരൂര്‍ക്കട സ്റ്റേഷനില്‍ തടവില്‍ വച്ചു; ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി ബിന്ദു; സര്‍ക്കാര്‍ ജോലി വേണമെന്നും പരാതിയില്‍; സര്‍ക്കാരിന്റെയും പൊലീസിന്റെയും മറുപടി തേടി കമ്മീഷന്‍

ഒരുകോടി നഷ്ടപരിഹാരം തേടി ബിന്ദു

Update: 2025-09-15 13:23 GMT

തിരുവനന്തപുരം: ജോലിക്ക് നിന്ന വീട്ടില്‍ നിന്നും മാല കാണാതെ പോയെന്ന കേസില്‍ ഇരയാക്കപ്പെട്ട തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബിന്ദു മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ ആവശ്യപ്പെട്ടു. വ്യാജ മോഷണക്കേസില്‍ തന്നെ അന്യായമായി തടവില്‍ വെച്ചതിനെത്തുടര്‍ന്ന് ഒരു കോടി രൂപയാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. തിരുവനന്തപുരം പേരൂര്‍ക്കട സ്റ്റേഷനിലെ പൊലീസ് നടപടിക്കെതിരെയാണ് പരാതി. കേസില്‍ നിയമപരമായ നടപടി ആവശ്യപ്പെട്ട് യുവതി മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ, സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

തിങ്കളാഴ്ച കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എന്നിവരെ ഒഫീഷ്യല്‍ റെസ്‌പോണ്ടന്റ്മാരായും ആരോപണ വിധേയനായ എസ് ഐ പ്രദീപിനെയും എ.എസ്. ഐ. പ്രസന്നകുമാറിനെയും കണ്ടസ്റ്റിംഗ് റെസ്‌പോണ്ടന്റുമാരായും കമ്മീഷന്‍ തീരുമാനിച്ചു. ഇവര്‍ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണക്കേസ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, ഇത് ഒരു പൊലീസ് തിരക്കഥയായിരുന്നു. വീട്ടുടമ ഓമന ഡാനിയലും മകള്‍ നിധി ഡാനിയലും സ്വര്‍ണ്ണ മാല സോഫയുടെ അടിയില്‍ നിന്ന് കിട്ടിയ വിവരം എസ്‌ഐയോട് പറഞ്ഞിരുന്നു. എന്നാല്‍, യുവതിക്കെതിരെ കേസെടുത്തതിനാല്‍ ഇത് പുറത്തു പറയരുതെന്ന് എസ്‌ഐ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചവര്‍ കൂനയില്‍ നിന്ന് കിട്ടിയെന്ന് പറയാന്‍ എസ്‌ഐ നിര്‍ബന്ധിച്ചെന്നും, ഇതിന് ശേഷമാണ് ഓമന ഡാനിയല്‍ മൊഴി നല്‍കിയതെന്നും അന്വേഷണ സംഘത്തിന് നിധി ഡാനിയല്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗ്രേഡ് എസ്‌ഐ എഡ്വിനാണ് മൊഴി തയ്യാറാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

്‌യുവതിയെ മോഷണക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാര്‍, ഓമന ഡാനിയല്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ചുള്ളിമാനൂര്‍ സ്വദേശിനിയായ യുവതിയെ, ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതി നല്‍കി നാല് ദിവസം മുന്‍പ് മാത്രമാണ് യുവതി വീട്ടുജോലിക്ക് പ്രവേശിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് രാത്രി സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്. എന്നാല്‍, പിന്നീട് നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വര്‍ണ്ണം പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തിയതായി വീട്ടുടമ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് യുവതിയെ വിട്ടയച്ചിരുന്നു.

അതിനിടെ, ബിന്ദു എംജിഎം പൊന്‍മുടി വാലി പബ്ലിക് സ്‌കൂളില്‍ പ്യൂണായി ജോലിയില്‍ പ്രവേശിച്ചു. ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് യുവതി പ്രതികരിച്ചു.

Tags:    

Similar News