എല്ലാം പൊലീസ് തിരക്കഥ; മാല കിട്ടിയത് സോഫയുടെ അടിയില്‍ നിന്നെന്ന് തെളിയിച്ചത് ബിന്ദുവിന്റെ പോരാട്ടം; പൊലീസ് വീഴ്ച വ്യക്തമാക്കി റിപ്പോര്‍ട്ടുള്ളത് സര്‍ക്കാരിന് തലവേദന; ഓമനാ ഡാനിയലിന്റെ 'മറവി'യില്‍ സര്‍ക്കാരിന് ഒരു കോടി പോകുമോ? പേരൂര്‍ക്കടയിലെ നിയമ പോരാട്ടം അസാധാരണ വഴിയിലേക്ക്
തിരുവനന്തപുരം: ജോലിക്കു നിന്ന വീട്ടില്‍നിന്ന് മാല കാണാതെപോയെന്ന കേസില്‍ ഇരയാക്കപ്പെട്ടതില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു മനുഷ്യാവകാശ കമ്മിഷനില്‍ ആവശ്യം ഉന്നയിക്കുമ്പോള്‍ വെട്ടിലാകുന്നത് സര്‍ക്കാര്‍. തിങ്കളാഴ്ച കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് സര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരം വേണമെന്ന് ബിന്ദു ആവശ്യപ്പെട്ടത്. ഒരു കോടി രൂപയ്ക്കു പുറമേ സര്‍ക്കാര്‍ജോലി നല്‍കണമെന്നും ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്.
ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എന്നിവരെ ഒഫീഷ്യല്‍ റെസ്‌പോണ്ടന്റുമാരായും ആരോപണവിധേയനായ എസ്ഐ പ്രദീപിനെയും എഎസ്ഐ പ്രസന്നകുമാറിനെയും കണ്ടസ്റ്റിങ് റെസ്‌പോണ്ടന്റുമാരായും കമ്മിഷന്‍ തീരുമാനിച്ചു. ഇവര്‍ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓമനാ ഡാനിയിലിന്റെ വീട്ടില്‍ നിന്നാണ് മാല കാണാതെ പോയത്. ഇത് അബദ്ധത്തില്‍ സംഭവിച്ചതായിരുന്നു. മാല കിട്ടിയത് ഓമനാ ഡാനിലയും മകളും അറിയിച്ചു. എന്നാല്‍ അത് പുറത്തെ ചവറ്റു കൂനയില്‍ നിന്നും കിട്ടിയതാണെന്ന് പറയാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. അങ്ങനെ സത്യം മറച്ചു വച്ച് ബിന്ദുവിനെ കള്ളിയാക്കാന്‍ ശ്രമിച്ചത് പോലീസാണ്. ഈ സാഹചര്യത്തിലാണ് ബിന്ദു സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ചോദിക്കുന്നത്. ഈ കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനം നിര്‍ണ്ണായകമാകും. സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കുമെന്ന ആശയ കുഴപ്പത്തിലാണ്. ജോലി നല്‍കാന്‍ തയ്യാറായേക്കും. എന്നാല്‍ ഒരു കോടി നല്‍കാന്‍ സമ്മതിച്ചാല്‍ തന്നെ അത് പ്രതികളായവരില്‍ നിന്നും ഈടാക്കും. ഇതിനുള്ള സാധ്യത സര്‍ക്കാര്‍ തേടും. വ്യക്തമായ നിയമോപദേശം തേടി മാത്രമേ ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനില്‍ സര്‍ക്കാര്‍ പ്രതികരിക്കൂ. ഭാവിയിലെ പ്രശ്‌നങ്ങളും സമാന വിഷയങ്ങള്‍ ഇനിയും ഉയര്‍ന്നു വരാനുള്ള സാധ്യതയും തിരിച്ചറിഞ്ഞാണ് ഇതെല്ലാം.
ജോലിക്കു നിന്ന വീട്ടിലെ മാല മോഷണംപോയെന്ന പരാതിയിലാണ് നെടുമങ്ങാട് ഇരുമരം സ്വദേശിനി ബിന്ദു(36)വിനെ ഏപ്രില്‍ 23-ന് പേരൂര്‍ക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. വൈകീട്ട് മൂന്നു മണിക്കെത്തിയ ബിന്ദുവിനെ പിറ്റേന്ന് ഉച്ചയ്ക്ക് 12-നാണ് പോലീസ് വിട്ടയച്ചത്. രാത്രി മുഴുവന്‍ സ്റ്റേഷനില്‍ കടുത്ത മാനസികപീഡനമാണ് അനുഭവിച്ചതെന്ന് പിന്നീട് ബിന്ദു നല്‍കിയ പരാതിയില്‍ പറയുന്നു. നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ലെന്നും വനിതാ പോലീസെത്തി വിവസ്ത്രയാക്കി പരിശോധന നടത്തിയതായും ആരോപണമുണ്ടായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമുണ്ടായി. എന്നാല്‍ പേരൂര്‍ക്കട എസ് എച്ച് ഒ ശിവകുമാറിനെതിരെ നടപടിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയായ ബിന്ദുവിനെ വ്യാജമോഷണക്കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പേരൂര്‍ക്കട സ്റ്റേഷനില്‍ നടന്ന പൊലീസ് തിരക്കഥയാണ് ബിന്ദുവിനെതിരായ കേസെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.സ്വര്‍ണ മാല സോഫയുടെ അടിയില്‍ നിന്നും കിട്ടിയെന്ന കാര്യം ഓമന ഡാനിയലും മകള്‍ നിധി ഡാനിയലും എസ്‌ഐ പ്രസാദിനോട് പറഞ്ഞിരുന്നു. ബിന്ദുവിനെതിരെ കേസെടുത്തതിനാല്‍ മാല കിട്ടിയ കാര്യം പുറത്ത് പറയരുതെന്ന് എസ്‌ഐ പറഞ്ഞു. ചവര്‍ കൂനയില്‍ നിന്നും കിട്ടിയെന്ന് പറയാന്‍ എസ്‌ഐ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമാണ് ഓമന ഡാനിയന്‍ മൊഴി നല്‍കിയത്. കേസില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. ഒരു ഗ്രേഡ് എസ്‌ഐ എഴുതി തന്നെ മൊഴിയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് നിധി ഡാനിയല്‍ പറയുന്നു. ഗ്രേഡ് എസ്‌ഐ എഡ്വിനാണ് മൊഴി എഴുതി തയ്യാറാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ദളിത് യുവതിയ മോഷണക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പേരൂര്‍ക്കട എസ് എച്ച് ഒ ശിവകുമാര്‍, ഓമന ഡാനിയല്‍ എന്നിവര്‍ക്കെതിരെ നടപടിവേണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിനെതിരെ ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്റെ പരാതിയിലാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. പരാതി നല്‍കിയതിന് നാല് ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. രാത്രിയില്‍ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വര്‍ണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് നിന്ന് തന്നെ കിട്ടിയെന്ന് ഓമന ഡാനിയല്‍ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.
ബിന്ദു നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്‌ഐയെയും എഎസ്‌ഐയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി. പൊലീസ് പീഡനത്തില്‍ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നല്‍കിയ പരാതി, ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഡിവൈഎസ്പി വിദ്യാധാരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ നടത്തിയത്.