ഓര്‍മ്മകളില്‍ നിറയെ തീയും പുകയും ചിതറി കിടക്കുന്ന മൃതദേഹങ്ങളും; വിമാനമെന്ന് കേള്‍ക്കുമ്പോഴെ പേടിയും കരച്ചിലും; സഹോദരന്‍ നഷ്ടപ്പെട്ടതിന്റെ വേദന; അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേശിന് വിമാനയാത്ര പേടി; ഇനി ലണ്ടനിലേക്ക് മടങ്ങാനാകുമോ?
വിശ്വാസ് കുമാര്‍ രമേശിന് വിമാനയാത്ര പേടി
അഹമ്മദാബാദ്: വിശ്വാസ് കുമാര്‍ രമേശ് എന്ന പേര് ഒരിക്കലും ആര്‍ക്കും മറക്കാന്‍ കഴിയുകയില്ല. കഴിഞ്ഞ ജൂണില്‍ അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യ അപകടത്തില്‍ അദ്ഭുതകരമായി രക്ഷപ്പെട്ട ഏക യാത്രക്കാരനാണ് അദ്ദേഹം. എന്നാല്‍ ഇനി ഒരിക്കലും അദ്ദേഹത്തിന് യു.കെയിലേക്ക് മടങ്ങാന്‍ കഴിയുമോ എന്ന ആശങ്കയാണ് വീട്ടുകാര്‍ക്ക്. കാരണം മറ്റൊന്നുമല്ല വിശ്വാസ് കുമാറിന് വിമാനയാത്ര പേടിപ്പെടുത്തുന്ന ഒരു അനുഭവമായി മാറിയിരിക്കുന്നു.
വിമാനം പറന്നുയര്‍ന്ന് നിമഷങ്ങള്‍ക്കകം തകര്‍ന്ന് വീണപ്പോള്‍ 11 എ നമ്പര്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന വിശ്വാസ് കുമാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നെഞ്ചിലും മുഖത്തും മുറിവുകളുള്ള രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൗണ്‍സിലിംഗിന് വിധേയനാകുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ഹിരാലും നാല് വയസ്സുള്ള മകനും ഉടന്‍ തന്നെ ഇന്ത്യയിലേക്ക് എത്തിയിരുന്നു. എന്നാല്‍ അവര്‍ ബ്രിട്ടനിലേക്ക് മടങ്ങി.
ഈ അപകടം ഏല്‍പ്പിച്ച മാനസികാഘാതം കാരണം വിശ്വാസ് കുമാറിന് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇപ്പോള്‍ കടുത്ത ഭയമാണ്. വീണ്ടും വിമാനത്തില്‍ കയറാന്‍ ഭയമുള്ളതിനാല്‍ അദ്ദേഹം അവിടെ തന്നെ തുടരുമെന്ന് താന്‍ കരുതുന്നതായി വിശ്വാസ് കുമാറിന്റെ അടുത്ത ബന്ധു മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കൊല്ലപ്പെട്ട യാത്രക്കാരില്‍ ഒരാള്‍ വിശ്വാസിന്റെ സഹോദരന്‍ അജയ് ആയിരുന്നു. മരിച്ചവരില്‍ ഇരകളില്‍ അമ്പത്തിരണ്ട് പേര്‍ ബ്രിട്ടീഷുകാരാണ്. നേരത്തേ കൊല്ലപ്പെട്ട പലരുടേയും മൃതദേഹങ്ങള്‍ തമ്മില്‍ മാറിപ്പോയതായി പരാതി ഉയര്‍ന്നിരുന്നു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പറന്നുയര്‍ന്ന നിമിഷങ്ങള്‍ക്ക് ശേഷം എങ്ങനെയോ ഓഫായതായി വ്യോമയാന വകുപ്പിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് എന്തിനാണ് സ്വിച്ച്ഓഫ് ചെയ്തത് എന്ന് ചോദിക്കുന്നതും താന്‍ ഓഫ് ചെയ്തില്ല എന്ന് അയാള്‍ മറുപടി പറയുന്നതും അന്വേഷണ സംഘത്തിന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. പൈലറ്റിന്റെ പിഴവ് കൊണ്ടാണോ അതോ വിമാനത്തിന്റെ സാങ്കേതിക തകരാറ് കൊണ്ടാണോ അപകടം ഉണ്ടായതെന്ന കാര്യം അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മനസിലാക്കാന്‍ കഴിയുകയുള്ളൂ.