മൂന്ന് വട്ടം ചര്‍ച്ച ചെയ്തിട്ടും പരിഹാര നിര്‍ദ്ദേശമായില്ല; അന്തരാഷ്ട്ര തലത്തിലേക്ക് തര്‍ക്കം കൊണ്ടു പോയാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്ന് ആശങ്ക; സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ടീകോമും പിണറായി സര്‍ക്കാരും രണ്ടു തട്ടില്‍; എല്ലാം വീക്ഷിച്ച് കേന്ദ്ര സര്‍ക്കാരും; ആര്‍ബിട്രേഷന്‍ അനിവാര്യതയാകും

Update: 2025-09-16 01:56 GMT

കൊച്ചി: സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ടീകോമും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ആര്‍ബിട്രേഷനിലേക്ക്. സമവായം എങ്ങും എത്താത്ത സാഹചര്യത്തിലാണ് ഇത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടപെട്ടു. തര്‍ക്കവിഷയങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ചകളുണ്ടായെങ്കിലും അന്തിമ ധാരണയായില്ല. വിഷയത്തില്‍ കേന്ദ്ര ഇടപെടലുണ്ടായതിനാല്‍ തുടര്‍നടപടിക്രമങ്ങള്‍ കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊച്ചിയിലെ പദ്ധതിയില്‍ നടത്തിയ നിക്ഷേപം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ഉടമ്പടിയെന്ന വിശാലമായ തലത്തില്‍ പരിഗണിക്കണമെന്നാണ് ടീകോമിന്റെ ആവശ്യം. ഇത് അംഗീകരിച്ചാല്‍ കരാര്‍ ലംഘനത്തില്‍ നിന്നും ടീകോമില്‍ നിന്നും നഷ്ടപരിഹാരം കിട്ടാതെ വരും. സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ പാലിക്കുന്നതില്‍ ടീകോം വരുത്തിയ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന ഘടകങ്ങളില്‍ പ്രധാനം. പത്തുവര്‍ഷത്തിനിടെ 90,000 തൊഴിലവസരങ്ങളെന്നായിരുന്നു ടീകോമിന്റെ പ്രഖ്യാപനം. 88 ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മാണമെന്ന പ്രഖ്യാപനവും ടീകോമിന് പാലിക്കാനായിട്ടില്ല.

ടീകോമിന് അവരുടെ ഓഹരിനിക്ഷേപം നല്‍കിയൊഴിവാക്കി കൊച്ചി സ്മാര്‍ട് സിറ്റി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ കേന്ദ്ര നിര്‍ദേശപ്രകാരം ചര്‍ച്ച നടന്നിരുന്നു. ഇന്ത്യ-യുഎഇ നിക്ഷേപ ഉടമ്പടി പ്രകാരമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വേണം തങ്ങളുടെ നിക്ഷേപം കൈകാര്യം ചെയ്യേണ്ടതെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നുമാവശ്യപ്പെട്ടു ടീകോം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യാപാര ഉടമ്പടി വ്യവസ്ഥകളല്ല, സ്മാര്‍ട് സിറ്റി കരാറിലെ വ്യവസ്ഥകളാണു ബാധകമാവുകയെന്നു കേരളം അഭിപ്രായമറിയിച്ചു. തര്‍ക്കം ഉടലെടുത്തതോടെ ഇരുകൂട്ടരും ചര്‍ച്ച നടത്തി രണ്ടു മാസത്തിനകം ധാരണയിലെത്താന്‍ കേന്ദ്രം നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ചു 3 വട്ടം ചര്‍ച്ച കഴിഞ്ഞു. പക്ഷേ പ്രശ്‌ന പരിഹാരം സാധ്യമായിട്ടില്ല. സ്മാര്‍ട് സിറ്റിയുടെ എക്‌സിറ്റ് പദ്ധതി തയാറാക്കാന്‍ സര്‍ക്കാര്‍ നേരത്തേ നിയോഗിച്ച വിദഗ്ധ സമിതി, ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു പുതിയ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് പരിഗണിച്ചാകും തുടര്‍നടപടി. ടീകോമിന്റെ ആവശ്യം ഈ സമിതി അംഗീകരിക്കില്ലെന്നാണ് സൂചന.

സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും ദുബായ് ഹോള്‍ഡിങ്‌സിനു കീഴിലുള്ള ടീകോമുമായി ഏര്‍പ്പെട്ട കരാര്‍ പ്രകാരം, ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ആര്‍ബിട്രേഷന്‍ നടപടികളാകാം. ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ ആസ്ഥാനം കൊച്ചിയായിരിക്കുമെന്നു കരാറിലെ 12 (1) മുതല്‍ 12 (5) വരെയുള്ള വ്യവസ്ഥകളിലുണ്ട്. എന്നാല്‍ നടത്തിയതു വിദേശനിക്ഷേപമായതിനാല്‍ ഇന്ത്യയുഎഇ നിക്ഷേപക്കരാറിന്റെ ഭാഗമായി തര്‍ക്കം തീര്‍ക്കണമെന്നാണു ടീകോമിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ട്രൈബ്യൂണല്‍ വേണ്ടിവരും. ഈ തര്‍ക്കം പരിഹരിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ജനുവരി 1 മുതല്‍ 8 മാസത്തിനകം സ്മാര്‍ട് സിറ്റി ഏറ്റെടുക്കുന്നതിനുള്ള എക്‌സിറ്റ് പ്ലാന്‍ ഐടി മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സര്‍ക്കാരിനു ഡിസംബര്‍ 24നു നല്‍കിയിരുന്നു.

ഇതനുസരിച്ച് ഈ ഓഗസ്റ്റ് 31ന് അകം ടീകോമിന് ആദ്യ പേയ്‌മെന്റ് നല്‍കി ഏറ്റെടുക്കണം. എന്നാല്‍ തര്‍ക്കപരിഹാരം രാജ്യങ്ങള്‍ തമ്മിലുള്ള കരാര്‍ പ്രകാരമാണോ, ടീകോമും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണോ വേണ്ടതെന്ന തര്‍ക്കം എല്ലാം ആട്ടിമറിച്ചു. ആ എക്‌സിറ്റ് പ്ലാനിലെ ഒരു നിര്‍ദേശവും നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പദ്ധതിയില്‍ തുടരാന്‍ താത്പര്യമില്ലെന്നു കാണിച്ച് ടീകോം സര്‍ക്കാരിന് കത്തുനല്‍കിയതിനെ തുടര്‍ന്നാണ് പിന്മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് ശുപാര്‍ശ നല്‍കുന്നതിന് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. പരസ്പര ധാരണയോടെ കരാര്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ പല തവണ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പരസ്പര ധാരണ മാത്രം ഉണ്ടായില്ല. കരാറില്‍ ഒപ്പിട്ട് പതിമൂന്ന് വര്‍ഷമായിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതി ഇല്ലാതായതോടെയാണ് ടീകോമിനെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തൊഴില്‍ നല്‍കുന്നത് ഉള്‍പ്പടെ കരാര്‍ വ്യവസ്ഥകള്‍ ദുബായ് ആസ്ഥാനമായ ടീകോം ലംഘിച്ചിരുന്നു. എന്നിട്ടും ടീകോമിന് പണം നല്‍കി സ്മാര്‍ട്ട് സിറ്റി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായി. സര്‍ക്കാര്‍ സമ്മര്‍ദത്തിനു വഴങ്ങി കരാറില്‍ നിന്ന് പിന്മാറാന്‍ ടീകോമും സന്നദ്ധത അറിയിച്ചിരുന്നു.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ ടീകോം തയ്യാറാണെങ്കിലും ഇതിനായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ടി കോമിന്റെ നിലപാട്. പദ്ധതി നടത്തിപ്പില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും ടീകോം വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് ടീകോം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. അന്തരാഷ്ട്ര തലത്തിലേക്ക് തര്‍ക്കം കൊണ്ടു പോയാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്നും സംസ്ഥാന സര്‍ക്കാറിന് ആശങ്കയുമുണ്ട്.

കരാറൊപ്പിട്ട് 14 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തിനൊടുവിലാണ് ടീകോമിന്റെ പിന്മാറ്റ തീരുമാനം വന്നത്. കെട്ടിട നിര്‍മാണത്തിനടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തലത്തിലുണ്ടായ ധാരണ. യു.എ.ഇ.ക്ക് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടെന്ന ടീ കോമിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയായിക്കൂടിയാണ് പിന്മാറ്റം. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോടുചേര്‍ന്ന് ഐ.ടി. ടൗണ്‍ഷിപ്പായിരുന്നു 2011-ല്‍ കരാര്‍ ഒപ്പിട്ട പദ്ധതിയുടെ ലക്ഷ്യം. പത്തുവര്‍ഷത്തോളമായി ദുബായ് ഹോള്‍ഡിങ്‌സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ കരാര്‍പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തിരുന്നില്ല. പദ്ധതിയില്‍ കാര്യമായ ശ്രദ്ധപുലര്‍ത്താത്തതിനാല്‍ പിന്മാറ്റം സംബന്ധിച്ച് ടീ കോമുമായി സര്‍ക്കാര്‍തലത്തില്‍ പലവട്ടം ചര്‍ച്ച നടന്നിരുന്നു.

Tags:    

Similar News