പതിനേഴാം വയസില്‍ വിവാഹ നിശ്ചയം; സതീഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം; സ്ഥിരം മദ്യപാനി ആയ ഭര്‍ത്താവ് പെരുമാറിയിരുന്നത് ഒരു സൈക്കോയെ പോലെ; മകളെ ഓര്‍ത്ത് മരിക്കില്ലെന്ന് ആവര്‍ത്തിച്ച അതുല്യ പെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; പത്ത് ദിവസം മുമ്പ് വിപഞ്ചികയും വൈഭവിയും; ഇപ്പോള്‍ അതുല്യ; മൂന്ന് വേര്‍പാടുകള്‍ സൃഷ്ടിച്ച നോവില്‍ പ്രവാസലോകം
മൂന്ന് വേര്‍പാടുകള്‍ സൃഷ്ടിച്ച നോവില്‍ പ്രവാസലോകം
കൊല്ലം: പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് വിപഞ്ചികയും മകള്‍ വൈഭവിയും. ഇപ്പോള്‍ അതുല്യ... ഒരേ ജില്ലക്കാരായ രണ്ടു യുവതികള്‍. മരണത്തില്‍ പോലും സമാനത. ഭര്‍ത്താവിന്റെ ക്രൂരതയില്‍ ഇരുവരും ജീവനൊടുക്കി. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.... മൂന്ന് മരണങ്ങള്‍ സൃഷ്ടിച്ച ആഘാതത്തിലാണ് ഗള്‍ഫിലെ മലയാളികള്‍. കൊല്ലം സ്വദേശി അതുല്യയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥിരം മദ്യപാനി ആയ ഭര്‍ത്താവ് അതുല്യയെ ക്രൂരമായി മര്‍ദിക്കുന്നത് പതിവെന്ന് കുടുംബം ആരോപിക്കുന്നു. ആത്മഹത്യക്ക് ആഴ്ചകള്‍ക്ക് മുമ്പ് തന്റെ യാതന തുറന്നുകാണിക്കുന്ന ദൃശ്യങ്ങള്‍ അതുല്യ സുഹൃത്തിന് അയച്ചു നല്‍കിയിരുന്നു.
ഷാര്‍ജയില്‍മരിച്ച നിലയില്‍കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭര്‍ത്താവിനെതിരെ കുടുംബം പരാതി നല്‍കി. ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവില്‍നിന്ന് അതുല്യ ക്രൂരപീഡനം അനുഭവിച്ചിരുന്നതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. സതീഷും അതുല്യയും ഷാര്‍ജയില്‍ താമസിച്ചുവന്നിരുന്ന വീട്ടിലാണ് അതുല്യയെ ശനിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച അതുല്യയുടെ പിറന്നാള്‍ ദിവസം കൂടിയാണ്.
മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അതുല്യ സഹോദരിയ്ക്ക് അയച്ചുനല്‍കിയിരുന്നു. താന്‍ ആ വീട്ടില്‍ അനുഭവിച്ചുകൊണ്ടിരുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ ബന്ധുക്കള്‍ അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവ അയച്ചുനല്‍കിയത്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വളരെ ക്രൂരമായാണ് സതീഷ് അതുല്യയോട് പെരുമാറിയിരുന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ചില വീഡിയോകളില്‍ അതുല്യ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം.
വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്നങ്ങളായിരുന്നുവെന്ന് അതുല്യയുടെ സുഹത്ത് പറയുന്നു. അതുല്യയുടെ പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. വഴക്കിന് ശേഷം സതീഷ് പലപ്പോഴും മാപ്പ് പറഞ്ഞ് പ്രശ്നങ്ങള്‍ രമ്യതയിലെത്തിക്കുകയായിരുന്നു പതിവ്. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. അതുല്യയുടെ വീട്ടുകാര്‍ പലപ്പോഴും ബന്ധമൊഴിയാന്‍ പറഞ്ഞിരുന്നുവെങ്കിലും സതീഷ് മാപ്പ് പറഞ്ഞ് സമീപിക്കുന്നതോടെ അതുല്യ അയാളോടൊപ്പം പോകുകയായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. സതീഷിന് മദ്യപാനം പതിവായിരുന്നു. സതീഷും അതുല്യയും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നതായും അതും സതീഷിന് പ്രശ്നമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.
ഇന്ന് അതുല്യ പുതിയ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ഇതിനിടെയാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തിയത്. ഈ ദിവസം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കള്‍ വിശ്വസിക്കുന്നില്ല. ഒന്നരവര്‍ഷം മുന്‍പാണ് ഷാര്‍ജയിലേക്ക് അതുല്യയെ സതീഷ് കൊണ്ടുപോകുന്നത്. എന്നാല്‍ വിദേശത്ത് എത്തിയതോടെ സതീഷിന്റെ സ്വഭാവം മാറിയെന്നാണ് അതുല്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. സമാനതകളില്ലാത്ത ഭര്‍തൃപീഡനമാണ് അതുല്യ അനുഭവിച്ചുകൊണ്ടിരുന്നത്. 24 മണിക്കൂറും വീട്ടില്‍ പൂട്ടിയിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂരമായ മര്‍ദനമാണ് അതുല്യ ഏറ്റുവാങ്ങിയിരുന്നത്.
മകളെ ഓര്‍ത്ത് താന്‍ ജീവിക്കുകയാണെന്നായിരുന്നു അതുല്യ ബന്ധുക്കളേട് പറഞ്ഞിരുന്നത്. ഇതിനിടെയാണ് അതുല്യക്ക് ജോലി ലഭിക്കുന്നത്. എന്നാല്‍ അതുല്യയെ ജോലിക്ക് വിടാന്‍ സതീഷിന് താത്പര്യം ഇല്ലായിരുന്നു. ഒരു സൈക്കോയെ പോലെ സതീഷ് പെരുമാറുന്നുവെന്ന് ബന്ധുക്കളെ അതുല്യ അറിയിച്ചിരുന്നു. താന്‍ മകളെ ഓര്‍ത്ത് മരിക്കില്ലെന്ന് ആവര്‍ത്തിച്ച അതുല്യ പെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം തന്നെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്ന് അതുല്യ ബന്ധുവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അതുല്യ തൂങ്ങിമരിച്ച വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്.
വിപഞ്ചികയും വൈഭവിയും.... ഇപ്പോള്‍ അതുല്യ
പത്ത് ദിവസം മുന്‍പാണ് ഷാര്‍ജ അല്‍ നാഹ്ദയിലെ താമസയിടത്തില്‍ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ ഒന്നര വയസ്സുകാരി വൈഭവി നിധീഷ് എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്തതാണെന്നും പിന്നീട് ഷാര്‍ജ പോലീസ് സ്ഥിരീകരിക്കുകയുണ്ടായി. പ്രവാസികളെ വേദനയിലാഴ്ത്തിയ ഈ രണ്ടു മരണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ശനിയാഴ്ച ഷാര്‍ജ റോളയില്‍ മറ്റൊരു കൊല്ലം സ്വദേശിനിയായ അതുല്യ ശേഖര്‍ (30) എന്ന യുവതികൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
അതുല്യയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇടപെടല്‍ നടത്തുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. അതിനാല്‍ നിയമനടപടികള്‍ പൂര്‍ത്തിയാവാനും സമയമെടുക്കുമെന്നാണ് കരുതുന്നത്. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവന' ത്തില്‍ രാജശേഖരന്‍ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും മകളാണ് അതുല്യ. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഇവരെ ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിയിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ് അതുല്യ.