മകന്റെ സമന്‍സ് പിണറായി സിപിഎമ്മിനെ പോലും അറിയിച്ചില്ല; വിവേക് കിരണിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അക്കാര്യം മുഖ്യമന്ത്രി എന്തുകൊണ്ട് രഹസ്യമാക്കി വച്ചെന്ന ചര്‍ച്ചയും സജീവം; ആ സമന്‍സ് അയച്ചത് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍; ആ സമന്‍സ് ആവിയായതും അജ്ഞാതം
തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ മകന്‍ വിവേക് കിരണിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിപ്പിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കാര്യം സിപിഎമ്മിന്റെ കേരളത്തിലെ നേതൃഘടകങ്ങള്‍ക്കു പുതിയ വിവരമാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മകള്‍ വീണാ വിജയനെതിരെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തെക്കുറിച്ചും മുഖ്യമന്ത്രി കേരളത്തിലെ പാര്‍ട്ടി നേതൃയോഗങ്ങളില്‍ വിശദീകരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വീണയ്‌ക്കെതിരായ നീക്കം സിപിഎം അറിഞ്ഞിരുന്നു. അന്ന് മാധ്യമ വാര്‍ത്തകള്‍ ഇക്കാര്യത്തില്‍ സജീവമായിരുന്നു. എന്നാല്‍ മകനെതിരായ സമന്‍സ് പരമ രഹസ്യമായി.
സമന്‍സ് നല്‍കിയിട്ട് ഹാജരായില്ലെങ്കില്‍ രണ്ടുതവണ കൂടി സമന്‍സ് നല്‍കുകയാണ് ഇ.ഡിയുടെ രീതി. 3 സമന്‍സിലും ഹാജരായില്ലെങ്കില്‍ വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുകയുമാകാം. വിവേകിന്റെ കാര്യത്തില്‍ ഈ തുടര്‍നടപടികളുണ്ടായില്ല. നേരിട്ടോ മറ്റാരെങ്കിലും വഴിയോ സ്വന്തം ഭാഗം വിശദീകരിച്ച്, ക്രമക്കേടില്ലെന്നു തെളിയിച്ചാല്‍ സമന്‍സില്‍നിന്ന് ഒഴിവാക്കാറുണ്ട്. എന്നാല്‍, വിവേക് വിശദീകരണം നല്‍കിയതായി അറിവില്ല. മുഖ്യമന്ത്രിയുടെ മകനുള്ള സമന്‍സ് ഇ.ഡി മരവിപ്പിച്ചെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍നിന്നുള്ള സൂചന. ഇനി പരിശോധനയുണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയുമില്ല. സമന്‍സ് നല്‍കിയ പി.കെ.ആനന്ദ് പിന്നീട് കൊച്ചി ആദായനികുതി ഓഫിസിലേക്കു മാറുകയും ചെയ്തു. ഇതോടെ സമന്‍സും അപ്രസക്തമായി.
മുഖ്യമന്ത്രിയുടെ മകനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നം എന്ന കരുതലാണ് ഇപ്പോള്‍ നേതാക്കള്‍ പുലര്‍ത്തുന്നത്. ഔദ്യോഗിക പ്രതികരണങ്ങളും പാര്‍ട്ടി നടത്തിയില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ബന്ധപ്പെട്ടപ്പോള്‍ വാര്‍ത്തയെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലെന്നും ഇപ്പോള്‍ ഒന്നും പറയാനില്ലെന്നുമുള്ള പ്രതികരണമാണ് ഉണ്ടായത്. പ്രതികരിച്ച മന്ത്രി വി.ശിവന്‍കുട്ടിയാവട്ടെ, പറയാന്‍ ഉദ്ദേശിച്ചത് എഴുതി തയാറാക്കി വായിക്കുകയായിരുന്നു. മാധ്യമങ്ങളെ കണ്ട മന്ത്രി പി.രാജീവ് സമന്‍സിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതെല്ലാം സിപിഎമ്മിന് ഒന്നും അറിയില്ലെന്ന വ്യാഖ്യാനമായി മാറുന്നു.
ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അക്കാര്യം മുഖ്യമന്ത്രി എന്തുകൊണ്ട് രഹസ്യമാക്കി വച്ചെന്ന പ്രതിപക്ഷത്തിന്റെ ചോദ്യമാണ് അദ്ദേഹത്തിനും പാര്‍ട്ടിക്കും മുന്നിലുളളത്. നേതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ എതിരെ ഉണ്ടാകുന്ന ആരോപണങ്ങള്‍ സാധാരണ മൂന്നു തരത്തിലാണ് പാര്‍ട്ടി കമ്മിറ്റികളിലെ ചര്‍ച്ചയായി മാറാറുള്ളത്. ഏതെങ്കിലുമൊരു നേതാവ് പരാതി കത്തായി പാര്‍ട്ടിക്കു നല്‍കണം, അതല്ലെങ്കില്‍ യോഗം ചേരുമ്പോള്‍ ആരെങ്കിലും അക്കാര്യം ഉന്നയിക്കണം. ബന്ധപ്പെട്ട നേതാവുതന്നെ പാര്‍ട്ടി കമ്മിറ്റിയില്‍ സ്വയം വിശദീകരണത്തിനു സന്നദ്ധനാകുന്നതാണു മൂന്നാമത്തെ സാധ്യത. മക്കളുടെ കാര്യത്തില്‍ ഇതു മൂന്നും സംഭവിച്ചിട്ടില്ല.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സയച്ചത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷടക്കമുള്ളവരുടെ മൊഴികള്‍ വിവേകിന് ഇതുമായി ബന്ധമുണ്ടെന്നു സൂചന നല്‍കുന്നതായിരുന്നു. ഇക്കാര്യം സ്വപ്‌നയും സ്ഥിരീകരിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി യൂണിടാക് ബില്‍ഡേഴ്‌സ് മാനേജിങ് പാര്‍ട്‌നര്‍ സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനു സമന്‍സ് നല്‍കിയതും തുടര്‍ന്ന് അറസ്റ്റ് ചെയ്തതും. ലൈഫ് മിഷന്‍ പദ്ധതിക്കു വേണ്ടി യൂണിടാക്കില്‍നിന്ന് 4.25 കോടി രൂപ കമ്മിഷന്‍ വാങ്ങിയത് ശിവശങ്കറിനു വേണ്ടിയാണെന്നു സ്വപ്ന മൊഴി നല്‍കിയിരുന്നു.
കള്ളപ്പണ നിരോധന നിയമപ്രകാരം, പ്രതിയോ സാക്ഷിയോ ആകാന്‍ സാധ്യതയുള്ള വ്യക്തിക്കു സ്വന്തം തീരുമാനപ്രകാരം സമന്‍സയയ്ക്കാന്‍ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് അധികാരമില്ല. യൂണിറ്റിലെ ജോയിന്റ് ഡയറക്ടറുടെ അനുവാദം വാങ്ങിയാണു സമന്‍സ് അയയ്ക്കുക. 2023 ഫെബ്രുവരിയില്‍ കൊച്ചിയില്‍ ജോയിന്റ് ഡയറക്ടര്‍ ഇല്ലായിരുന്നു. അടുത്ത മേലുദ്യോഗസ്ഥനായിരുന്ന അഡിഷനല്‍ ഡയറക്ടര്‍ ദിനേഷ്‌കുമാര്‍ പരചൂരിക്കായിരുന്നു കേസിന്റെ ചുമതല. വിവേകിനും ശിവശങ്കറിനും സമന്‍സ് നല്‍കിയ വകുപ്പ് 50 പ്രകാരമാണ് കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള എല്ലാ കേസിലും ഇ.ഡി സമന്‍സ് നല്‍കുന്നത്.