വിജിഎഫ് അനുവദിക്കണമെങ്കില്‍ ഭാവിയില്‍ തുറമുഖം ലാഭത്തിലാകുമ്പോഴുള്ള മൂല്യം കണക്കാക്കി തുക തിരിച്ചടക്കണം; സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികള്‍ക്ക് നല്‍കുന്ന കേന്ദ്ര സഹായം കിട്ടില്ല; പിണറായിയുടെ ആവശ്യം തള്ളി നിര്‍മ്മല; ആ 817 കോടി നല്‍കേണ്ടത് അദാനിയോ? വിഴിഞ്ഞത്തില്‍ കേന്ദ്ര ഇരട്ടത്താപ്പോ?
തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കുന്ന ഫണ്ട് കേരളം തിരിച്ചടച്ചേ മതിയാകൂവെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. വയബിലിറ്റി ഗ്യാപ് ഫണ്ട് ദീര്‍ഘകാല വായ്പയായി പരിഗണിക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം തള്ളുകയാണ് കേന്ദ്ര ധനമന്ത്രാലയം. വിജിഎഫ് തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വാദം അംഗീകരിക്കുന്നില്ല. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിവിധ തലത്തിലെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നാണ് സൂചന. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും ധനവകുപ്പ് വിജിഎഫില്‍ എതിര്‍ നിലപാട് അറിയിക്കുകയാണ്.
അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികള്‍ക്ക് നല്‍കുന്ന കേന്ദ്ര സഹായമാണ് വിജിഎഫ് അഥവ വയബിലിറ്റി ഗ്യാപ് ഫണ്ട്. ധനസഹായം എന്ന നിലയില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് കേന്ദ്രം അനുവദിക്കേണ്ട വിജിഎഫ് 817.80 കോടി രൂപയാണ്. ഇത് അനുവദിക്കണമെങ്കില്‍ ഭാവിയില്‍ തുറമുഖം ലാഭത്തിലാകുമ്പോഴുള്ള മൂല്യം കണക്കാക്കി തുക തിരിച്ചടക്കണമെന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെടുന്നത്. തൂത്തുക്കുടി അടക്കം തുറമുഖങ്ങള്‍ക്ക് ധനസഹായം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് മാത്രം കാണിക്കുന്ന വിവേചനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 817 കോടി പലിശ സഹിതം തിരിച്ചടക്കുമ്പോള്‍ 12000 കോടിയോളം വരുമെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം വരുമാനം കിട്ടിത്തുടങ്ങുന്ന പദ്ധതിക്ക് ഇത് വലിയ ബാധ്യതയാകുമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് വായ്പ അല്ലാതെ ധനസഹായം പരിഗണിക്കാനാകില്ലെന്ന് വിശദീകരിക്കുന്നത്.
വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ദീര്‍ഘകാല ലാഭത്തില്‍ നിന്നു തിരിച്ചടയ്ക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ കേരളം പ്രതിഷേധം അറിയിച്ചിരുന്നു. അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികള്‍ക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. വിഴിഞ്ഞം പദ്ധതിയ്ക്ക് ലാഭം ഉറപ്പാണെന്നും അതുകൊണ്ട് തന്നെ ലാഭകരമല്ലാത്ത പദ്ധതിക്ക് കീഴില്‍ വരില്ലെന്നുമാണ് കേന്ദ്ര നിലപാട്. ട്രയല്‍ റണ്‍സമയത്തെ കണ്ടൈനര്‍ ഇറക്കില്‍ തന്നെ ഇതിന്റെ സൂചനകളുണ്ട്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ വിഴിഞ്ഞം ഉണ്ടാക്കാന്‍ പോകുന്ന ലാഭം കേന്ദ്രം തിരിച്ചറിയുന്നു. ഇതുകൊണ്ടാണ് ഈ തീരുമാനം. ഫലത്തില്‍ വിഴിഞ്ഞത്തെ ലാഭം തങ്ങള്‍ക്ക് പ്രത്യേകമായി വേണമെന്ന് പറഞ്ഞു വയ്ക്കുകയാണ് കേന്ദ്രം.
വിജിഎഫിന് തത്വത്തില്‍ അംഗീകാരം ലഭിച്ച ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. 817.80 കോടി രൂപയാണ് വിജിഎഫ് ആയി കേന്ദ്രം അനുവദിക്കേണ്ടത്. ഇപ്പോള്‍ മുടക്കുന്ന തുകയ്ക്ക് ഭാവിയില്‍ തുറമുഖം ലാഭത്തിലെത്തുമ്പോഴേക്കുള്ള മൂല്യത്തിന് അനുസരിച്ചുള്ള തിരിച്ചടവ് (നെറ്റ് പ്രസന്റ് വാല്യു) വ്യവസ്ഥയാണ് കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത്. ട്രയല്‍ റണിന്റെ ആദ്യ ഘട്ടങ്ങളില്‍ തന്നെ വിഴിഞ്ഞം വലിയ നേട്ടങ്ങളിലേക്ക് കുതിക്കുകയാണ്. വമ്പന്‍ കണ്ടൈനറുകള്‍ പോലും എത്തി. നികുതി ഇനത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ കേരളത്തിന് അഞ്ചു കോടിയില്‍ അധികം കിട്ടി. അത്തരമൊരു പദ്ധതിയ്ക്ക് ലാഭകരമാകാത്ത പദ്ധതികള്‍ക്കു പ്രഖ്യാപിച്ച ധനസഹായം എങ്ങനെ നല്‍കുമെന്നാണ് കേന്ദ്രം ഉയര്‍ത്തുന്ന ചോദ്യം.
പദ്ധതിക്കാവശ്യമായ 8867 കോടി രൂപയില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് ചെലവഴിക്കുന്നത്. ഇതില്‍ 2159 കോടി രൂപ ചെലവഴിച്ചു. കേന്ദ്ര ഫണ്ട് ഒരു രൂപ പോലും ലഭിച്ചതുമില്ല. വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുന്നത് കേന്ദ്രസര്‍ക്കാരും അദാനി കമ്പനിയും തുക നല്‍കുന്ന ബാങ്കും തമ്മിലാണ്. എന്നാല്‍ തിരിച്ചടയ്ക്കാനുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ വേണമെന്നതു വിചിത്രമായ നിബന്ധനയാണെന്നാണ് കേരളം ചൂണ്ടികാട്ടുന്നത്. നിര്‍മാണക്കാലയളവുള്‍പ്പെടെ 2034 വരെ ആദ്യത്തെ 15 വര്‍ഷം ലാഭവിഹിതം പൂര്‍ണമായും അദാനി ഗ്രൂപ്പിനാകും. 16-ാം വര്‍ഷം മുതല്‍ ഒരുശതമാനം വീതം ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന് (വിസില്‍) നല്‍കും. ഇത് 40 വര്‍ഷം വരെ ഓരോ ശതമാനം വര്‍ധിച്ച് 25 ശതമാനം വരെയാകും. ഈ സാഹചര്യത്തില്‍ തുക തിരിച്ചു പിടിക്കണമെങ്കില്‍ അദാനിയില്‍ നിന്ന് വേണമെന്നാണ് കേരളത്തിന്റെ നിലപാട്.
വാണിജ്യപ്രവര്‍ത്തനം തുടങ്ങുംമുന്‍പുതന്നെ ലോകത്തെ പ്രമുഖ കപ്പല്‍ കമ്പനികള്‍ വിഴിഞ്ഞത്ത് താത്പര്യം പ്രകടിപ്പിച്ചെത്തുന്നത് ആഗോളരംഗത്തെ പ്രതിസന്ധികള്‍കൂടി കണക്കിലെടുത്താണ്. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയും (എം.എസ്.സി.) അടക്കം വിഴിഞ്ഞത്തെ പ്രതീക്ഷയോടെ കാണുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് നിലവില്‍ കൈകാര്യംചെയ്യുന്ന ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖങ്ങളായ കൊളംബോയിലും സിങ്കപ്പൂരിലും ചരക്കിറക്കാന്‍ നാലും അഞ്ചും ദിവസം പുറങ്കടലില്‍ കാത്തുകിടക്കേണ്ടിവരുന്നതാണ് പെട്ടെന്നുതന്നെ വിഴിഞ്ഞത്തേക്ക് കപ്പല്‍ കമ്പനികളുടെ ശ്രദ്ധതിരിയാന്‍ കാരണം. ഇതു കാരണം വന്‍ ലാഭം വിഴിഞ്ഞത്തിനുണ്ടാകും. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കേന്ദ്രത്തിന്റെ മലക്കം മറിയല്‍.