രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം ഏറ്റുപിടിച്ച് കാസര്‍കോട്ടെ സിപിഎം; ഒരു വീട്ടില്‍ തന്നെ 38 വോട്ട്; 14 വാര്‍ഡുകളിലായി ആയിരത്തിലേറെ വോട്ടുകളില്‍ തിരിമറി; ബെള്ളൂര്‍ പഞ്ചായത്തിലെ വോട്ടുചേര്‍ക്കലിലും ഒഴിവാക്കലിലും വ്യാപക ക്രമക്കേടുകള്‍ എന്നാരോപണം; പിന്നില്‍ ബിജെപി സ്വാധീനമെന്നും പരാതി നല്‍കുമെന്നും സിപിഎം

വോട്ട് ചോരി ആരോപണം കാസര്‍കോട്ടും

Update: 2025-09-19 16:29 GMT

കാസര്‍കോട്: ദേശീയ തലത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ട് ചോരി ആരോപണം കടുപ്പിക്കുന്നതിനിടെ, കേരളത്തിലും വോട്ടുമോഷണ ആരോപണം. കാസര്‍കോട് ജില്ലയിലെ ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വോട്ടര്‍ ചേര്‍ക്കലുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്നാണ് ആരോപണം. സിപിഎമ്മാണ് ആരോപണം ഉന്നയിച്ചത്.

വോട്ട് ചേര്‍ക്കല്‍, വോട്ടര്‍ പട്ടിക പുനഃസംഘാടനം, വോട്ട് റദ്ദ് ചെയ്യല്‍ എന്നിവയില്‍ ഭരണകക്ഷിയായ ബിജെപിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് അനധികൃത ഇടപെടലുകള്‍ നടത്തിയെന്നാണ് ആരോപണം. വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയമാര്‍ച്ചില്‍ പങ്കെടുത്ത സിപിഎം നേതാക്കള്‍ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിട്ടുള്ള ക്രമക്കേടുകളെ കുറിച്ച് ജനങ്ങളോട് വിവരിച്ചു. പ്രത്യേകിച്ച് പത്താം വാര്‍ഡിലെ പത്താം നമ്പര്‍ വീട്ടില്‍ മാത്രം 38 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തതെന്നും, ഇതു സംബന്ധിച്ച് പരാതിപ്പെട്ടിട്ടും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

കൂട്ടായ തീരുമാനം അട്ടിമറിച്ചു

സര്‍വ്വകക്ഷിയോഗത്തില്‍ രണ്ടു വര്‍ഷത്തിലധികമായി പഞ്ചായത്തില്‍ താമസമില്ലാത്തവരുടെ വോട്ടുകള്‍ റദ്ദാക്കാനായിരുന്നു തീരുമാനം. എന്നാല്‍, സിപിഎം അനുഭാവികളായ നിരവധി വോട്ടര്‍മാരുടെ പേരുകളാണ് റദ്ദാക്കിയതെന്നും, വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസം മാറ്റിയ ബിജെപി അനുഭാവികളുടെ വോട്ടുകള്‍ പട്ടികയില്‍നിലനില്‍ക്കുന്നതായും നേതാക്കള്‍ ആരോപിച്ചു. പഞ്ചായത്തില്‍ ഇപ്പോഴും താമസിക്കുന്ന, വിവാഹം കഴിഞ്ഞുള്ള സിപിഎം അനുഭാവികളായ യുവതികളുടെ വോട്ടുകളും റദ്ദാക്കിയതായി നേതാക്കള്‍ കുറ്റപ്പെടുത്തി. തൊഴിലാളി സമിതികള്‍ ഉള്‍പ്പെടെ നിരവധി പൊതുജന പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.






 

നടപടികള്‍ പ്രഖ്യാപിച്ച് സിപിഎം

വോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് സിപിഎം അറിയിച്ചു. ആവര്‍ത്തിച്ച ക്രമക്കേടുകള്‍ക്ക് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ സ്വാധീനമാണെന്നും, 14 വാര്‍ഡുകളിലായി ആയിരത്തിലധികം വോട്ടുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടന്നും ഇവര്‍ ആരോപിച്ചു .

പരിഹാസവും പ്രതിഷേധവും

'ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ താമസക്കാരുള്ള വീടായി പത്താം വാര്‍ഡിലെ പത്താം നമ്പര്‍ വീടാകുന്നു' എന്നായിരുന്നു സി പി എം നേതാക്കളുടെ പരിഹാസം.

Tags:    

Similar News