'ഒരു പൊലീസുകാരന്‍ തോക്കില്‍ ബയണറ്റ് പിടിപ്പിച്ച് ഉള്ളംകാലില്‍ കുത്തി; കാല്‍പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി; ചോര ഭിത്തിയിലേക്ക് ചീറ്റിത്തെറിച്ചു': മരിച്ചുവെന്ന് കരുതി കാട്ടില്‍ ഉപേക്ഷിച്ചപ്പോള്‍ അനക്കം കണ്ട് രക്ഷിച്ചത് കള്ളന്‍ കോലപ്പന്‍; വിഎസിന് ജീവിതം തിരിച്ചുതന്നത് ഒരു കള്ളന്‍

വിഎസിന് ജീവിതം തിരിച്ചുതന്നത് ഒരു കള്ളന്‍

Update: 2025-07-21 12:52 GMT

പുന്നപ്ര-വയലാര്‍ സമര നായകന്‍ എന്നാണ് വി എസിനെ വിശേഷിപ്പിക്കാറുള്ളത്. പക്ഷേ ഇതിന്റെ പേരിലും പലരും വിവാദമുണ്ടാക്കിയിരുന്നു. പുന്നപ്ര-വയലാര്‍ ആക്ഷനില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത വി എസ് എങ്ങനെ സമരനായകനായി എന്നാണ് ചോദ്യം. പക്ഷേ പുന്നപ്ര- വയലാര്‍ സമരം എന്നാല്‍ ആ രക്തരൂക്ഷിതപോരാട്ടം മാത്രമല്ല. സമരത്തിന്റെ മുന്നൊരുക്കത്തിനായുള്ള എല്ലാം ഘട്ടങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു. സമരത്തെ തുടര്‍ന്നുണ്ടായ പൊലീസ് നായാട്ടില്‍, ബയണറ്റുകൊണ്ട് ഏറ്റ കുത്തിന്റെ പാട് അദ്ദേഹത്തിന്റെ കാലില്‍ മരിക്കുമ്പോഴുമുണ്ട്.

അതിക്രൂരമായ മര്‍ദനമേറ്റ് മരിച്ചൂവെന്ന് കരുതി പൊലീസ് ഉപേക്ഷിച്ചതാണ് പൊലീസ് വിഎസിനെ. പക്ഷേ അദ്ദേഹത്തിന് പുനര്‍ജന്‍മം നല്‍കിയത് ഒരു കള്ളനാണ്. വിഎസിന്റെ ആത്മകഥയില്‍ പറയുന്ന ഈ രംഗങ്ങള്‍ കരളലിയിപ്പിക്കുന്നതാണ്.

അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍

വെറും 23 വയസ്സുമാത്രമായിരുന്നു വി എസിന്റെ പ്രായം. നാട്ടുരാജ്യങ്ങളില്‍ ജനങ്ങള്‍ക്കു കൂടി പങ്കാളിത്തമുള്ള ഉത്തരവാദ ഭരണം വേണമെന്ന മുറവിളി, തിരുവിതാംകൂറിലും അലയടിക്കുന്നകാലമായിരുന്നു അത്. അധികാരം തന്റെ പക്കല്‍ തന്നെ കേന്ദ്രീകരിക്കുന്ന 'അമേരിക്കന്‍മോഡല്‍' ആയിരുന്നു സി.പിയുടെ മനസ്സില്‍. എന്നാല്‍, സ്വാതന്ത്ര്യം എന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പുമില്ല എന്ന് സിപിയുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത ടി.വി തോമസ് അടക്കമുള്ള നേതാക്കള്‍ തീര്‍ത്തുപറഞ്ഞു. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമയുര്‍ത്തതി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രക്ഷോഭരംഗത്തിറങ്ങി. ഇത് അടിച്ചമര്‍ത്താന്‍ സി.പി പ്രത്യേക പൊലീസ് സംഘത്തെ ഇറക്കി. സി.പിയുടെ സേന മേഖലയില്‍ അഴിഞ്ഞാട്ടം തുടങ്ങി.

ജന്മിമാരുടെ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സജീവമായിരുന്നു. അതില്‍ വി എസും ഉണ്ടായിരുന്നു. സി പിയുടെ പൊലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തി, 'കമ്യൂണിസം മുര്‍ദാബാദ്, ട്രേഡ് യൂണിയന്‍ മുര്‍ദാബാദ്' എന്നു വിളിപ്പിച്ചു. പ്രമുഖ നേതാക്കള്‍ അറസ്്റ്റിലായി. വി.എസ് അടക്കമുള്ളവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അമേരിക്കന്‍ മോഡലിനെതിരെ ആലപ്പുഴ ആലിശ്ശേരി മൈതാനത്ത് പ്രതിഷേധ യോഗം നടത്തിയ സുഗതനെയും മറ്റും അറസ്്റ്റുചെയ്തു. ഇതേ യോഗത്തില്‍ പ്രസംഗകനായിരുന്ന വി.എസ് അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് പുന്നപ്രയിലെത്തി. അവിടെ പ്രതിഷേധയോഗം സംഘടിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും 'പിടികൊടുക്കരുതെ'ന്ന പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയത്തേക്ക് മാറി. അവിടെ നിന്ന് ജില്ലാ സെക്രട്ടറി സി.എസ് ഗോപാല പിള്ളക്കൊപ്പം പൂഞ്ഞാറിലേക്കുപോയി. രണ്ടാഴ്ചക്കുള്ളില്‍ തന്നെ വീണ്ടും പാര്‍ട്ടി കത്തു വന്നു, തിരിച്ചുചെല്ലാന്‍.

എസ്ഐയുടെ തലവെട്ടി

അപ്പോഴേക്കും ആലപ്പുഴയില്‍ പൊലീസ് നരനായാട്ട് തുടങ്ങിയിരുന്നു. പുന്നപ്ര, കളര്‍കോട് ഭാഗങ്ങളില്‍ അതിക്രമം അതിരൂക്ഷം. ഇതു നേരിടാന്‍ പാര്‍ട്ടി തീരുമാനിച്ചു. യുദ്ധം കഴിഞ്ഞ് പിരിഞ്ഞുവന്ന പട്ടാളക്കാരുടെ നേതൃത്വത്തില്‍ വോളണ്ടിയര്‍ ക്യാമ്പുകള്‍ ആരംഭിച്ചു. പൊലീസ് വെടിവെച്ചാല്‍ ഒഴിയാനും, കമുക് നാലായി കീറിയ വാരിക്കുന്തം കൊണ്ട് തിരിച്ചടിക്കാനുമായിരുന്നു പരിശീലനം. പരിശീലനം മാത്രം പോരെന്നും ആത്മധൈര്യം നല്‍കാന്‍ രാഷ്ട്രീയ ബോധം പകര്‍ന്നു നല്‍കണമെന്നുമുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ആ ചുമതല വി.എസ് അടക്കം ഏതാനും പേര്‍ക്കു നല്‍കി.

ഇതനുസരിച്ച് പുന്നപ്രയില്‍ എത്തിയ വി.എസിന് നാനൂറോളം പേരുള്ള മൂന്നു ക്യാമ്പുകളുടെ ചുമതല നല്‍കി. ക്യാമ്പും പരിശീലനവും തുടരവെ 1946 ഒക്ടോബര്‍ 25ന് തിരുവിതാംകൂര്‍ രാജാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് മേഖലയില്‍ കൂടുതല്‍ പൊലീസ് ക്യാമ്പുകള്‍ തുറന്നു. ജനങ്ങളുടെ സൈ്വരം കെടുത്തുന്ന പൊലീസ് ക്യാമ്പുകള്‍ അവസാനിപ്പിക്കാനാവശ്യപ്പെട്ട് അവിടങ്ങളിലേക്ക് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. 'അമേരിക്കന്‍ മോഡല്‍ അറബക്കടലില്‍' എന്നതായിരുന്നു മുദ്രാവാക്യം. പുന്നപ്രയിലെ പൊലീസ് ക്യാമ്പ് ലക്ഷ്യം വെച്ച് നീങ്ങിയ ഒരു മാര്‍ച്ചില്‍ ഒരു ഭാഗം വരെ വി.എസ് ഉണ്ടായിരുന്നു.

'ഇനിയങ്ങോട്ട് വി.എസ് വേണ്ട, വാറണ്ട് നിലവിലുള്ള സ്ഥിതിക്ക് അറസ്റ്റ് ചെയ്യും'' എന്ന നിര്‍ദേശം വന്നതിനെ തുടര്‍ന്ന് വി.എസ് പ്രദേശത്തുതന്നെ ഒരു തൊഴിലാളിയുടെ വീട്ടിലേക്ക് മാറി. ഇതിനിടെ ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങിയ പ്രക്ഷോഭകരോട് പിരിഞ്ഞുപോകാന്‍ നിര്‍ദേശിച്ച പൊലീസ് മേധാവി, വെടിവെക്കാനും ഉത്തരവിട്ടു. വോളണ്ടിയര്‍മാര്‍ വാരിക്കുന്തവുമായി നിലത്തുകിടന്നു. ശേഷം പൊലീസ് ക്യാമ്പിലലേക്ക് ഇഴഞ്ഞു നീങ്ങി. എസഐയുടെ തല വെട്ടി. എട്ടോളം പൊലീസുകാരെ കൊന്നു. വെടിവെപ്പില്‍ അമ്പതോളം തൊഴിലാളികളെങ്കിലും കൊല്ലപ്പെട്ടു. ചിലര്‍ പൊലീസിന്റെ തോക്കു പിടിച്ചെടുത്തു. ആ തോക്കുമായി സഖാക്കള്‍ വി.എസ്തങ്ങിയ ഇടത്തു വന്നു. അവ ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച് അദ്ദേഹം വീണ്ടും പൂഞ്ഞാറിലേക്ക് മാറി.

കാലില്‍ തുളച്ച ബയണറ്റ്

പൂഞ്ഞാറില്‍ വി.എസിനുവേണ്ടി പൊലീസ് വല വിരിച്ചിരിക്കുകയായിരുന്നു. ഒക്ടോബര്‍ 28ന് പൂഞ്ഞാറില്‍ അറസ്റ്റ് ചെയ്ത വി.എസിനെ പാലാ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാനാരംഭിച്ചു. ആലപ്പുഴയില്‍ നിന്നടക്കമുള്ള സി.ഐ.ഡിമാര്‍ പാലാ സ്റ്റേഷനില്‍ എത്തിയിരുന്നു. ആലപ്പുഴയില്‍നിന്ന്എത്തിയ സ്പെഷല്‍ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇടിയന്‍ നാരയണപിള്ള എന്ന പൊലീസുകാരനും ചേര്‍ന്ന് ചോദ്യം ചെയ്യലും മര്‍ദനവും ആരംഭിച്ചു. 'കെ.വി പത്രോസും കെ.സി ജോര്‍ജും ഇ.എം.എസും എവിടെ'' എന്നു ചോദിച്ചായിരുന്നു മര്‍ദനം.

എത്ര തല്ലിയിട്ടും മറുപടി ഇല്ലാതായതോടെ പീഡന മുറ മാറ്റി. ഒരിക്കലും മറക്കാത്ത ആ മര്‍ദനമുറയെക്കുറിച്ച് വി.എസ് എഴുതുന്നതിങ്ങനെ. 'എന്റെ രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ അവര്‍ പുറത്തെടുത്തു. തുടര്‍ന്ന് ലോക്കപ്പ് അഴികള്‍ക്കു വിലങ്ങനെ രണ്ടുകാലിലുമായി ലാത്തിവെച്ചുകെട്ടി. പിന്നെ കാലിനടിയില്‍ അടി തുടങ്ങി. എത്ര വേദനിച്ചാലും കാലുകള്‍ അകത്തേക്ക് വലിക്കാനാവില്ലല്ലോ. മര്‍ദനങ്ങള്‍ക്കുശേഷം ലോക്കപ്പ് പൂട്ടി. കുറച്ചു പൊലീസുകാര്‍ ലോക്കപ്പിനു പുറത്തും ഞാന്‍ അകത്തും പുറത്തുമല്ല എന്ന അവസ്ഥയിലും. നേതാക്കള്‍ എവിടെയെന്ന ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. അറിയില്ലെന്ന് ഞാനും. അതോടെ ലോക്കപ്പിനുള്ളിലെ പൊലീസുകാര്‍ തോക്കിന്റെ പാത്തി കൊണ്ട് ഇടിച്ചു. ആ സമയം പുറത്തുള്ളവര്‍ കാല്‍പാദങ്ങളില്‍ ചൂരല്‍ കൊണ്ട് അടിച്ചു. ഇതിനിടെ ഒരു പൊലീസുകാരന്‍ തോക്കില്‍ ബയണറ്റ് പിടിപ്പിച്ച് എന്റെ ഉള്ളംകാലില്‍ കുത്തി. കാല്‍പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി. ചോര ഭിത്തിയിലേക്ക് ചീറ്റിത്തെറിച്ചു. എന്റെ ബോധം പോയി. പിന്നീട് കണ്ണു തുറക്കുമ്പോള്‍ പാലാ ആശുപത്രിയിലാണ്'' 'സമരംതന്നെ ജീവിതം' എന്ന ആത്മകഥയില്‍ വി.എസ് പറയുന്നു.

മരിച്ചെന്ന് കരുതിയ വിഎസിനെ കാട്ടിലുപേക്ഷിക്കാനാണ് ആദ്യം പാലീസുകാര്‍ തീരുമാനിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന കള്ളന്മാരെയും ഒപ്പം കൂട്ടി. കാട്ടിലെത്തുമ്പോള്‍ വിഎസിന് നേരിയ ശ്വാസമുണ്ടെന്ന് കള്ളന്‍ കോലപ്പന് മനസ്സിലായി. ജീവനുള്ളയാളെ കാട്ടിലുപേക്ഷിക്കാന്‍ ആവില്ലെന്ന് കോലപ്പന്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് മൃതപ്രായനായ വിഎസിനെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. ബയണറ്റ് തറഞ്ഞു കയറിയ ആ കാല് നിലത്തുകുത്താന്‍ ഒന്‍പത് മാസം വേണ്ടി വന്നു. രാജവാഴ്ചയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഒരു വര്‍ഷം തടവ് ആദ്യം തന്നെ കോടതി വിധിച്ചിരുന്നു. അതുകൊണ്ട് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണരുന്ന പുലരി ജയില്‍ അഴികള്‍ക്കിടയിലൂടെയാണ് വിഎസ് കണ്ടത്.

കാലില്‍ തുളച്ച ഈ ബയണറ്റ് പിന്നീട് വിഎസിനെ കുറിച്ച് എഴുതുമ്പോഴോക്കെ കാല്‍പ്പനികവത്ക്കരിച്ച് കടന്നുവന്നു. സിപിഎം വിഭാഗീയത കൊടുമ്പരി കൊണ്ടുനില്‍ക്കുന്ന സമയത്ത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ ഒരിക്കല്‍ പറഞ്ഞത് 'ആയിരിക്കണക്കിന് പ്രവര്‍ത്തകരുടെ ത്യാഗം കൊണ്ട് വളര്‍ന്നുവന്ന പാര്‍ട്ടിയാണ് ഇത്. അതിനിടയില്‍ നമ്മുടെ കാലിന് കിട്ടിയ ഒരു കുത്തോ മുറിവോ ഒന്നും ഒരു പ്രശ്നമല്ലെന്നും' ആയിരുന്നു.

Tags:    

Similar News