തങ്ങളെ പ്രതിചേര്‍ത്ത സിബിഐ നടപടി 'ആസൂത്രിതമായ അന്വേഷണ'ത്തിന്റെ ഭാഗം; പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല പോലീസും സിബിഐയും നടത്തിയത്; സിബിഐ കുറ്റപത്രം റദ്ദാക്കണം, തുടരന്വേഷണം വേണം; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
തങ്ങളെ പ്രതിചേര്‍ത്ത സിബിഐ നടപടി 'ആസൂത്രിതമായ അന്വേഷണ'ത്തിന്റെ ഭാഗം
കൊച്ചി: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ മാതാപിതാക്കള്‍ക്കെതിരെയാണ് സിബിഐയുടെ കണ്ടെത്തലുകള്‍. രണ്ട് പെണ്‍കുട്ടികളെയും മരണത്തിലേക്ക് തള്ളിവിട്ടതില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കാണ സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ വീട്ടില്‍ സുരക്ഷിത സാഹചര്യത്തില്‍ ആയിരുന്നില്ലെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഇത് കേസിലെ ഇതുവരെയുള്ള നരേറ്റീവുകള്‍ക്ക് വിരുദ്ധമായിരുന്നു. നടുക്കുന്ന വിവരങ്ങളാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതോടെയാണ് കേസില്‍ മാതാപിതാക്കളെയും പ്രതിചേര്‍ത്തത്.
ഇപ്പോഴിതാ തങ്ങളെയും പ്രതിചേര്‍ത്ത സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ ഇരുവരേയും പ്രതി ചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി. സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിക്കായി കേസ് ഏപ്രില്‍ ഒന്നിലേക്ക് മാറ്റി.
പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ആറു കേസുകളിലാണ് മാതാപിതാക്കളെ പ്രതിചേര്‍ത്തത്. കുറ്റപത്രം എറണാകുളം പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയിലാണ്. പതിമൂന്നും ഒന്‍പതും വയസുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടും ഇത് മറച്ചു വയ്ക്കുകയും അതുവഴി പീഡിപ്പിക്കാന്‍ ഒത്താശ ചെയ്യുകയും ചെയ്തു എന്നാണ് മാതാപിതാക്കള്‍ക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്. ലൈംഗിക പീഡനത്തെ തുടര്‍ന്നുള്ള മാനസിക പീഡനം മൂലം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സിബിഐ കുറ്റപത്രം പറയുന്നു.
എന്നാല്‍ തങ്ങളെ പ്രതിചേര്‍ത്ത സിബിഐ നടപടി 'ആസൂത്രിതമായ അന്വേഷണ'ത്തിന്റെ ഭാഗമാണെന്ന് മാതാപിതാക്കളുടെ ഹര്‍ജിയില്‍ പറയുന്നു. പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല തുടക്കത്തില്‍ അന്വേഷിച്ച പൊലീസും പിന്നീട് സിബിഐയും നടത്തിയത്. പ്രോസിക്യൂഷന്റെ കഴിവുകേടു കൊണ്ടാണ് വിചാരണ കോടതി ആദ്യം പ്രതികളെ വെറുതെ വിട്ടത്. പിന്നീട് ഹൈക്കോടതി ഇത് റദ്ദാക്കുകയും തുടരന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ ഇത് കോടതി അനുവദിച്ചിരുന്നു. എന്നാല്‍ ആദ്യം സമര്‍പ്പിച്ച കുറ്റപത്രം തള്ളി തുടരന്വേഷണം നടത്താന്‍ കോടതി സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. ഈ കുറ്റപത്രത്തിലാണ് ഒരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ നിരത്തി തങ്ങളേയും പ്രതിയാക്കിയിരിക്കുന്നത് എന്ന് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന 3 പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെ കുറിച്ചും അന്വേഷണം നടത്തിയില്ല എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹര്‍ജിക്കാരായ തങ്ങളെ പ്രതികളാക്കിയത് യുക്തിസഹമായ കാരണങ്ങള്‍ ഇല്ലാതെയാണ്. അന്വേഷണ ഏജന്‍സി കേസ് ആത്മഹത്യാ കേസായി എഴുതിത്തള്ളാനുള്ള ശ്രമമാണ് നടത്തുന്നത്. സിബിഐ നടത്തിയ തുടരന്വേഷണം പക്ഷപാതപരമാണ്. ഔദ്യോഗിക അധികാരത്തിന്റെ ദുരുപയോഗം നടന്നു. മരണം എങ്ങനെ സംഭവിച്ചു എന്നതു സംബന്ധിച്ചു അന്വേഷണ ഏജന്‍സിക്ക് യാതൊരു നിഗമനവുമില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കുട്ടികളുടെ മരണം കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നു ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. കേസിലെ പ്രതികളായ പ്രദീപ്, കുട്ടി മധു എന്ന മധു, പ്രതിയെന്നു സംശയിക്കപ്പെടുന്ന ജോണ്‍ പ്രവീണ്‍ എന്നിവരുടെ സംശയാസ്പദമായ മരണങ്ങളില്‍ ഇതുവരെ ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്നും മാതാപിതാക്കള്‍ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ അന്വേഷണം നടത്തിയ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് മാതാപിതാക്കളെ പ്രതികളാക്കി കൊച്ചി സിബിഐ കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കു പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തല്‍. ആത്മഹത്യാ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡന വിവരം അറിഞ്ഞിട്ടും അതു മറച്ചുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരെ ചുമത്തിയത്.