വഖഫ് ഭേദഗതി ബില്‍ നിയമമായി; ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ല് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി; രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചു; ബില്ല് പാസായത് 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍

Update: 2025-04-06 00:49 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഇരു സഭകളും പാസാക്കിയ വഖഫ് ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചു. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ വിവാദങ്ങള്‍ക്കൊടുവില്‍ വഖഫ് ഭേദഗതി ബില്‍ നിയമമായി. പിന്നാലെ ബില്ല് വിജ്ഞാപനമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. മുസ്ലീം ലീഗിലെ അഞ്ച് എംപിമാര്‍ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇതെല്ലാം നിരാകരിച്ചുകൊണ്ടാണ് രാഷ്ട്രപതി ഒപ്പുവെച്ചിരിക്കുന്നത്. അതേസമയം ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ അറിയിച്ചിരുന്നു.

14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു രാജ്യസഭയില്‍ ബില്‍ പാസാക്കിയത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ചും, 95 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. രാജ്യസഭയില്‍ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ബില്ല് 'മുസ്ലീം വിരുദ്ധമാണെന്നും, ഭരണഘടനാ വിരുദ്ധമാണെന്നും അവര്‍ വാദിച്ചിരുന്നു.

എന്നാല്‍ 'ചരിത്രപരമായ പരിഷ്‌കാര'മാണ് ഇതെന്നും, ന്യൂനപക്ഷ സമൂഹത്തിന് അത് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ചും, 95 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. നിലവിലുള്ള നിയമത്തില്‍ 40ഓളം ഭേദഗതികളാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. വഖഫ് നിയമത്തില്‍ നിന്ന് നിരവധി വകുപ്പുകള്‍ റദ്ദാക്കാനും പുതിയ ബില്‍ നിര്‍ദേശിക്കുന്നു. പുതിയ ഭേദഗതി വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വഖഫ് ബോര്‍ഡുകളുടെ ഏകപക്ഷീയമായ അധികാരം കുറയ്ക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവിലുള്ള വഖഫ് നിയമത്തിലെ സെഷന്‍ 40, നിര്‍ബന്ധിത പരിശോധന കൂടാതെ സ്വത്തുകള്‍ പരിശോധിച്ച് വഖഫ് സ്വത്തായി നിശ്ചയിക്കാന്‍ ബോര്‍ഡുകള്‍ക്ക് അവകാശം നല്‍കുന്നു. എന്നാല്‍ പുതിയ ഭേദഗതി 40ാം വകുപ്പ് പൂര്‍ണാമയും ഒഴിവാക്കി സ്വത്ത് നിര്‍ണയിക്കാനുള്ള പൂര്‍ണ അധികാരം ജില്ലാ കളക്ടര്‍ക്ക് കൈമാറുകയാണ്. നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍, വലിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്ന വിമര്‍ശനമാണ് മുസ്ലീം നേതാക്കള്‍ ഉള്‍പ്പെടെ ഉന്നയിക്കുന്നത്. എന്നാല്‍ വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ ഉത്തരവാദിത്തവും സുതാര്യതയും വര്‍ധിപ്പിക്കുകയും ഈ സമിതികളില്‍ സ്ത്രീകളെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഭേദഗതി ബില്ലിന് പിന്നിലെ ആശയമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മുസ്ലീം സമുദായത്തിനുള്ളില്‍ നിന്നുള്ള ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഈ മാറ്റങ്ങളെന്നുള്ള ന്യായീകരണവും കേന്ദ്രം ഉയര്‍ത്തുന്നുണ്ട്.

Tags:    

Similar News