പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ നിക്ഷേപിച്ചത് 14 ലക്ഷം; ക്രമക്കേടില്‍ പണം കിട്ടാതെ വഞ്ചിതനായതോടെ ചെക്ക് കേസില്‍ അഴിയെണ്ണേണ്ടി വന്നു; ബ്രഹ്‌മഗിരി സൊസൈറ്റി തട്ടിപ്പില്‍ ആത്മഹത്യ ഭീഷണി മുഴക്കി സിപിഎം പ്രവര്‍ത്തകന്‍ നൗഷാദ്; വയനാട്ടില്‍ നിരവധി പേര്‍ വഴിയാധാരമായെന്നും സിപിഎം കൊലയ്ക്ക് കൊടുക്കരുതെന്നും ടി സിദ്ധിക്ക് എം എല്‍ എ

ബ്രഹ്‌മഗിരി സൊസൈറ്റി തട്ടിപ്പ്: നിക്ഷേപകര്‍ വഴിയാധാരമായി

Update: 2025-09-30 07:22 GMT

വയനാട്: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നിക്ഷേപം നടത്തി വഞ്ചിതരായ നൂറുകണക്കിന് നിക്ഷേപകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. 14 ലക്ഷം രൂപ നിക്ഷേപിച്ച് കടക്കെണിയിലായ സിപിഎം പ്രവര്‍ത്തകന്‍ വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് ആത്മഹത്യ ചെയ്യുമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്.

സംസ്ഥാന ക്ഷീരവകുപ്പിന്റെ സഹകരണത്തോടെ മാംസ സംസ്‌കരണ ഫാക്ടറി ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയിരുന്ന ബ്രഹ്‌മഗിരിയില്‍, സിപിഎം നേതാക്കള്‍ 600 ഓളം പേരില്‍ നിന്നായി ഏകദേശം 70 കോടി രൂപയാണ് പിരിച്ചെടുത്തത്. 2013 മുതല്‍ പ്രവര്‍ത്തനങ്ങളില്‍ താളം തെറ്റിയ സൊസൈറ്റി 2022 ഓടെ പൂര്‍ണമായും തകരുകയായിരുന്നു. നിക്ഷേപം നടത്തിയ കുടുംബങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട് കടക്കെണിയിലായി.

പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദം മൂലം 14 ലക്ഷം രൂപ നിക്ഷേപിച്ചതായി പറയപ്പെടുന്ന നൗഷാദ് എന്ന പ്രവര്‍ത്തകന്‍, മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും അയച്ച കത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബ്രഹ്‌മഗിരിയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അതിനെക്കുറിച്ച് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. ജീവനക്കാരനായിരുന്ന തനിക്ക് പോലും പണം തിരികെ ലഭിച്ചില്ലെന്ന് നൗഷാദിന്റെ കത്ത് സൂചിപ്പിക്കുന്നു.

2013ന് ശേഷം പതിയെ തകര്‍ച്ചയിലേക്ക് പോയ ബ്രഹ്‌മഗിരി 2022 ഓടെ പൂര്‍ണമായും തകര്‍ന്നു. പലരെയും പോലെ നൗഷാദും പണം തരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും അത് പരിഗണിക്കപ്പെട്ടില്ല. സൊസൈറ്റിയുടെ തകര്‍ച്ചയ്ക്ക് കാരണം പ്രവര്‍ത്തനത്തിലെ പാളിച്ചകളാണെന്ന് നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും, വന്‍തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളാണ് ഇതിന് പിന്നിലെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ബ്രഹ്‌മഗിരിയിലെ വഞ്ചനയില്‍ പണമില്ലാതായതോടെ ഒരു സുഹൃത്തിന് കൊടുത്ത ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് നൗഷാദിനെ ജയിലില്‍ വാസം വരെ അനുഭവിക്കേണ്ടി വന്നു.

ബ്രഹ്‌മഗിരി അഴിമതി കാരണം വഴിയാധാരമായ നിരവധി പേരാണ് വയനാട്ടില്‍ ആത്മഹത്യാ വക്കില്‍ നില്‍ക്കുന്നതെന്ന് ടി സിദ്ധിക്ക് എം എല്‍ എ പ്രതികരിച്ചു. വയനാട്ടില്‍ സിപിഎം ആളുകളെ കൊലയ്ക്ക് കൊടുക്കരുതെന്ന് സിദ്ധിക്ക് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


Tags:    

Similar News