സര്‍ക്കാറിന്റെ സീല്‍ഡ് കവറുകള്‍ തുറന്നു നോക്കിയില്ല; വെളിപ്പെടുത്താത്ത വിവരങ്ങള്‍ ഉപയോഗിച്ച് ഭരണ നിഷ്‌ക്രിയത്വത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ട്രിബ്യൂണല്‍; 'മാന്‍ജമസ് റിട്ടില്‍' ചര്‍ച്ചയാകുന്നത് ഒട്ടും നീതീകരിക്കാന്‍ കഴിയാത്ത അന്യായത്തെ; സെന്‍കുമാറിനെ പോലെ യോഗേഷ് ഗുപ്തയും; പിണറായി സര്‍ക്കാരിന് 'കാറ്റില്‍' നേരിട്ടത് വമ്പന്‍ തിരിച്ചടി
കൊച്ചി: മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വിജിലന്‍സ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറുന്നതില്‍ മനഃപൂര്‍വം കാലതാമസം വരുത്തിയ കേരള സര്‍ക്കാരിന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്നുണ്ടായത് രൂക്ഷ വിമര്‍ശനം. അഞ്ച് ദിവസത്തിനുള്ളില്‍ എന്‍ഒസി കൈമാറാന്‍ ചീഫ് സെക്രട്ടറി ഡോ.ജയതിലകിന് കടുത്ത ഭാഷയില്‍ എറണാകുളം ബഞ്ച് നിര്‍ദ്ദേശം നല്‍കി. ഡിജിപി റാങ്കുള്ള യോഗേഷ് ഗുപ്ത ഐ.പി.എസ്. (1993 ബാച്ച്) സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ച ട്രിബ്യൂണല്‍, അദ്ദേഹത്തിന്റെ വിജിലന്‍സ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറാന്‍ ഉത്തരവിട്ടു. കേന്ദ്രത്തിന്റെ നിരവധി ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടായിട്ടും ലളിതമായ ഒരു വസ്തുതാപരമായ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സംസ്ഥാനം വരുത്തിയ അഞ്ച് മാസത്തെ കാലതാമസം 'ഒട്ടും നീതീകരിക്കാന്‍ കഴിയാത്തത്' ആണെന്നും ട്രിബ്യൂണല്‍ വിധിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ റിസര്‍വിന് കീഴിലുള്ള കേന്ദ്ര തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ പാനല്‍ ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം വിജിലന്‍സ് പ്രൊഫൈലുകള്‍ ആവശ്യപ്പെട്ടതാണ് കേസിന് ആധാരം. സ്റ്റേറ്റ് പോലീസ് മേധാവി 2025 മെയ് 6-ന് തന്നെ യോഗേഷ് ഗുപ്തയുടെ വിജിലന്‍സ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കി കൈമാറിയെങ്കിലും, ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഒരു വിശദീകരണവും കൂടാതെ മാസങ്ങളോളം അത് പൂഴ്ത്തിവെച്ചു. ഏപ്രില്‍ 28 മുതല്‍ ജൂണ്‍ 18 വരെയുള്ള തീയതികളില്‍ ആഭ്യന്തര മന്ത്രാലയം അയച്ച തുടര്‍ച്ചയായ ഔദ്യോഗിക ഇ-മെയിലുകളോട് പോലും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചില്ല.
റിപ്പോര്‍ട്ട് തടഞ്ഞുവെച്ചതിന് നിയമപരമായ ന്യായീകരണമില്ല. പഴയ വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥനെതിരെ 'പ്രാഥമിക അന്വേഷണം' നിലവിലുണ്ടെന്ന് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിഷ്‌ക്രിയത്വത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ട്രിബ്യൂണല്‍ ഇത് അംഗീകരിച്ചില്ല. കേന്ദ്രത്തിന് വേണ്ടിയിരുന്നത് കേവലം 13 ഇനങ്ങള്‍ അടങ്ങിയ വസ്തുതാപരമായ പ്രോഫോര്‍മ മാത്രമാണ്. അതായത്, ഏതെങ്കിലും പരാതികളോ നടപടികളോ നിലവിലുണ്ടോ എന്ന് വെളിപ്പെടുത്താന്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ; 'വിജിലന്‍സ് ക്ലിയറന്‍സ്' സര്‍ട്ടിഫിക്കറ്റ് ആയിരുന്നില്ല. ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 2025 മെയ് മുതല്‍ ചീഫ് സെക്രട്ടറി ഡോ.ജയതിലകിന്റെ കൈവശമുണ്ടായിരുന്നു. എന്നിട്ടും റിപ്പോര്‍ട്ട് കൈമാറാത്തതിന് നിയമപരമോ ഭരണപരമോ ആയ ഒരു കാരണവും ഇല്ല. കേസില്‍ സംസ്ഥാനം നല്‍കിയ എതിര്‍ സത്യവാങ്മൂലങ്ങള്‍ അവ്യക്തമായിരുന്നുവെന്ന വിലയിരുത്തലുമുണ്ടായി.
ആരോപിക്കപ്പെടുന്ന അന്വേഷണത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ പോലും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഭരണപരമായ വിധിന്യായങ്ങളില്‍ സീല്‍ഡ് കവറുകളും രഹസ്യ രേഖകളും ഉപയോഗിക്കുന്നത് തള്ളിക്കളഞ്ഞ സുപ്രീം കോടതിയുടെ സമീപകാല വിധികളും (കമാന്‍ഡര്‍ അമിത് കുമാര്‍ ശര്‍മ്മ -യൂണിയന്‍ ഓഫ് ഇന്ത്യ, ടി. തകാനോ- സെബി എന്നിവ) ട്രിബ്യൂണല്‍ ഈ അവസരത്തില്‍ എടുത്തുപറഞ്ഞു. വെളിപ്പെടുത്താത്ത വിവരങ്ങള്‍ ഉപയോഗിച്ച് ഭരണപരമായ നിഷ്‌ക്രിയത്വത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ട്രിബ്യൂണല്‍ അടിവരയിട്ടു. ഇത് പ്രകാരം, സംസ്ഥാനം സമര്‍പ്പിച്ച സീല്‍ഡ് കവറുകള്‍ പരിശോധിക്കാന്‍ പോലും ബെഞ്ച് തയ്യാറായില്ല.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പോലീസ് മേധാവിയായിരുന്ന ടിപി സെന്‍കുമാറിനെ അന്യായമായി മാറ്റിയിരുന്നു. ഇതില്‍ സുപ്രീംകോടതിയില്‍ വരെ സെന്‍കുമാര്‍ നിയമ പോരാട്ടം നടത്തി. ഒടുവില്‍ കസേരയില്‍ തിരിച്ചെത്തി. സമാനമായ നിയമ വിജയമാണ് ഡിജിപി കൂടിയായ യോഗേഷ് ഗുപ്തയ്ക്കും ഉണ്ടാകുന്നത്.
ചീഫ് സെക്രട്ടറിക്കെതിരെ മാന്‍ഡമസ് റിട്ട്
യോഗേഷ് ഗുപ്ത കേസില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍സ് ആക്റ്റിലെ സെക്ഷന്‍ 19 പ്രകാരം അധികാരം ഉപയോഗിച്ച്, വിജിലന്‍സ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് അഞ്ചു ദിവസത്തിനകം കൈമാറാന്‍ ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും ട്രിബ്യൂണല്‍ മാന്‍ഡമസ് റിട്ട് പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥന്റെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ സാധ്യതകള്‍ക്ക് കോട്ടം വരുത്തിയ ഈ 'അമിതമായ കാലതാമസം' ഒരു ഗൗരവമായ വിഷയമാണെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഭരണതലത്തിലെ പ്രതികാര നടപടി തുറന്നുകാട്ടി സംസ്ഥാന ഭരണത്തിന്റെ ഉന്നത തലത്തിലുള്ള ബ്യൂറോക്രാറ്റിക് തടസ്സവാദമാണ് ഈ വിധി തുറന്നുകാട്ടുന്നത്. വിഷയം 'അത്യന്തം അടിയന്തിരമായി' കണക്കാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടും, സംസ്ഥാനം ഇത് പാലിക്കാന്‍ തയ്യാറായില്ല. മാത്രമല്ല, 'രഹസ്യാത്മകത' ചൂണ്ടിക്കാട്ടി വിവരാവകാശ നിയമപ്രകാരം പോലും അടിസ്ഥാന വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു.
സ്റ്റേറ്റ് പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഇതേ വിവരങ്ങള്‍ യു.പി.എസ്.സിക്ക് നല്‍കിയിരുന്നു എന്നതിനാല്‍ ഈ രഹസ്യാത്മകതാ വാദം നിലനില്‍ക്കില്ലെന്നും ട്രിബ്യൂണല്‍ കണ്ടെത്തി. ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ വൈകിപ്പിക്കാനോ അട്ടിമറിക്കാനോ ഭരണപരമായ പ്രക്രിയകള്‍ ദുരുപയോഗം ചെയ്യുന്നത്, പലപ്പോഴും രാഷ്ട്രീയ നിയന്ത്രണത്തിന്റെയും വ്യക്തിപരമായ പ്രതികാര നടപടികളുടെയും ഭാഗമായി കാണാറുണ്ട്. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ ചീഫ് സെക്രട്ടറിയെ നിര്‍ബന്ധിച്ചതിലൂടെ, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇപ്രകാരം ട്രൈബ്യൂണലിന്റെ വിമര്‍ശനത്തിന് വിധേയമാകുന്ന ആദ്യ ചീഫ് സെക്രട്ടറി ആയി ഡോ.ജയതിലക് മാറിയെന്നും വിലയിരുത്തലുണ്ട്.
ഡിജിപി യോഗേഷ് ഗുപ്തയുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വിജിലന്‍സ് ക്ലിയറന്‍സ് അനിവാര്യമായിരുന്നു. എന്നാല്‍, ഇത് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച കാലതാമസം ട്രിബ്യൂണലിന്റെ ഇടപെടലിലേക്ക് നയിച്ചു. ഈ വിഷയത്തില്‍ ഡിജിപി യോഗേഷ് ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ട്രിബ്യൂണല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാന്‍ വിമുഖത കാണിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നേരിട്ട് ഇടപെട്ടത്. കഴിഞ്ഞ ദിവസം, ഡിജിപി യോഗേഷ് ഗുപ്തയ്ക്കെതിരെ സര്‍ക്കാര്‍ വീണ്ടും പ്രതികാര നടപടി സ്വീകരിച്ചിരുന്നു. അഗ്നിരക്ഷാ സേനാ മേധാവിയായ യോഗേഷ് ഗുപ്തയെ റോഡ് സുരക്ഷാ കമ്മിഷണറായി മാറ്റി നിയമിച്ചു. റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാളിനെയാണ് പുതിയ അഗ്നിരക്ഷാസേനാ മേധാവിയാക്കിയത്.
യോഗേഷ് ഗുപ്തയ്ക്കു കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിടിച്ചുവച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു നല്‍കിയ വിവരാവകാശ അപേക്ഷയും സര്‍ക്കാര്‍ തള്ളി. സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരിലൊരാള്‍, താന്‍ കൂടി ഭാഗമായ പൊലീസ് വകുപ്പില്‍ തന്റെ പേരിലുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴാണ് 'രഹസ്യമായതിനാല്‍ നല്‍കാനാകില്ല' എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രം ആവശ്യപ്പെട്ടപ്രകാരം യോഗേഷുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിജിലന്‍സ് വകുപ്പ് തയാറാക്കി സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയിരുന്നു. ഇത് അദ്ദേഹം ചീഫ് സെക്രട്ടറിക്കു നല്‍കിയെങ്കിലും സംസ്ഥാനം അതു കേന്ദ്രത്തിനു കൈമാറാതെ പിടിച്ചുവച്ചു. ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഉദ്യോഗസ്ഥനു ജൂണ്‍ 19നാണ് യോഗേഷ് അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ തള്ളുകയായിരുന്നു.