നിങ്ങള്‍ക്ക് ബംഗ്ലാദേശിലെ സാഹചര്യം അറിയില്ലേ?; വഖഫ് ഭേദഗതിയില്‍ ഇത്രതിടുക്കം കാണിച്ചത് ആർക്ക് വേണ്ടി?; ബംഗ്ലാദേശികൾ നുഴഞ്ഞുകയറിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി കേന്ദ്രമാണ്; കാരണം അതിർത്തി സംരക്ഷിക്കേണ്ടത് ബിഎസ്എഫ് ആണ്; ഇതൊക്കെ ആസൂത്രണം ചെയ്തതാണ്; മുര്‍ഷിദാബാദിലെ സംഘർഷങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി മമത; ന്യായികരിച്ച് മറുപടി!

Update: 2025-04-16 13:28 GMT

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധപ്രകടനങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് മുര്‍ഷിദാബാദ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. മൂന്നുപേര്‍ കൊല്ലപ്പെട്ടു. അക്രമവുമായി ബന്ധപ്പെട്ട് 150 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുതി, ധുലിയാന്‍, സംസേര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവയാണ് അക്രമബാധിത പ്രദേശങ്ങള്‍. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്നും ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സംസ്ഥാന പോലീസ് വ്യക്തമാക്കി.

അതിനിടെ, വഖഫ് നിയമത്തിനെതിരേയുണ്ടായ പ്രതിഷേധപ്രകടനങ്ങൾക്ക് പിന്നാലെ മുര്‍ഷിദാബാദിൽ ഉണ്ടായ സംഭവങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുറന്നടിച്ചു. അതിര്‍ത്തികള്‍ സംരക്ഷിക്കുക എന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ല. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനായി പുറത്തുനിന്ന് ബിജെപിക്കാരെ അനുവദിച്ചത് എന്തിനാണെന്ന് മമത ചോദിക്കുന്നു. മുസ്ലിം പുരോഹിതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മമതയുടെ പ്രതികരണം.

മമതാ ബാനര്‍ജിയുടെ വാക്കുകൾ...

'കേന്ദസര്‍ക്കാര്‍ എന്തിനാണ് വഖഫ് ഭേദഗതിയില്‍ ഇത്രതിടുക്കം കാണിച്ചത്? നിങ്ങള്‍ക്ക് ബംഗ്ലാദേശിലെ സാഹചര്യം അറിയില്ലേ? ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ബംഗാള്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. സംഘർഷങ്ങളിൽ ബംഗ്ലാദേശിന് പങ്കുണ്ടെന്ന തരത്തിലുള്ള ഒരു ട്വീറ്റ് ഞാന്‍ കണ്ടു. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ളതാണത്. അങ്ങനെയാണെങ്കില്‍ കേന്ദ്രസര്‍ക്കാരാണ് ഇതിന് ഉത്തരവാദികള്‍. കാരണം ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് അതിര്‍ത്തിസംരക്ഷിക്കുന്നത്. അതിര്‍ത്തികള്‍ സംരക്ഷിക്കുക എന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ല. അവര്‍ എന്തിനാണ് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനായി പുറത്തുനിന്ന് ബിജെപിക്കാരെ അനുവദിച്ചത്? ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്.' മമതാ ബാനര്‍ജി പറയുന്നു.

മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ മന്ത്രാലയം സംസ്ഥാനവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം ബംഗാളിലെ സംഘർഷമണഞ്ഞിട്ടില്ല. മുർഷിദാബാദിന് പിന്നാലെ 24 സൗത്ത് പർഗാനസിലും സംഘർഷമുണ്ടായി. രണ്ടിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രത തുടരുകയാണ്. മുർഷിദാബാദിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷം വ്യാപിക്കാതെയിരിക്കാൻ മാൾഡ ഉൾപ്പെടെ സ്ഥലങ്ങളിലേക്ക് ഇന്റർനെറ്റ് നിരോധനം നീട്ടി.മുർഷിദാബാദിൽ കേന്ദ്രസേനയെത്തിയതോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്.മതത്തിന്റെ പേരിൽ അക്രമങ്ങൾ പാടില്ലെന്നും നിയമം കൈയിലെടുക്കരുതെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതിനിടെ സംഘർഷത്തിൽ ടി.എം.സി ബി.ജെ.പി പോര് രൂക്ഷമാകുകയാണ്. സംഘർഷങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നും തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് ശ്രമമെന്നും തൃണമൂൽ വക്താവ് കുണാൽ ഘോഷ് ആരോപിച്ചു. അതേസമയം പൊലീസ് തൃണമൂൽ പ്രവർത്തകരെ പോലെ പെരുമാറുകയാണെന്നും ഹിന്ദുകൾക്ക് എതിരെ ആക്രമം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.

Tags:    

Similar News