ചൈന കനിഞ്ഞുനല്‍കിയ എച്ച്ക്യു-9 പി വ്യോമ പ്രതിരോധ സംവിധാനം ആര്‍ക്കും ഭേദിക്കാനാവാത്തത് എന്ന് വീമ്പ് മുഴക്കിയ പാക് ജനറല്‍മാരെല്ലാം ഓടിയൊളിച്ചു; ഇന്ത്യയുടെ ഇസ്രയേല്‍ നിര്‍മ്മിത ഹാരോപ്പ് ഡ്രോണ്‍ ലാഹോറിലെ വ്യോമ പ്രതിരോധ റഡാറിനെ തകര്‍ത്തതോടെ ആകെ ഭീതി; ചൈനയ്ക്ക് പോലും പാക്കിസ്ഥാനെ രക്ഷിക്കാനായില്ലെന്ന് മുറവിളി

ചൈനയ്ക്ക് പോലും പാക്കിസ്ഥാനെ രക്ഷിക്കാനായില്ലെന്ന് മുറവിളി

Update: 2025-05-08 12:13 GMT

ന്യൂഡല്‍ഹി: രാത്രിയുടെ മറവില്‍ ഇന്ത്യയെ വിറപ്പിക്കാമെന്ന് വ്യാമോഹിച്ച് പാക് സേന അയച്ച ഡ്രോണുകളെയും മിസൈലുകളെയും ഇന്ത്യ തകര്‍ത്തെന്ന് മാത്രമല്ല, ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനത്തെയും മുച്ചൂടും തകര്‍ത്തു. ഇതോടെ, പാക്കിസ്ഥാന്റെ വാണിജ്യ ഹബ്ബായ ലാഹോര്‍ തീര്‍ത്തും സുരക്ഷിതമല്ലാതായി. 9 ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാനാണ് ഇന്നലെ അര്‍ദ്ധരാത്രി വിവിധ നഗരങ്ങളിലെ 15 സൈനിക കേന്ദ്രങ്ങള്‍ ലാക്കാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടത്. എന്നാല്‍ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം കൊണ്ട് ഈ മിസൈലുകളെയും ഡ്രോണുകളെയും നിര്‍വീര്യമാക്കി സൈനിക കേന്ദ്രങ്ങളെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ഇന്ത്യ സംരക്ഷിച്ചു.

സമഗ്രമായ ഒരു വ്യോമ പ്രതിരോധ സംവിധാനത്തിന് പിടിപ്പത് പണിയാണ്. മിസൈലുകളെയും ഡ്രോണുകളെയും വിദൂരത്ത് നിന്ന് തിരിച്ചറിയുകയും തേടി പിടിക്കുകയും, തടയുകയും നശിപ്പിക്കുകയും എല്ലാം വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പണിയാണ്. റഡാറുകള്‍, കമാന്‍ഡ് സെന്ററുകള്‍, മിസൈല്‍ സംവിധാനം, അങ്ങനെയൊരു കൂട്ടായ്മയാണ് വ്യോമ പ്രതിരോധ സംവിധാനമെന്ന് പറയാം. ഇസ്രയേലിന്റെ അയണ്‍ ഡോമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തം. ഇന്ത്യക്ക് സുദര്‍ശന ചക്രം എന്നറിയപ്പെടുന്ന എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനമാണുള്ളത്.




ചൈനയ്ക്കും രക്ഷിക്കാനായില്ല പാക്കിസ്ഥാനെ

പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന വ്യോമ പ്രതിരോധ സംവിധാനം ചൈനയുടെ എച്ച്ക്യു വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വകഭേദമാണ്. പാക്കിസ്ഥാന്റെ ആവശ്യങ്ങള്‍ക്കായി മാറ്റിയെടുത്ത വകഭേദം എച്ച്ക്യു-9 പി എന്നറിയപ്പെടുന്നു. പി എന്നാല്‍ പാക്കിസ്ഥാന്‍. 2019ല്‍ ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണം പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലെ ദുര്‍ബലതകള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ചൈനയുടെ നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

2024 ലെ പാക്കിസ്ഥാന്‍ ഡേ പരേഡിലാണ് ദീര്‍ഘദൂര ഭൂതല-വ്യോമ മിസൈല്‍ സംവിധാനം ആദ്യമായി പൊതുജന മധ്യേ പ്രദര്‍ശിപ്പിച്ചത്. ചൈന വിതരണം ചെയ്ത് എച്ച്ക്യു -9 പി സേനയില്‍ കമ്മീഷന്‍ ചെയ്തത് 2021 ലാണ്. 125 കിലോമീറ്ററാണ് പരിധി. യഥാര്‍ഥ ചൈനീസ് എച്ച്ക്യു-9 വിന്റെ 250 കിലോമീറ്റര്‍ ദൂരപരിധി എച്ച്ക്യു -9 പിക്ക് ഇല്ലെന്ന് ചുരുക്കം.

നിലവില്‍ പാക്കിസ്ഥാന് എച്ച്ക്യു-9 പി, എച്ച്ക്യു-9 ബിഇ, എഫ്ഡി-2000, എച്ച്ക്യു-16 എഫ്ഇ എന്നിങ്ങനെ പുതിയ വകഭേദങ്ങളും പഴയമട്ടിലുളള എല്‍വൈ-80, എഫ്എം -90യും ശേഖരത്തിലുള്ളത്. വിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, 100 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് വരുന്ന മറ്റായുധങ്ങള്‍ എന്നിവയെ ഒറ്റ ഷോട്ടില്‍ തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് എച്ച്ക്യു-9 പി എന്നാണ് അവകാശവാദം.

ചൈനയാണ് പാക്കിസ്ഥാന്റെ മുഖ്യ ആയുധവിതരണക്കാര്‍. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് വേണ്ടി ചൈന പാക്കിസ്ഥാനില്‍ നല്ല രീതിയില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ട്. ചൈന കൊടുത്ത മധ്യദൂര എച്ച്ക്യു 16 എ വ്യോമ പ്രതിരോധ സംവിധാനവും പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് 40 കിലോമീറ്റാണ് ദൂരപരിധി. അതേസമയം, ഇന്ത്യയുടെ റഷ്യന്‍ നിര്‍മ്മിത എസ് 400 ലോകത്തെ ഏറ്റവും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമാണ്. 600 കിലോമീറ്റര്‍ അകലെയുളള ലക്ഷ്യങ്ങളെ തിരിച്ചറിയാനാകും. 400 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന ഭീഷണികളെ ചെറുക്കുകയും ചെയ്യും. പഞ്ചാബ്, ജമ്മു-കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഇവ വിന്യസിച്ചിരിക്കുന്നത്.

വീമ്പടി തീര്‍ന്നു

ചൈനയുടെ എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനം ആര്‍ക്കും ഭേദിക്കാനാവാത്തത് എന്നാണ് മുന്‍ പാക് സേനാ മേധാവി ജന.ഖമര്‍ ജാവേദ് ബജ്വ അവകാശപ്പെടുന്നത്. എന്നാല്‍, വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ തിരിച്ചടിയില്‍ ഹാരോപ്പ് ഡ്രോണുകള്‍ ഉപയോഗിച്ച് ചൈനയുടെ എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും ലാഹോറിനെ പ്രതിരോധ രഹിതമാക്കുകയും ചെയ്തു.




റഡാര്‍ സംവിധാനങ്ങളെ തകര്‍ക്കാനായി രൂപകല്‍പ്പന ചെയ്തതാണ് ഹാര്‍പി ഡ്രോണുകള്‍. ഹാര്‍പിയുടെ വകഭേദമാണ് ഹാരോപ്പ് ഡ്രോണുകള്‍. റേഡിയെ ഫ്രീക്വന്‍സി സീക്കറിന് പകരം ഇലക്രോ-ഒപ്റ്റിക്കല്‍ സെന്‍സാണ് ഹാരോപ് ഉപയോഗിക്കുന്നത് എന്നതാണ് വ്യത്യാസം.


ഇതോടെ ഇതൊരു വിവിധോദ്ദേശ്യ ആക്രമണ ആയുധമായി മാറിയിരിക്കുകയാണ്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയാണ് ഹാരോപ്പിന്റെ ജോലി. ആ ജോലി നല്ല അച്ചട്ടായി ചെയ്തതോടെ ലാഹോറുകാര്‍ ഇപ്പോള്‍ ഭയപ്പാടോടെ കഴിയുകയാണ്.

Tags:    

Similar News