കേരളത്തിനായി കേന്ദ്രം മുമ്പോട്ട് വയ്ക്കുന്നത് അതിവേഗ റെയില്‍ ഗതാഗത സംവിധാനമായ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം; ഖട്ടറിന്റെ ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ എത്തും; ലോകത്തെ ഏറ്റവും നീളംകൂടിയ ലീനിയര്‍ സിറ്റിയായി കേരളം മാറുമോ? വീണ്ടും 'സില്‍വര്‍ ലൈന്‍' ചര്‍ച്ച
കൊച്ചി: കേരളത്തിന് പുതിയ പ്രതീക്ഷ. അതിവേഗ റെയില്‍ ഗതാഗത സംവിധാനമായ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) നടപ്പാക്കാന്‍ കേരളം വിശദ പദ്ധതിരേഖ (ഡിപിആര്‍) സമര്‍പ്പിച്ചാല്‍ കേന്ദ്രം സഹകരിക്കുമെന്ന് കേന്ദ്ര നഗരകാര്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വ്യക്തമാക്കിയതാണ് ഇത്. രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും. ഭാവിയില്‍ ഇത് കേരളം മുഴുവന്‍ വ്യാപിക്കുന്ന പദ്ധതിയാക്കി മാറ്റാനും കഴിയും. കേരളത്തിന്റെ സില്‍വര്‍ ലൈന്‍ മോഹം കേന്ദ്രം നിലപാട് മൂലം നടന്നിരുന്നില്ല. ഇതിനിടെയാണ് പുതിയ പദ്ധതിയുടെ സാധ്യത ചര്‍ച്ചയിലേക്ക് വരുന്നത്.
ലോകത്തെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഏതു പ്രാദേശിക മൊബിലിറ്റി സംവിധാനവുമായും താരതമ്യപ്പെടുത്താവുന്നതാണ് ഇന്ത്യയുടെ പുതിയ ആര്‍ആര്‍ടിഎസ്. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി റെയ്ല്‍വേ സ്റ്റേഷനുകള്‍, മെട്രൊ സ്റ്റേഷനുകള്‍, ബസ് സര്‍വീസുകള്‍ മുതലായവയുമായി ആര്‍ആര്‍ടിഎസ് റെയ്ല്‍ ശൃംഖലയെ ബന്ധപ്പെടുത്തിയിട്ടുണ്ട്. അതിലൂടെ ഈ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനം ഉത്തേജിപ്പിക്കപ്പെടും. തൊഴില്‍, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലേക്ക് വേഗം പ്രവേശനം ഉറപ്പാക്കും. റോഡിലെ വാഹനത്തിരക്കും വായു മലിനീകരണവും യാത്രാ സമയവും ഗണ്യമായി കുറയ്ക്കും. മെട്രോ സംവിധാനത്തിന് സമാനമാണ് ഇത്. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പുതിയ നിര്‍ദ്ദേശം വയ്ക്കല്‍. ലോകത്തെ ഏറ്റവും നീളംകൂടിയ ലീനിയര്‍ സിറ്റിയായി കേരളം മാറുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അങ്ങനെ എങ്കില്‍ കേരളത്തില്‍ ഉടനീളം സഞ്ചരിക്കാന്‍ കഴിയുന്ന റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം കേന്ദ്രം അനുവദിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതു സംഭവിച്ചാല്‍ ഫലത്തില്‍ അത് 'സില്‍വര്‍ലൈന്‍' ആയി മാറുകയും ചെയ്യും.
മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് കേന്ദ്ര നഗരകാര്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വ്യക്തമാക്കി. വികസനകാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന, തദ്ദേശസ്ഥാപനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള അര്‍ബന്‍ കോണ്‍ക്ലേവ് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഖട്ടര്‍. കേരള അര്‍ബന്‍ കോണ്‍ക്ലേവ് രാജ്യത്തെ മറ്റു നഗരങ്ങള്‍ക്ക് വഴികാട്ടിയാണെന്നും ഇതിന് മുന്‍കൈയെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും നീളംകൂടിയ ലീനിയര്‍ സിറ്റിയായി മാറാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ 95 ശതമാനം നഗരവല്‍ക്കരണം പൂര്‍ത്തിയാകും. സമീപഭാവിയില്‍ രാജ്യത്തെ ഏറ്റവും നഗരവല്‍ക്കരണം കൈവരിച്ച സംസ്ഥാനമായി മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുകയാണ്. കേരളം എത്രയുംവേഗം ധാരണപത്രം ഒപ്പിടണം. നഗരവികസനം ഭരണഘടനാപരമായ ഉത്തരവാദിത്വംകൂടിയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അതിന് പൂര്‍ണമായ സംഭാവന ചെയ്യണം. നഗരങ്ങളുടെ വികസനത്തിനായി ഒരുലക്ഷം കോടിയുടെ അര്‍ബന്‍ ചലഞ്ച് ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഇത് നഗരങ്ങളെ സാന്പത്തിക കേന്ദ്രമാക്കാന്‍ സഹായിക്കും. രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ക്കൂടി മെട്രോ ആരംഭിക്കും. മെട്രോ ദൂരദൈര്‍ഘ്യത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാംസ്ഥാനത്താണ്.
രണ്ടാംസ്ഥാനത്തുള്ള യുഎസിനെ മൂന്ന് വര്‍ഷത്തിനുള്ളില്‍ മറികടക്കും. കൊച്ചി മെട്രോയും ജലമെട്രോയും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി 10,000 ബസുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.