കണ്ണൂരിലെ റൂറല്‍ പോലീസ് ജൂണില്‍ പിടികൂടിയ വിരുതന്‍; ജാമ്യത്തില്‍ ഇറങ്ങി മട്ടന്നൂരിലെ ഡോക്ടറില്‍ നിന്നും തട്ടിയത് 4.42 കോടി; അക്കൗണ്ടും മൊബൈല്‍ ഫോണും സ്വന്തമായി ഇല്ലാത്ത വെങ്ങോലക്കാരന് പിന്നില്‍ കംബോഡിയന്‍ മാഫിയ; സൈനുല്‍ ആബിദിനും ഷെയര്‍ ട്രെഡിംഗ് തട്ടിപ്പിലെ ഇടനിലക്കാരന്‍ മാത്രം

Update: 2025-09-13 03:09 GMT

കണ്ണൂര്‍: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറുടെ 4.43 കോടി രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിലാകുമ്പോള്‍ പുറത്തു വരുന്നത് തട്ടിപ്പിന്‌റെ അറിയാ വഴികള്‍. എറണാകുളം വെസ്റ്റ് വെങ്ങോല അറയ്ക്കപ്പടി സ്വദേശി ഇലഞ്ഞിക്കാട്ട് സൈനുല്‍ ആബിദിന്‍(41) ആണ് കണ്ണൂര്‍ സൈബര്‍ പൊലീസിന്റെ പിടിയിലായത്. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ പി നിധിന്‍രാജിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ സൈബര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് റജിസ്റ്റര്‍ ചെയ്ത ജില്ലയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് സൈനുല്‍.

ഫോണ്‍ ഉപയോഗിക്കാത്ത പ്രതിയെ പിടികൂടാന്‍ പൊലീസ് പലതവണ സ്ഥലത്തെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഓഗസ്റ്റ് 20 വരെ മറ്റൊരാളുടെ സിം കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ചെയ്തിരുന്നു. സൈനുല്‍ ആബിദിന്‍ സ്ഥലത്തെത്തിയപ്പോള്‍ നാട്ടില്‍നിന്നു വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസെത്തി പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ കംബോഡിയന്‍ സംഘവുമായി ബന്ധമുണ്ടെന്ന് സൈനുല്‍ ആബിദിന്‍ പൊലീസിനോടു പറഞ്ഞു. ടെലിഗ്രാം ആപ് വഴിയാണ് സംഘവുമായി ബന്ധപ്പെട്ടിരുന്നത്.

വാട്സാപ് വഴി ബന്ധപ്പെട്ട്, ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ മികച്ച വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഡോക്ടറില്‍നിന്ന് പണം തട്ടിയത്. കേസില്‍ രണ്ടുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. പ്രതികള്‍ ഉള്‍പ്പെടുന്ന വാട്സാപ് ഗ്രൂപ്പിലൂടെ ഡോക്ടറെക്കൊണ്ട് അപ്സ്റ്റോക്സ് എന്ന കമ്പനിയുടെ ഷെയര്‍ വാങ്ങുന്നതിന് പണം അയപ്പിക്കുകയായിരുന്നു. വാട്സാപ് വഴിയുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡോക്ടര്‍ പണം അയച്ചത്. ഷെയര്‍ വാങ്ങുന്നതിന് പണം നിഷേപിക്കാന്‍ ഓരോ തവണ നിര്‍ദേശിക്കുേേമ്പാഴും വ്യാജ ട്രേഡിങ് ആപ്ലിക്കേഷനില്‍ വലിയ ലാഭം കാണിച്ചു. ഇത് കണ്ടാണ് ഡോക്ടര്‍ ചിതിയില്‍ പെട്ടത്.

ഡോക്ടര്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍, സാങ്കേതിക നടപടികള്‍ക്കായി വീണ്ടും പണം ആവശ്യപ്പെട്ടു. പണം പിന്‍വലിക്കാന്‍ കഴിയാതെവന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. നേരത്തേ ഷെയര്‍ ട്രേഡിങ്ങില്‍ ഇടപെട്ടിരുന്ന ഡോക്ടറെ വിശ്വസിപ്പിക്കുന്നതിന് പ്രമുഖ കമ്പനികളുടെ പേരാണ് ഉപയോഗിച്ചിരുന്നത്. ചെന്നൈ സ്വദേശിയായ സെന്തില്‍കുമാറിന്റെ അക്കൗണ്ടില്‍ വന്ന 44 ലക്ഷം രൂപ എടിഎംവഴിയും ഓണ്‍ലൈന്‍ ഇടപാടിലൂടെയും കൈകാര്യം ചെയ്തത് കേസിലെ മുഖ്യപ്രതി സൈനുല്‍ ആബിദിനാണ്. ഇതും സൈബര്‍ പോലീസ് കണ്ടെത്തിയിരുന്നു. മറ്റു പ്രതികളായ മഹബൂബാഷ ഫാറൂഖ്, റിജാസ് എന്നിവരെ പൊലീസ് ചെന്നൈയില്‍ വച്ചാണ് അറസ്റ്റുചെയ്തത്. സൈനുല്‍ ആബിദിനിന്റെപേരില്‍ വിശാഖപട്ടണത്തും കണ്ണൂരിലും കേസുണ്ട്. കണ്ണൂര്‍ റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയതാണ്. അതിന് ശേഷം വീണ്ടും തട്ടിപ്പ് തുടര്‍ന്നു.

ജൂണ്‍ 25ന് ആണ് തട്ടിപ്പുസംബന്ധിച്ച് ഡോക്ടര്‍ പരാതി നല്‍കിയത്. കണ്ണൂരില്‍ തന്നെയുള്ള മറ്റൊരു ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന ആബിദ് ജൂലൈയിലാണ് ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞത്. സ്വന്തമായി ഫോണ്‍ നമ്പര്‍ ഇല്ലാത്ത സൈനുല്‍ ആബിദിന്‍ സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്നതെല്ലാം മറ്റുള്ളവരുടെ പേരിലെടുത്ത സിം കാര്‍ഡുകളും എടിഎം കാര്‍ഡുകളുമാണ്. സെന്തിലിന്റെ പേരിലെടുത്ത ബാങ്ക് അക്കൗണ്ട്, എടിഎം കാര്‍ഡ് എന്നിവയെല്ലാം മഹബൂബാഷ, റിജാസ് എന്നിവര്‍ വഴി സൈനുല്‍ ആബിദിന്‍ കൈവശപ്പെടുത്തി. ഇതുപോലെയുള്ള ഒട്ടേറെ അക്കൗണ്ട് നമ്പറുകള്‍ പ്രതി ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി.

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് നടത്തുന്നതിനായി പ്രതികള്‍ ഉള്‍പ്പെടുന്ന വാട്‌സാപ് ഗ്രൂപ്പിലൂടെ ഡോക്ടറെക്കൊണ്ട് അപ്‌സ്റ്റോക് എന്ന കമ്പനിയുടെ വെല്‍ത്ത് പ്രോഫിറ്റ് പ്ലാന്‍ സ്‌കീമില്‍ വന്‍ ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് പലതവണയായി 4,43,20,000 രൂപ നിക്ഷേപിപ്പിച്ചത്. ആദ്യം ചെറിയ സംഖ്യയാണ് ഡോക്ടര്‍ നിക്ഷേപിച്ചത്. ഇതിന്റെ ലാഭം ഓണ്‍ലൈനിലൂടെ പെരുപ്പിച്ചുകാട്ടി കൂടുതല്‍ തുക നിക്ഷേപിപ്പിച്ചു. പലതവണയായി 18 അക്കൗണ്ടുകളിലേക്കാണ് ഡോക്ടര്‍ പണം കൈമാറിയത്. ഉടന്‍ തന്നെ ഈ പണമെല്ലാം തട്ടിപ്പുസംഘം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റുന്നുണ്ടായിരുന്നു. പണം പെരുകുന്നതു കണ്ട് സുഹൃത്തുക്കളില്‍നിന്നു പണം വാങ്ങി ഡോക്ടര്‍ കൂടുതല്‍ നിക്ഷേപം നടത്തി. നിക്ഷേപം 4,43,20,000 രൂപയായപ്പോള്‍ ലാഭം ഇരട്ടിയായെന്നു തെറ്റിദ്ധരിപ്പിച്ചു. തുക പിന്‍വലിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ തട്ടിപ്പുസംഘം മുങ്ങി. ഈ വാട്‌സാപ് ഗ്രൂപ്പും വെല്‍ത്ത് പ്രോഫിറ്റ് പ്ലാനും ഇല്ലാതായി. ഡോക്ടര്‍ പണം നിക്ഷേപിച്ച സെന്തിലിന്റെ അക്കൗണ്ട് വിവരം തേടിയപ്പോഴാണ് അന്വേഷണം റിജാസിനും ബാഷയിലുമെത്തിയത്.

റിജാസും ബാഷയുമാണ് തന്നെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ചതെന്നും പാസ്ബുക്കും എടിഎം കാര്‍ഡും അവര്‍ കൈക്കലാക്കിയെന്നും സെന്തില്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇവരില്‍നിന്നാണ് അന്വേഷണം സൈനുല്‍ ആബിദിന്‍ എത്തിയത്. മറ്റൊരു ഓണ്‍ലൈന്‍ തട്ടിപ്പില്‍ കണ്ണൂര്‍ റൂറല്‍ സൈബര്‍ പൊലീസാണ് ഇയാളെ ജൂണില്‍ പിടികൂടിയത്.

Tags:    

Similar News