രഹസ്യഅറകളും തുരങ്കങ്ങളും; 9/11 ഭീകരാക്രമണ സമയത്ത് ലോറ ബുഷിനെ സുരക്ഷിതയാക്കിയത് രഹസ്യ തുരങ്കത്തില്‍ പ്രവേശിപ്പിച്ച്; 18.7 ഏക്കറില്‍ ആറുനിലകളില്‍ 132 മുറികള്‍; തീവെപ്പിനെ അതിജീവിച്ച ചരിത്രം; പുതിയ പ്രസിഡന്റിനെ കാത്ത് വൈറ്റ് ഹൗസ്

പുതിയ പ്രസിഡന്റിനെ കാത്ത് വൈറ്റ് ഹൗസ്

Update: 2024-11-06 14:42 GMT

വാഷിങ്ടണ്‍: അമേരിക്ക തങ്ങളുടെ നാല്‍പ്പത്തിയേഴാമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുത്തുകഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷം ജനുവരിയിലാണെങ്കിലും വരുന്ന നാലുവര്‍ഷത്തേക്കുള്ള തങ്ങളുടെ ഭരണാധികാരിയെ അതിനുമുന്നെ തന്നെ അമേരിക്കന്‍ ജനത സ്വീകരിക്കും. അമേരിക്കന്‍ ജനങ്ങളെപ്പോലെ തന്നെ പുതിയ പ്രസിഡന്റിന്റെ വരവും കാത്തിരിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട് അമേരിക്കയില്‍... മറ്റാരുമല്ല പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് തന്നെ. ഓരോ ഭരണാധികാരികളുടെയും ഭാര്യമാര്‍ തങ്ങളുടെ അഭിരുചിക്കനുസരിച്ച് പരിഷ്‌കരിച്ച വൈറ്റ് ഹൗസ് ഇത്തവണ പുതിയ മാറ്റങ്ങള്‍ക്കും വേണ്ടി കൂടിയാണ് കാത്തിരിക്കുന്നത്.

അമേരിക്കയുടെ ചരിത്രത്തോടൊപ്പം തന്നെ ഇഴ ചേര്‍ന്നു കിടക്കുന്നതാണ് വൈറ്റ് ഹൗസിന്റെ ചരിത്രവും. വസതിയെക്കുറിച്ച് ഏകദേശ ധാരണ പുറംലോകത്തിനുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ എന്താണ് വൈറ്റ്ഹൗസ് എന്നത് പുറംലോകത്തിന് ഇന്നും അജ്ഞാതമാണ്.

അറിഞ്ഞതിലേറെ പുറംലോകത്തിനു അജ്ഞാതമാണ് വൈറ്റ് ഹൗസിനുള്ളിലെ സുരക്ഷാസൗകര്യങ്ങള്‍.

വൈറ്റ്ഹൗസിന്റെ പിറവിയെക്കുറിച്ച്..തീവെപ്പിനെ അതിജീവിച്ച ചരിത്രം

1789 -97 വരെയുള്ള ജോര്‍ജ്ജ് വാഷിങ്ങ്ടണിന്റെ കാലഘട്ടം മുതല്‍ ഒരോ അമേരിക്കന്‍ പ്രസിഡന്റുമാരും ഈ ഔദ്യോഗിക വസതിയിലാണ് താമസിച്ചുവരുന്നത്. ആദ്യകാലത്ത് പ്രസിഡന്റ് പാലസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സൗധം രാജകീയമായ പാലസ് എന്ന പേര് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് മാന്‍ഷന്‍ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു. അക്കാലത്തും വൈറ്റ്ഹൗസ് എന്ന പേര് പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നില്ല.

1792ല്‍ പുതിയ തലസ്ഥാന നഗരമായ വാഷിംഗ്ടണില്‍ പ്രസിഡന്‍ഷ്യല്‍ വസതിക്ക് ഡിസൈന്‍ തിരഞ്ഞെടുക്കാന്‍ ഒരു പൊതുമത്സരം നടന്നതോടെയാണ് കെട്ടിടത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.മത്സരത്തില്‍ ഐറിഷ് വംശജനായ വാസ്തുശില്പി ജെയിംസ് ഹൊബാന്‍ സമര്‍പ്പിച്ച മാതൃക തെരഞ്ഞടുക്കപ്പെടുകയും നവവാസ്തു ശൈലിയില്‍ അദ്ദേഹം വൈറ്റ് ഹൗസ് രൂപകല്പന ചെയ്യുകയും ചെയ്തു.

1792 ഒക്ടോബര്‍ 13-നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.വെള്ള നിറം പൂശിയ അക്വായി ക്രീക്ക് മാര്‍ബിളിള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം നടന്നത്.സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ നിന്നുള്ള വിദഗ്ധരായ തൊഴിലാളികള്‍ക്കൊപ്പം തദ്ദേശീയരായ അടിമകളടക്കമുള്ള തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

മൂന്നു നിലകളും നൂറിലധികം മുറികളുമെന്നതായിരുന്നു ആദ്യകാലത്ത് വസതിയുടെ ഘടന. 1800ല്‍ അതായത് രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ ആദംസിന്റെ കാലത്താണ് മുഴുവന്‍ ഫെഡറല്‍ ഗവണ്‍മെന്റും ഫിലാഡല്‍ഫിയയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് മാറുന്നത്.തുടര്‍ന്ന് ജോണ്‍ ആദംസ് മുതല്‍ ഇങ്ങോട്ട് എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും വൈറ്റ്ഹൗസിലാണ് താമസിച്ചുവരുന്നത്.തൊട്ടടുത്തതായി വന്ന പ്രസിഡന്റ് ജെഫേഴ്സന്‍ വസതിയുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് വിപുലീകരണത്തിന് തുടക്കമിട്ടു.അമേരിക്കന്‍ ഫെഡറല്‍ ശൈലി അഥവ ലൂയിപതിനാറാമന്‍ ശൈലിയില്‍ കെട്ടിടത്തെ നവീകരിക്കുന്നത് ഈ കാലഘട്ടത്തിലാണ്.

എന്നാല്‍ 1812 ലാണ് വൈറ്റ്ഹൗസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ സംഭവം നടക്കുന്നത്.അക്കാലത്തെ യുദ്ധസമയത്ത് കെട്ടിടം ബ്രിട്ടീഷുകാര്‍ കത്തിച്ചു.അന്നത്തെ പ്രസിഡന്റായിരുന്ന ജെയിംസ് മാഡിസണും കുടുംബവും വസതിവിട്ടു പലായനം ചെയ്യുകയും ചെയ്തു.1900 മുതലാണ് വൈറ്റ്ഹൗസിന് കാര്യമായ പരിഷ്‌കാരങ്ങള്‍ വന്നുതുടങ്ങുന്നത്.പിന്നീട് ഒരിക്കല്‍ കൂടി വൈറ്റ്ഹൗസിന് അഗ്‌നിബാധയുണ്ടായി.1929 ല്‍ ഹെര്‍ബര്‍ട്ട് ഹൂവറിന്റെ കാലത്തായിരുന്നു രണ്ടാമത്തെ തീപിടിത്തം.




വൈറ്റ് ഹൗസിന്റെ വെസ്റ്റ് വിംഗില്‍ ഉണ്ടായ ആ തീപിടുത്തം 1814 ലെ തീപിടുത്തം പോലെ നാടകീയമായിരുന്നില്ല.വൈദ്യുത സര്‍ക്യൂട്ടില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മൂലമാണ് ഈ തീപിടിത്തമുണ്ടായത്.വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഈ രണ്ടാമത്തെ തീപിടിത്തം, സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയ്ക്ക് ഒരാഴ്ച കഴിഞ്ഞ് ക്രിസ്മസ് രാവില്‍ സംഭവിച്ചു എന്നത് കൊണ്ടും ശ്രദ്ധേയമാണ്.പിന്നീട് പുനര്‍നിര്‍മാണം നടത്തിയാണ് ഇന്നത്തെ വൈറ്റ് ഹൗസ് പൂര്‍ത്തിയായത്.1948 നും 1952 നും ഇടയില്‍ അന്നത്തെ പ്രസിഡന്റ് ഹാരി എസ് ട്രൂമാനും വൈറ്റ് ഹൗസ് പുതുക്കി പണിതിരുന്നു.

ഇതിനു പിന്നാലെ ചില പ്രസിഡന്റുമാര്‍ വൈറ്റ് ഹൗസിനുള്ളിലും പുറത്തുമായി സ്വിമ്മിങ് പൂളുകളും ടെന്നീസ് കോര്‍ട്ടുകളും മറ്റും നിര്‍മ്മിച്ചിട്ടുണ്ട്.1814 ല്‍ ബ്രിട്ടീഷ് സേന വൈറ്റ് ഹൗസിന് തീയിട്ടതിനെ തുടര്‍ന്നുള്ള പാടുകള്‍ കാണാതെയിരിക്കാനാണ് വൈറ്റ് ഹൗസിനു വെള്ള നിറം നല്‍കിയത് എന്നൊരു അഭ്യൂഹമുണ്ട്.പിന്നീട് അങ്ങോട്ട് വൈറ്റ് ഹൗസ് എന്നും വൈറ്റ് ആയി തന്നെ ഇരിക്കാന്‍ തുടങ്ങി.

വൈറ്റ്ഹൗസിന്റെ ഘടനയും രഹസ്യഅറകളും

ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരികളില്‍ ഒരാളാണ് അമേരിക്കന്‍ പ്രസിഡന്റ്. അതുകൊണ്ടുതന്നെ ശക്തമായ സുരക്ഷാസൗകര്യങ്ങള്‍ ആണ് അമേരിക്കന്‍ പ്രസിഡന്റിനു നല്‍കുന്നത്.പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ഏറ്റവും പ്രതിരോധ സുരക്ഷാവലയങ്ങളുള്ള വസതിയായാണ് കരുതപ്പെടുന്നത്.അമേരിക്കയുടെ ഒട്ടുമിക്ക പ്രസിഡന്റ്മാരും തങ്ങളുടെ അധികാരകാലത്ത് കഴിഞ്ഞിരുന്നത് വൈറ്റ് ഹൗസിന്റെ സുരക്ഷിതത്വത്തിലാണ്.

മാറി മാറി വന്ന അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ അഥവ പ്രഥമ വനിതകളാണ് വൈറ്റ്ഹൗസിന്റെ ഒരോ വിപുലീകരണത്തിന്റെയും മോടിപിടിപ്പിക്കലിന്റെയും പിന്നില്‍. പ്രസിഡന്റ് നിക്സന്റെ ഭാര്യ മുറികള്‍ പുനക്രമീകരിച്ചു. ജിമ്മി കാര്‍ട്ടറുടെ ഭാര്യ അമേരിക്കന്‍ പെയിന്റിങ്ങുകള്‍ സ്ഥാപിച്ചു. പുരാതന ഫര്‍ണിച്ചറിന്റെ പ്രൗഡി നല്‍കിയത് റൊണാള്‍ഡ് റെയ്ഗന്റെ ഭാര്യ നാന്‍സി.എന്നിങ്ങനെ പോകുന്നു പ്രഥമ വനിതകളുടെ പരിഷ്‌കാരങ്ങള്‍.

ഒട്ടേറെ സവിശേഷതകള്‍ അടങ്ങിയതാണ് വൈറ്റ് ഹൗസ് എന്ന നിര്‍മിതി. അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോര്‍ജ് വാഷിങ്ടനാണ് വൈറ്റ് ഹൗസിനുള്ള സ്ഥലം കണ്ടെത്തിയത്. എട്ടു വര്‍ഷമാണ് ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനം നടന്നത്. 18.7 ഏക്കറില്‍ ആറുനിലകളിലായാണ് ഇന്ന് വൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. നിലവില്‍ 132 റൂമുകളാണ് വൈറ്റ് ഹൗസിലുള്ളത്. 16 ഫാമിലി ഗസ്റ്റ് റൂമുകള്‍ ഇവിടെയുണ്ട്. ആകെമൊത്തം 35 ബാത്ത് റൂമുകളുണ്ട്. ഒരു പ്രധാന കിച്ചണ്‍, ഒരു ഡയറ്റ് കിച്ചണ്‍, ഒരു ഫാമിലി കിച്ചണ്‍ എന്നിവയും ഒദ്യോഗിക വസതിയുടെ സവിശേഷതകളാണ്.വൈറ്റ് ഹൗസിന്റെ പുറം ഭാഗം മാത്രം പെയിന്റ് ചെയ്യാന്‍ 570 ഗ്യാലന്‍ പെയ്ന്റ് ആവശ്യമാണ് എന്നാണ് കണക്ക്.




അമേരിക്കന്‍ പ്രസിഡന്റും കുടുംബവും താമസിക്കുന്ന എക്സിക്യൂട്ടീവ് റസിഡന്‍സ്,പ്രസിഡന്റിന്റെ ഓഫീസും സുപ്രധാന മറ്റ് ഓഫീസുകളും ഉള്‍ക്കൊള്ളുന്ന വെസ്റ്റ് വിംഗ്,പ്രഥമ വനിതയുടെ ഓഫീസും എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററും അടങ്ങുന്ന ഈസ്റ്റ് വിംഗ്,വൈറ്റ് ഹൗസ് ഗ്രൗണ്ട് എന്നിങ്ങനെയാണ് സൗധത്തിന്റെ ഘടന.എക്സിക്യൂട്ടീവ് റസിഡന്‍സിലാണ് അതിഥികളെ സ്വീകരിക്കുന്നതും മറ്റും നടക്കുന്നത്.ഇതിന്റെ രണ്ടാം നിലയിലാണ് കുടുംബ വസതി.മൂന്നാം നിലയില്‍ സോളാരിയം,ഗെയിംറൂം ഒക്കെ ഉള്‍പ്പെടുന്നതാണ്.

ഇതിന് പുറമെ വസതിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് രഹസ്യതുരങ്കങ്ങള്‍. അടിയന്തരഘട്ടത്തില്‍ പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാനാണ് രഹസ്യഅറകളും തുരങ്കങ്ങളും വൈറ്റ് ഹൗസില്‍ നിര്‍മ്മിക്കുന്നത്.ഈ അടുത്തകാലത്ത് വരെ അതിന്റെ ഉപയോഗം ഭരണാധികാരികള്‍ക്ക് ലഭിച്ചു. 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബാക്രമണ സമയത്താണ് ഈ തുരങ്കത്തിന്റെ പ്രാധാന്യം വ്യക്തമായത്. അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഈ സമയത്ത് ഫ്‌ളോറിഡയിലായിരുന്നു. ബുഷിന്റെ ഭാര്യ ലോറ ബുഷിനെ സുരക്ഷ ഉറപ്പിക്കാന്‍ ഈ സമയം ഈ തുരങ്കത്തിലേക്ക് പ്രവേശിപ്പിച്ചു.



ഇവരോടൊപ്പം വൈറ്റ് ഹൗസിലുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥര്‍ തുരങ്കത്തിനുള്ളില്‍ അഭയം തേടിയിരുന്നു.ഈ ആക്രമണത്തിനു ശേഷം ഭൂഗര്‍ഭ സങ്കേതങ്ങളുടെ ആവശ്യകത സര്‍ക്കാരിന് കുറേക്കൂടി മനസ്സിലായി. 2010 മുതല്‍ വൈറ്റ് ഹൗസുമായി ബന്ധിപ്പിച്ച് തുരങ്ക സങ്കേതങ്ങള്‍ രഹസ്യമായി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഴുവന്‍ സമയവും ഈ തുരങ്കങ്ങള്‍ക്കുള്ളില്‍ സുരക്ഷാ കാവലുണ്ട്. പ്രസിഡന്റ്സ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നാണ് ഈ ഭൂഗര്‍ഭ സങ്കേതം ഔദ്യോഗികമായി അറിയപ്പെടുന്നത്.

രചനാലോകത്തെ വൈറ്റ്ഹൗസ്..സന്ദര്‍ശകരെത്തുന്ന ഭരണസൗധം..സുരക്ഷ മാര്‍ഗ്ഗങ്ങള്‍

സമാനതകളില്ലാത്ത നിര്‍മ്മിതിയായതിനാല്‍ തന്നെ രചനാലോകത്തും കിംവന്തികളിലുമൊക്കെ തന്നെയും വൈറ്റ്ഹൗസ് സ്ഥാനം പിടിച്ചിട്ടുണ്ട്.അതില്‍ ഏറ്റവും രസകരമായത് ഒരു പ്രേതകഥയാണ്.പ്രസിഡന്റായിരുന്ന തിയഡോര്‍ റൂസ് വെല്‍റ്റാണ് ഈ പ്രേതകഥയ്ക്ക് പിന്നില്‍.ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്.. മരിച്ചുപോയ മുന്‍ പ്രാസിഡന്റ് എബ്രഹാം ലിങ്കണെ വൈറ്റ് ഹൗസിന്റെ പലമുറികളിലും വച്ച് ഞാന്‍ പിന്നീടു കണ്ടിട്ടുണ്ടെന്ന്.ഇതിനൊപ്പം 1850ല്‍ പ്രസിഡന്റ് സക്കാരി ടെയ്‌ലറും 1841ല്‍ വില്യം എച്ച് ഹാരിസണും വൈറ്റ് ഹൗസില്‍ വച്ച് അസുഖബാധിതരായി മരിച്ചിരുന്നു.ഇതും വസതിയിലെ പ്രേതകഥയ്ക്ക് ബലമേകുന്നുണ്ട്.കഥയ്ക്ക് പിന്നിലെ വസ്തുത എന്തായാലും വൈറ്റ്ഹൗസിനെ സംബന്ധിച്ച് വളരെ പ്രചാരം ലഭിച്ചതാണ് ഈ കഥ.

ഔദ്യോഗിക വസതിക്കൊപ്പം വൈറ്റ് ഹൗസ് ഒരു സന്ദര്‍ശന കേന്ദ്രം കൂടിയാണ്.പ്രതിവര്‍ഷം 15 ലക്ഷത്തോളം സന്ദര്‍ശകര്‍ ഈ നാലുനില കെട്ടിടം കാണാനെത്തുന്നുവെന്നാണ് കണക്ക്.സന്ദര്‍ശകര്‍ക്ക് സ്വതന്ത്രമായി ഇവിടെ കടന്നെത്താം.ചരിത്രസ്മാരകം പോലെ കണ്ടിറങ്ങാം.മുകള്‍ നിലയില്‍ പ്രസിഡന്റും കുടുംബവും താസിക്കുന്നുണ്ടെന്നത് സന്ദര്‍ശകര്‍ക്ക് ഒരു തടസമേയല്ല.സംഭവം ഇങ്ങനെയാണെങ്കിലും സുരക്ഷയുടെ കാര്യത്തിലും വൈറ്റ്ഹൗസില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല.


അമേരിക്കന്‍ പാര്‍ക്ക് പോലീസും സീക്രട്ട് ഏജന്‍സിയുമാണ് വൈറ്റ്ഹൗസിന്റെ സംരക്ഷണം നിര്‍വഹിക്കുന്നത്.വൈറ്റ്ഹൗസിന്റെ ആകാശസംരക്ഷണത്തിനായി നോര്‍വീജിയന്‍ മിസൈല്‍ സംവിധാനവുമുണ്ട്.ഇങ്ങനെ പഴുതടച്ച സംരക്ഷണകവചമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിക്ക്.

തന്റെ പുതിയ നാഥനെ കാത്തിരിക്കുകയാണ് വൈറ്റ്ഹൗസ്. കമല ഹാരിസിലൂടെ ആദ്യമായി ഒരു വനിതാ പ്രസിഡന്റിനെ ലഭിക്കുമോ അതോ ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രസിഡന്റാകുന്ന ആദ്യ വ്യക്തി എന്ന നേട്ടത്തോടെ ട്രംപ് വീണ്ടുമെത്തുമോയന്ന്.

Tags:    

Similar News