ചാരവൃത്തി നടത്തിയ ഡാനിഷിനെ പരിചയപ്പെട്ടത് വിസയ്ക്കായി പാക് ഹൈക്കമ്മീഷനില്‍ പോയപ്പോള്‍; പാക്കിസ്ഥാനെ കുറിച്ച് പോസിറ്റീവ് വീഡിയോകള്‍ ചെയ്ത് തുടക്കം; പാക് സുരക്ഷാ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച; വാട്‌സാപും ടെലിഗ്രാമും വഴി സൈനിക രഹസ്യങ്ങള്‍ പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തി; അറസ്റ്റിലായ യൂടൂബര്‍ ജ്യോതി മല്‍ഹോത്ര ആരാണ്?

അറസ്റ്റിലായ യൂടൂബര്‍ ജ്യോതി മല്‍ഹോത്ര ആരാണ്?

Update: 2025-05-17 13:10 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാനി ഏജന്റുമാര്‍ക്ക് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഏഴുപേരില്‍ ഒരാളായ ജ്യോതി മല്‍ഹോത്ര 3,77,000 ഫോളോവേഴ്‌സുള്ള യൂടൂബ് ട്രാവല്‍ വ്‌ളോഗറാണ്. 'ട്രാവല്‍ വിത്ത് ജോ' എന്ന യൂടൂബ് ചാനലില്‍ ഇവരുടെ യാത്രാവിശേഷങ്ങളാണ് ഏറെയും. സൈനിക രഹസ്യം പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തിയതിന് ഹരിയാനയിലെ ഹിസാറില്‍ നിന്നാണ് അറസ്റ്റിലായത്. ജ്യോതി റാണി എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു.



 


'നൊമാഡിക് ലിയോ ഗേള്‍ വാണ്ടറര്‍' എന്നാണ് 33 കാരി യൂടൂബില്‍ സ്വയം വിശേഷിപ്പിക്കുന്നത്. 'പരമ്പരാഗത വീക്ഷണമുളേള ആധുനിക പെണ്‍കുട്ടി' എന്നും സ്വയം വിശദീകരിക്കുന്നു. പാക് ഹൈക്കമ്മീഷനിലെ എഹ്‌സാന്‍ ഉര്‍ റഹിം അഥവാ ഡാനിഷ് എന്ന ഉദ്യോഗസ്ഥനെയാണ് ഇവര്‍ ബന്ധപ്പെട്ടത്. ജ്യോതി രണ്ടുതവണയെങ്കിലും പാക്കിസ്ഥാനില്‍ പോയിരുന്നു.

യുടൂബില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും ഇവര്‍ പ്രശസ്തയാണ്. പാക്കിസ്ഥാനിലേക്കുള്ള യാത്രകളുടെ നിരവധി വീഡിയോകള്‍ 'ട്രാവല്‍ വിത്ത് ജോ' ചാനലില്‍ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റ അക്കൗണ്ട് ട്രാവല്‍ വിത്ത് ജോ 1 ന് 1,32,000 ഫോളോവേഴ്‌സ് ഉണ്ട്.



പാക്കിസ്ഥാന്റെ നല്ല വശങ്ങള്‍ പറഞ്ഞ് തുടക്കം

ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുണ്ടെന്നാണ് ട്രാവല്‍ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്്. ചൈനയിലും, ഇന്തോനോഷ്യയിലും എല്ലാം പോയിട്ടുണ്ട്. എന്നാല്‍, പാക് സന്ദര്‍ശന വേളയിലെ അനവധി വീഡിയോകളും റീലുകളും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. രണ്ടുമാസം മുമ്പാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്തത്.

പാക്കിസ്ഥാന്റെ നിരവധി നല്ല വശങ്ങളാണ് ജ്യോതി മല്‍ഹോത്ര വീഡിയോകളില്‍ കാട്ടുന്നത്. അട്ടാരി-വാഗ അതിര്‍ത്തി കടക്കുന്നത്, ലാഹോറിലെ അനാര്‍ക്കലി ബസാറില്‍ ചുറ്റിയടിക്കുന്നത്, അവിടുത്തെ ബസ് യാത്ര, ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം കടാസ് രാജ് സന്ദര്‍ശിച്ചത് എല്ലാം വീഡിയോകളില്‍ വിവരിക്കുന്നുണ്ട്.




' ആദ്യം നമ്മള്‍ ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യും. എന്നിട്ട് അട്ടാരി-വാഗ അതിര്‍ത്തി കടക്കും. അതിര്‍ത്തി കടക്കുമ്പോള്‍ തന്നെ വലിയ ഉത്സാഹം തോന്നും. ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നിമിഷങ്ങള്‍, രോമാഞ്ചം വരും. പാക്കിസ്ഥാനിലേക്ക് കടക്കുമ്പോള്‍ യാത്രക്കാര്‍ക്കായി മീഡിയ കവറേജുണ്ട്', തന്റെ വീഡിയോയില്‍ ഹിന്ദിയില്‍ ജ്യോതി വിവരിക്കുന്നു. പിന്നീട് നിങ്ങള്‍ ഇന്ത്യന്‍ കറന്‍സിക്ക് പകരം പാക് കറന്‍സി വാങ്ങാം. ഓരോ ഇന്ത്യന്‍ രൂപയ്ക്കും 2.6 പാക്കിസ്ഥാനി രൂപ എനിക്ക് കിട്ടി- വീഡിയോയില്‍ പറയുന്നു.

ഇന്‍സ്റ്റയിലെ ഫോട്ടോകളില്‍ ഒന്നിന് തലവാചകം എഴുതിയിരിക്കുന്നത് 'ഇഷ്ഖ് ലാഹോര്‍' എന്ന് ഉറുദ്ദുവിലാണ്. പാക്കിസ്ഥാനി ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോകളും കാണാം. ഇരുരാജ്യങ്ങളുടെയും സംസ്്കാരങ്ങള്‍ തമ്മിലുള്ള താരതമ്യപഠനവും അവതരിപ്പിക്കുന്നുണ്ട്.




കഴിഞ്ഞ വര്‍ഷം ഇവര്‍ കശ്മീരില്‍ പോയിരുന്നു. ദാല്‍ തടാകത്തിലെ ഷിക്കാര യാത്ര ആസ്വദിക്കുന്നതിന്റെയും, ശ്രീനഗറില്‍ നിന്ന് ബനിഹാളിലേക്കുള്ള ട്രെയിന്‍ യാത്രയുടെയും വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറ്റവും ഒടുവിലത്തെ വീഡിയോകളില്‍ ഒന്ന് പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുളളതാണ്. ' കശ്മീര്‍ പഹല്‍ഗാമിനെ കുറിച്ചുളള എന്റെ നിരീക്ഷണങ്ങള്‍: നമ്മള്‍ ഇനി കശ്മീര്‍ സന്ദര്‍ശിക്കണോ? വീഡിയോകളില്‍ ഒന്നിന്റെ തലവാചകം ഇങ്ങനെ.

എഹ്‌സാന്‍ ഉര്‍ റഹിം അഥവാ ഡാനിഷുമായുളള ബന്ധം

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ എഹ്‌സാന്‍ ഉര്‍ റഹിം അഥവാ ഡാനിഷിനെ ഇന്ത്യ അസ്വീകാര്യനായ വ്യക്തിയായി പ്രഖ്യാപിച്ചു. ചാരപ്രവൃത്തിക്കും സൈന്യത്തിന്റെ നീക്കങ്ങളെ കുറിച്ച് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയതിനും 24 മണിക്കൂറിനകം ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടു.




ചോദ്യം ചെയ്യലില്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞത്


പാക് വിസയ്ക്കായി 2023 ല്‍ പാക് ഹൈക്കമ്മീഷനില്‍ പോയിരുന്നു. അവിടെ വച്ച് റഹിമിനെ കണ്ട് സംസാരിച്ചു. അതിനുശേഷം രണ്ടുവട്ടം പാക്കിസ്ഥാനിലേക്ക് പോയി. അവിടെ വച്ച് റഹിമിന്റെ പരിചയക്കാരന്‍ അലി അഹ്വാനാണ് താമസത്തിനും യാത്രയ്ക്കും ഉള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്.


പാക്കിസ്ഥാനില്‍ വച്ച് അലി അഹ്വാന്‍ പാക് സുരക്ഷാ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി. ഷാക്കിര്‍, റാണ ഷഹ്ബാസ് എന്നിവരെയാണ് കണ്ടത്. ഷാക്കിറിന്റെ മൊബൈല്‍ നമ്പര്‍ തന്റെ ഫോണില്‍ സേവ് ചെയ്തു. സംശയം ഒഴിവാക്കാന്‍ ജാട്ട് രണ്‍ധാവ എന്നാണ് സേവ് ചെയ്തത്. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവന്നപ്പോഴും ഇവരുമായി വാട്‌സാപ്, സ്‌നാപ്ചാറ്റ്്, ടെലിഗ്രാം എന്നിവ വഴി നിരന്തരം ബന്ധപ്പെട്ടു. ആ സമയത്ത് ദേശ വിരുദ്ധ വിവരങ്ങളും കൈമാറി. റഹിമിനെ താന്‍ പലവട്ടം കണ്ടതായും ജ്യോതി സമ്മതിച്ചെന്ന് പൊലീസ് പറയുന്നു.

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പരമാധികാരത്തെയും അപകടത്തിലാക്കുന്ന വിധം സംശയകരമായ പ്രവൃത്തി ചെയ്തുവെന്നും ചാര പ്രവൃത്തി ചെയ്ത പാക് പൗരനുമായി ഇന്ത്യന്‍ ഇന്റലിജന്‍സ് വിവരം പങ്കുവച്ചു എന്നുമാണ് ജ്യോതിയുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

ഇവരെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 152, 1923ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.




അറസ്റ്റിലായ മറ്റുള്ളവര്‍


ജ്യോതിയെ കൂടാതെ പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ നിന്നുള്ള 32 വയസ്സുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന്, പാക്കിസ്ഥാന്‍ വിസക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനെ സന്ദര്‍ശിച്ചിരുന്നു. ചാറ്റുകളിലൂടെയും വീഡിയോ കോളുകളിലൂടെയുമാണ് ഡാനിഷും ഗുസാലയും പ്രണയബന്ധം ആരംഭിക്കുന്നത്. തുടക്കത്തില്‍ വാട്സാപ്പ് വഴി ആയിരുന്നെങ്കിലും ടെലിഗ്രാമിലേക്ക് മാറുന്നതാണ് സുരക്ഷിതമെന്ന് ഡാനിഷ് അഭിപ്രായപെട്ടതായി ഗുസാല മൊഴി നല്‍കി. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്. വൈകാരിക ബന്ധങ്ങള്‍, സമ്മാനങ്ങള്‍, വ്യാജ വിവാഹ വാഗ്ദാനങ്ങള്‍ എന്നിവയിലൂടെ മതപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ദുര്‍ബലരായ വ്യക്തികളെ വഴിതെറ്റിച്ച ഒരു വലിയ ചാരവൃത്തിയുടെ ഭാഗമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.




പട്യാലയിലെ ഖല്‍സ കോളേജിലെ വിദ്യാര്‍ത്ഥിയായ ദേവേന്ദ്ര സിംദ് ധില്ലണ്‍ (25) ആണ് അറസ്റ്റിലായ മറ്റൊരാള്‍. ഇന്ത്യയുടെ നീക്കങ്ങളെ കുറിച്ചും തന്ത്രപ്രധാനമായ വിവരങ്ങളെ കുറിച്ചും പാകിസ്ഥാന് പങ്കുവച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. പിസ്റ്റളുകളുടെയും തോക്കുകളുടെയും ചിത്രങ്ങള്‍ വിദ്യാര്‍ത്ഥി ഫെയ്സ്ബുക്ക് വഴി പാകിസ്ഥാന് പങ്കുവച്ചിരുന്നു. പട്യാല കോളേജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയാണ് യുവാവ്. ദേവേന്ദ്ര സിംഗിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതിയും പാക് ഉദ്യോഗസ്ഥരും തമ്മിലുള്ള പണമിടപാടിനെ കുറിച്ച് കണ്ടെത്തുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ വര്‍ഷം കര്‍താര്‍പൂര്‍ വഴി പാക്കിസ്ഥാനിലേക്ക് പോയതായും പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരോട് ഇന്ത്യയിലെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി വിദ്യാര്‍ത്ഥിക്ക് പാക് ഇന്റലിജന്‍സ് ഏജന്‍സി പണം നല്‍കിയിരുന്നു. പട്യാല സൈനിക കന്റോണ്‍മെന്റിന്റെ ചിത്രങ്ങളും പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കി. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു.

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാന് വിവരങ്ങള്‍ കൈമാറിയതിന് വലിയ തുകയാണ് യുവാവ് കൈപ്പറ്റിയത്. സഹോദരന്റെയും പ്രതി ജോലി ചെയ്യുന്ന കമ്പനിയിലെ ഡ്രൈവറുടെയും അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്.


Tags:    

Similar News