വി.എസ് ജോയിയെ കിന്‍ഡര്‍ ജോയിയാക്കി; ഡി.സി.സി ഓഫീസ് അടിച്ചുവാരാന്‍പോലും യോഗ്യത ഇല്ലാത്തവനെന്നും ആക്ഷേപിച്ചു; പാലക്കാട് ഉപതിരഞ്ഞെടുപ്പോടെ പറഞ്ഞതെല്ലാം വിഴുങ്ങി നിലമ്പൂരില്‍ ജോയിയെ പി വി അന്‍വര്‍ പിന്തുണയ്ക്കാന്‍ കാരണം? ആര്യാടന്‍ ഷൗക്കത്തിനോട് മാത്രം അരിശം മാറാത്തതിന് പിന്നിലെ കഥയും

നിലമ്പൂരില്‍ ജോയിയെ പി വി അന്‍വര്‍ പിന്തുണയ്ക്കാന്‍ കാരണം?

Update: 2025-01-14 17:46 GMT

മലപ്പുറം: പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെയാണ്. അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് ലീഗ് പച്ചക്കൊടി കാട്ടിയിട്ടും ശക്തമായ എതിര്‍പ്പ് പരസ്യമാക്കിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനോടുള്ള അരിശം തീര്‍ത്തായിരുന്നു ജോയിക്കുള്ള പിന്തുണ.

നേരത്തെ കിന്‍ഡര്‍ ജോയി എന്നും ഡി.സി.സി ഓഫീസ് അടിച്ച് വാരാന്‍ പോലും യോഗ്യതയില്ലാത്തവനെന്നും ആയിരുന്നു ജോയിക്കെതിരെ അന്‍വറിന്റെ പരിഹാസങ്ങള്‍. എന്നാല്‍ അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് അനുകൂല നിലപാടെടുത്തതും പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നിലമ്പൂരില്‍ അന്‍വറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി അനുരഞ്ജനത്തിന് അവസരം ഒരുക്കിയതുമാണ് വി.എസ് ജോയിയെ അന്‍വറിന്റെ പ്രിയപ്പെട്ടവനാക്കിയത്.

അതിനു മുമ്പ് ജോയിയും അന്‍വറും കൊണ്ടും കൊടുത്തുമാണ് മുന്നോട്ടുപോയിരുന്നത് മാന്യന്‍മാരുടെ മുഖത്ത് കോലം തേക്കുന്ന കോമാളിയാണ് അന്‍വറെന്നും സി.പി.എം നേതൃത്വം അന്‍വറിനെ ചങ്ങലക്കിട്ട് നിയന്ത്രിക്കണമെന്നും ജോയി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് കലാപം പ്രഖ്യാപിച്ച് അന്‍വര്‍ ഡി.എം.കെയുമായി രംഗപ്രവേശം ചെയ്തതോടെയാണ് ജോയിയും അന്‍വറും സൗഹൃദത്തിന്റെ പാതയിലായത്. അന്‍വറിന്റെ പിന്തുണയുണ്ടായാല്‍ നിലമ്പൂരില്‍ നിന്നും ജോയിക്ക് വിജയിക്കാമെന്നും പകരം മലപ്പുറം ജില്ലയിലെ തവനൂരില്‍ അന്‍വറിനെ സ്വതന്ത്രനാക്കാമെന്ന ധാരണയുമാണ് ഉരുത്തിരിഞ്ഞതെന്നാണ് അറിയുന്നത്.

കെ.ടി ജലീലിന്റെ സിറ്റിങ് സീറ്റാണ് തവനൂര്‍. എ.ഡി.ജി.പി അജിത്കുമാര്‍, മലപ്പുറം എസ്.പി സുജിത്ദാസ് എന്നിവര്‍ക്കെതിരെ അന്‍വര്‍ വാര്‍ത്താസമ്മേളന പരമ്പരകളിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ ജലീലും അന്‍വറിന് പിന്തുണ നല്‍കിയിരുന്നു. ജോണ്‍ ബ്രിട്ടാസ് കൂടിക്കാഴ്ച നടത്തുകയും പിണറായി നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് ജലീല്‍ അന്‍വറിനെ തള്ളിപ്പറഞ്ഞത്.

കഴിഞ്ഞ തവണ മുസ്ലീം ലീഗ് നിര്‍ദ്ദേശിച്ച കാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പലിനെയാണ് തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഫിറോസ് കുന്നുംപറമ്പിലിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദാണ് കോണ്‍ഗ്രസിന്റെ സീറ്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. ഫിറോസ് കുന്നുംപറമ്പിലിന്റെ ശക്തമായ പ്രചരണത്തില്‍ 2185 വോട്ടിനാണ് ജലീല്‍ വിജയച്ചത്.

ആര്യാടന്‍ മുഹമ്മദ് 34 വര്‍ഷം എം.എല്‍.എയായിരുന്ന നിലമ്പൂരില്‍ ആര്യാടന്‍ മത്സരരംഗത്ത് നിന്നും മാറിയ 2016ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് പി.വി അന്‍വര്‍ ഇടത് സ്വതന്ത്രനായി നിയമസഭയിലെത്തിയത്. ആഫ്രിക്കയില്‍ സ്വര്‍ണഖനനത്തിന് പോയ അന്‍വര്‍ നാടകീയമായി മടങ്ങിയെത്തിയാണ് 2021ല്‍ വീണ്ടും ഇടത് സ്വതന്ത്രനായത്. അന്ന് ആര്യാടന്‍ ഷൗക്കത്തിന് പകരം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ആര്യാടന്‍ ഷൗക്കത്തിന് നല്‍കുകയും ചെയ്തു.

എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ആര്യാടന്‍ ഷൗക്കത്തിനെ മാറ്റി ഡി.സി.സി പ്രസിഡന്റ് സ്ഥാനം വി.വി പ്രകാശിന് തന്നെ നല്‍കി. വോട്ടെണ്ണലിന്റെ തലേദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് വി.വി പ്രകാശ് മരണപ്പെടുകയായിരുന്നു. 2021ല്‍ 2700 വോട്ടുകള്‍ക്കാണ് അന്‍വര്‍ വിജയിച്ചത്. കോണ്‍ഗ്രസ് പുനസംഘടന വന്നപ്പോള്‍ ഷൗക്കത്തിനെ വെട്ടി എ ഗ്രൂപ്പുകാരനായ വി.എസ് ജോയി മറുകണ്ടം ചാടിയാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റായത്.

അന്‍വറിന്റെ നിയമലംഘനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിച്ചപ്പോഴും ശക്തമായി പ്രതികരിച്ചിരുന്നത് ആര്യാടന്‍ ഷൗക്കത്താണ്. 2019തിലെ പ്രളയത്തില്‍ നിലമ്പൂര്‍ മേഖലയിലെ വനത്തിനുള്ളില്‍ താമസിക്കുന്ന മുന്നൂരിലേറെ ആദിവാസി കുടുംബങ്ങള്‍ വീട് നഷ്ടപ്പെട്ട് ഒറ്റപ്പെട്ടിരുന്നു. അഞ്ചു വര്‍ഷമായിട്ടും ഇവരുടെ പുനരധിവാസം എങ്ങുമെത്താതായതോടെ ആര്യാടന്‍ ഷൗക്കത്തും വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴയുമാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ വനത്തിനുള്ളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ആവശ്യമായ ബയോ ടോയിലറ്റ് സൗകര്യവും കുടിവെള്ളവും അടക്കം എത്തിച്ചത്.

നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പി.വി അന്‍വര്‍ അറസ്റ്റിലായതോടെ പിന്തുണയുമായി കോണ്‍ഗ്രസ് മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇത് അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നതായും വാര്‍ത്ത വന്നു. ഇതോടെ ഓഫീസ് അടിച്ചുപൊളിക്കലല്ല യു.ഡി.എഫ് പ്രവേശനത്തിന്റെ മാനദണ്ഡമെന്നു പറഞ്ഞ് ഷൗക്കത്ത് എതിര്‍ശബ്ദമുയര്‍ത്തുകയായിരുന്നു. കഴിഞ്ഞ 9 വര്‍ഷമായി വന്യജീവി സംഘര്‍ഷങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങളിലൊന്നും എം.എല്‍.എയായ അന്‍വറിനെ കണ്ടില്ലെന്ന രൂക്ഷ വിമര്‍ശനവും ഷൗക്കത്ത് ഉയര്‍ത്തി. ഇതോടെയാണ് നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഷൗക്കത്തിനെ തള്ളി ജോയിയെ നിര്‍ദ്ദേശിച്ച് അന്‍വര്‍ രംഗത്തെത്തിയത്. ഷൗക്കത്ത് എവിടെയാണ് അയാള്‍ കഥയെഴുത്തുകാരന്‍ ആണെന്നുമയിരുന്നു അന്‍വറിന്റെ പരിഹാസം. ഷൗക്കത്ത് മത്സരിക്കുകയാണെങ്കിലും പിന്തുണ നല്‍കുമെന്ന് അന്‍വര്‍ മയപ്പെടുത്തിയെങ്കിലും ഭൂരിപക്ഷം കുറയുമെന്ന ഒളിയമ്പെയ്യുകയും ചെയ്തു.

Tags:    

Similar News