മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലുമായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തന്നെയോ സുബി ബാബുവിനെയോ പരിഗണിക്കാതെ ജൂനിയറായ നിജി ജസ്റ്റിനെ മേയറാക്കിയത് എന്തിന്? രാത്രിയുടെ മറവിലെ സസ്‌പെന്‍ഷനെ ഭയക്കുന്നില്ല; ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ച് പ്രതികരണം; ലാലി ജെയിംസ് രണ്ടും കല്‍പ്പിച്ച്; തേറമ്പിലും അമര്‍ഷത്തില്‍
തൃശൂര്‍: തൃശൂര്‍ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലാലി ജെയിംസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. തനിക്കെതിരെയുള്ള നടപടി അപക്വമാണെന്നും ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ രാത്രിയുടെ മറവിലാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചതെന്നും അവര്‍ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നോട് പാര്‍ട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും പണമില്ലാത്തതിനാല്‍ അത് നല്‍കാന്‍ കഴിയില്ലെന്ന് താന്‍ വ്യക്തമാക്കിയെന്നും ലാലി വെളിപ്പെടുത്തി. മുന്‍ സ്പീക്കറായ തേറമ്പില്‍ രാമകൃഷ്ണന്റെ അനുയായിയാണ് ലാലി. തൃശൂരിലെ സംഭവ വികാസങ്ങളില്‍ തേറമ്പില്‍ അമര്‍ഷത്തിലാണ്.
മേയര്‍ പദവി ലഭിച്ച നിജി ജസ്റ്റിന്‍ ഫണ്ട് നല്‍കിയിട്ടുണ്ടാകാമെന്നും, താന്‍ പണം നല്‍കാത്തതിനാല്‍ മേയര്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ലെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവര്‍ പറഞ്ഞു. കെപിസിസിയും എഐസിസിയും നിലവിലെ നേതൃത്വത്തിനൊപ്പമായതിനാല്‍ പരാതി നല്‍കിയിട്ട് കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷന്‍ നടപടി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും പാര്‍ട്ടി അംഗത്വം ഇല്ലെങ്കിലും മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി ജെയിംസ് വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നും നേതാക്കള്‍ക്ക് മാത്രമാണോ ആത്മാഭിമാനമെന്നും അവര്‍ ചോദിച്ചു. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ലാലി ജെയിംസ് തൃശൂരില്‍ പറഞ്ഞു.
ലാലിക്കെതിരെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റ് തന്നോട് പാര്‍ട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും പണം നല്‍കാന്‍ കഴിയാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നും അവര്‍ വെളിപ്പെടുത്തി. മേയര്‍ പദവി ലഭിച്ച നിജി ജസ്റ്റിന്‍ ഫണ്ട് നല്‍കിയിട്ടുണ്ടാകാമെന്നും ലാലി ആരോപിച്ചു. എന്നാല്‍, പാര്‍ട്ടി അംഗത്വം പോയാലും താന്‍ മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും നേതൃത്വത്തിന്റെ അഴിമതിക്കെതിരെ പോരാടുമെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ് ലാലി ജെയിംസിന്റെ ഈ പരസ്യ പ്രതികരണങ്ങള്‍.
നിലവിലെ മേയര്‍ നിജി ജസ്റ്റിനെതിരെ താന്‍ ഉന്നയിച്ച പണമിടപാട് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ലാലി ജെയിംസ് വ്യക്തമാക്കി. നിജി ജസ്റ്റിന്‍ പണവുമായി പലയിടങ്ങളിലും പോയതായി തനിക്ക് അറിവുണ്ട്. മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലുമായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തന്നെയോ സുബി ബാബുവിനെയോ പരിഗണിക്കാതെ ജൂനിയറായ നിജി ജസ്റ്റിനെ മേയറാക്കിയത് എന്തിനാണെന്ന് അവര്‍ ചോദിച്ചു.
പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ മറ്റ് മുന്നണികളിലേക്ക് ചേക്കേറുന്ന സ്വഭാവം തനിക്കില്ലെന്നും തന്റെ നിലപാടുകള്‍ ശരിയാണെന്ന് വിശ്വസിക്കുന്നവര്‍ക്കൊപ്പമാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് കൂടുതല്‍ ദോഷമുണ്ടാക്കുന്ന പ്രവൃത്തികളിലേക്ക് ഇനി നീങ്ങില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
