ഒരു മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് കരുതി; ബന്ധുക്കളോട് പറഞ്ഞത് പക്ഷാഘാതം കാരണം മരിച്ചെന്ന്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമായി; പിന്നില്‍ ഭാര്യയും 16കാരിയായ മകളും ചേര്‍ന്നുള്ള പ്ലാനിംഗ്; ക്വട്ടേഷന്‍ നല്‍കി ഉപയോഗിച്ചത് മകളുടെ കാമുകനെ; വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്‍

വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്‍

Update: 2025-08-04 09:13 GMT

ദിബ്രുഗഡ് : അസമിലെ ദിബ്രുഗഡില്‍ ഒരു പ്രാദേശിക വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ജൂലൈ 25-നാണ് 52 വയസുകാരനായ ഉത്തം ഗൊഗോയിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍, ഉത്തമിന്റെ കുടുംബം തന്നെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കേസില്‍ ഭാര്യയും മകളും ആണ്‍സുഹൃത്തുമടക്കം നാല് പേര്‍ അറസ്റ്റിലായി. കുറ്റം നടന്ന് എട്ട് ദിവസത്തിന് ശേഷം ഞായറാഴ്ചയാണ് പൊലീസ് അമ്മയെയും മകളെയും മറ്റ് രണ്ട് പേരെയും പിടികൂടിയത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഉത്തമിന്റെ 16 വയസുള്ള മകള്‍ 21 വയസുകാരനായ ദിപ്‌ജ്യോതി ബുരഗോഹൈനുമായി പ്രണയത്തിലായിരുന്നു. ബുരഗോഹൈന്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകം നടത്താന്‍ അമ്മയും മകളും ചേര്‍ന്ന് ദിപ്‌ജ്യോതിക്കും പ്രായപൂര്‍ത്തിയാകാത്ത കൂട്ടാളിക്കും വലിയ തുകയും സ്വര്‍ണ്ണാഭരണങ്ങളും നല്‍കിയതായി ആരോപിക്കപ്പെടുന്നു. അറസ്റ്റിന് ശേഷം പോലീസ് ഈ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തു.

പൊലീസിനെ കബളിപ്പിക്കാന്‍ മോഷണശ്രമമായി വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. പക്ഷേ അവരുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ ഫോറന്‍സിക് തെളിവുകള്‍ അവരുടെ പങ്കാളിത്തം വ്യക്തമാക്കുകയും ചെയ്തുവെന്ന് ദിബ്രുഗഡ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് രാകേഷ് റെഡ്ഡി പറഞ്ഞു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും മകള്‍ കുറ്റംസമ്മതിച്ചതായും രാകേഷ് റെഡ്ഡി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എസ്എസ്പി റെഡ്ഡി, കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് വ്യക്തമാക്കി.സാധാരണയായി ശാന്തമായ ലഹോണ്‍ ഗാവോ പ്രദേശത്ത് ഈ കേസ് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഉത്തം ഗൊഗോയിയെ സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായിരുന്നു. അറസ്റ്റിന് പിന്നാലെ ബാര്‍ബറുവയില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു, കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

ജൂലായ് 25-നാണ് ഉത്തം ഗൊഗോയിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പക്ഷാഘാതം കാരണം മരണം സംഭവിച്ചെന്നായിരുന്നു ഭാര്യയും മകളും ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉത്തമിന്റെ സഹോദരന് മൃതദേഹം കണ്ടപ്പോള്‍ത്തന്നെ ചില സംശയങ്ങളുണ്ടായി. ഉത്തം ഗൊഗോയിയുടെ ചെവി മുറിഞ്ഞനിലയിലായിരുന്നു. സമീപത്തായി ഒരു കുട തുറന്നുവെച്ച നിലയിലും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് സഹോദരന്‍ തിരക്കിയപ്പോള്‍ വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നതായി സംശയമുണ്ടെന്നായിരുന്നു ഉത്തമിന്റെ ഭാര്യയുടെ മറുപടി. ഇതോടെ ബന്ധുക്കള്‍ക്ക് സംശയം ബലപ്പെട്ടു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി പുറത്തുവന്നതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

പ്രതികളായ രണ്ട് ആണ്‍കുട്ടികളില്‍ ഒരാളുമായി മകള്‍ അടുപ്പത്തിലായിരുന്നു. ഉത്തം ഗൊഗോയിയെ കൊലപ്പെടുത്താനായി ഭാര്യയും മകളും ഇവരെ വാടകക്കൊലയാളികളായി ഏര്‍പ്പാടാക്കിയെന്നാണ് സൂചന. ഇതിന് പ്രതിഫലമായി പണവും ആഭരണങ്ങളും വാഗ്ദാനം ചെയ്തിരുന്നതായും സൂചനയുണ്ട്. അതേസമയം, എന്താണ് കൊലപാതകത്തിന്റെ യഥാര്‍ഥ കാരണമെന്നത് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേസില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നുമാണ് പോലീസിന്റെ പ്രതികരണം.

പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ സംഭവം കവര്‍ച്ചയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഭാര്യയുടെയും മകളുടെയും പങ്ക് കണ്ടെത്തിയതെന്ന് ദിബ്രുഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ട് എസ്എസ്പി രാകേഷ് റെഡ്ഡി പറഞ്ഞു. നേരത്തെ കൊലപാതകം പ്ലാന്‍ ചെയ്തിരുന്നെങ്കിലും ജൂലൈയിലെ ശ്രമമാണ് വിജയകരമായത്.

Tags:    

Similar News