രോഗം ഭേദമായിട്ടും ഡിസ്ചാര്‍ജിന് വഴങ്ങാതെ യുവതി ആശുപത്രിയില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം; ഒടുവില്‍ നിയമ പോരാട്ടം നടത്തി വിജയിച്ച ആശുപത്രി പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് കെയര്‍ ഹോമിലേക്ക് മാറ്റി; ബ്രിട്ടനിലെ ഒരു രോഗി-ആശുപത്രി തര്‍ക്കത്തിന്റെ കഥ

രോഗം ഭേദമായിട്ടും ഡിസ്ചാര്‍ജിന് വഴങ്ങാതെ യുവതി ആശുപത്രിയില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം

Update: 2025-02-09 00:39 GMT

ലണ്ടന്‍: രോഗം ഭേദമായി വീട്ടിലേക്ക് പോകാനുള്ള ആരോഗ്യ സ്ഥിതിയിലെത്തിയിട്ടും ജെസ്സി എന്ന 35 കാരി ആശുപത്രിയില്‍ ചെലവഴിച്ചത് 18 മാസങ്ങള്‍. 2023 ഏപ്രില്‍ 14 ന് ആയിരുന്നു ഇവര്‍ സെല്ലുലിറ്റിസുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി നോര്‍ത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തുന്നത്. ഏപ്രില്‍ അവസാനത്തോടെ ഇവര്‍ ആരോഗ്യവതിയായി എന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാമെന്നും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. എന്നാല്‍, അവര്‍ക്ക് പോകാന്‍ മറ്റൊരിടമില്ലായിരുന്നു.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായീവര്‍ താമസിച്ചിരുന്ന നഴ്സിംഗ് ഹോമിന് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമായിരുന്നില്ല. തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യമുള്ള അവര്‍ വിവിധ ആനുകൂല്യങ്ങളിലാണ് ജീവിക്കുന്നത്. വൈകാരികമായി സ്ഥിരതയുള്ള ഒരു വ്യക്തിത്വമല്ല അവരുടേത്. മാനസികാരോഗ്യം മെച്ചപ്പെട്ടതല്ലാത്ത അവര്‍ക്ക് സഹായവും വ്യക്തിഗത ശ്രദ്ധയും ആവശ്യവുമാണ്. വളരെ പെട്ടെന്നായിരിക്കും തനിക്ക് കോപം വരിക, അല്ലെങ്കില്‍ ആശങ്കാകുലയാവുക, ചിലപ്പോള്‍ തോന്നും താന്‍ ഒന്നിനും കൊള്ളാത്തവളാണെന്ന്, അവര്‍ ബി ബി സിയോട് പറഞ്ഞു.

അവരുടെ പ്രശ്നം കെയര്‍ സിസ്റ്റം അനുഭവിക്കുന്ന അതി സമ്മര്‍ദ്ധത്തിലേക്ക് പൊതു ശ്രദ്ധ തിരിക്കുന്ന ഒന്നായിരുന്നു. മാത്രമല്ല, സോഷ്യല്‍ കെയര്‍ സംവിധാനങ്ങളുടെ കുറവ് മൂലം രോഗം ഭേദമായിട്ടും ആശുപത്രികളില്‍ തുടരുന്നവരുടെ കാര്യവും ചര്‍ച്ചയായി. ആറ് കിടക്കകളുള്ള വാര്‍ഡില്‍ കുടുങ്ങിയതോടെ അവരുടെ മാനസികാരോഗ്യം കൂടുതല്‍ തകരന്‍ തുടങ്ങി, മറ്റുള്ളവരുടെ തുറിച്ചു നോട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ കിടക്കുന്ന ഭാഗം കര്‍ട്ടനിട്ടു മറച്ചു. തന്റെ കളിപ്പാട്ടങ്ങളുമായി ആ ഏകാന്തതയില്‍ അവര്‍ ജീവിതം തള്ളിനീക്കുകയായിരുന്നു.

ഇവര്‍ക്കായി ഒരു കെയര്‍ ഹോം കണ്ടെത്തുന്നതിനിടയില്‍ ഇവരുടെ കേസ് ഹൈക്കോടതിയിലെത്തി. ഇവരെ സംരക്ഷിക്കേണ്ട ചുമതലയുള്ള നോര്‍ത്താംപ്ടണ്‍ഷയര്‍ കൗണ്‍സില്‍, ഇവരുടെ സ്വഭാവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളെ കുറിച്ച് മൗനം പൂണ്ടു. അതേസമയം, ജെസ്സിയുടെ ദീര്‍ഘകാല ആശുപത്രി വാസം ഒരിക്കലും ന്യായീകരിക്കാന്‍ ആകില്ല എന്ന നിലപാടായിരുന്നു ഹോസ്പിറ്റല്‍ അധികൃതര്‍ എടുത്തത്. അതിനു വരുന്ന വന്‍ ചെലവ് തന്നെയായിരുന്നു അവര്‍ കാരണമായി ചൂണ്ടിക്കാട്ടിയതും.

നീണ്ട 18 മാസങ്ങള്‍ക്ക് ശേഷമാണ് പോലീസ് എത്തി അവരെ അറസ്റ്റ് ചെയ്ത് അടുത്ത പട്ടണത്തിലുള്ള ഒരു കെയര്‍ ഹോമിലേക്ക് മാറ്റിയത്. കൗണ്‍സില്‍ ഇവരെ താമസിപ്പിക്കാനായി 120 ഓളം കെയര്‍ ഹോമുകളെ സമീപിച്ചതായും അതില്‍ ഒന്നു മാത്രമാണ് ഇവരെ സ്വീകരിക്കാന്‍ തയ്യാറായതെന്നും ഇവരുടെ കേസുമായി ബന്ധപ്പെട്ട നിയമ രേഖകള്‍ പറയുന്നു. സോഷ്യല്‍ കെയര്‍ സിസ്റ്റത്തില്‍ വന്നിരിക്കുന്ന വിള്ളലില്‍ന്റെ ഉദാഹരണമായിട്ടാണ് ഇപ്പോള്‍ ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

ഈ വര്‍ഷം ആരംഭത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് യു കെയിലെ 1 ലക്ഷത്തോളം ആശുപത്രികളില്‍ 13,000 ആശുപത്രികളില്‍ രോഗം ഭേദമായവര്‍ തുടരുകയാണ് എന്നാണ്. ഇവര്‍ ആശുപത്രിയില്‍ താമസിക്കേണ്ടതായ മെഡിക്കല്‍ സാഹചര്യം ഇല്ലാത്ത സാഹചര്യത്തിലാണിത്. ആരോഗ്യ- സാമൂഹ്യ സുരക്ഷാ വകുപ്പും ഈ പ്രശ്നം ഉണ്ടെന്ന് സമ്മതിക്കുന്നു. എന്‍ എച്ച് എസ്സിന്റെ താറുമാറായ ഡിസ്ചാര്‍ജിംഗ് സംവിധാനമാണ് പ്രതി എന്ന് അവര്‍ പറയുന്നു.

Tags:    

Similar News