കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത് 18 മാസം മുമ്പ്; മൃതദേഹം കണ്ടെത്തി സംസ്‌കാര ചടങ്ങുകളും നടത്തി; ജയിലില്‍ വിചാരണ കാത്ത് നാല് പ്രതികളും; ഇതിനിടെ അപ്രതീക്ഷിതമായി സ്വന്തം വീട്ടില്‍ തിരിച്ചെത്തി 35കാരി; സിനിമ കഥയല്ല, മധ്യപ്രദേശില്‍ സംഭവിച്ചത്

കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി അപ്രതീക്ഷിതമായി വീട്ടിലെത്തി

Update: 2025-03-22 09:47 GMT

ഭോപ്പാല്‍: അജ്ഞാത വാഹനം ഇടിച്ചു കൊല്ലപ്പെട്ടെന്ന് കരുതി, മൃതദേഹം കണ്ടെടുത്ത് സംസ്‌കാര ചടങ്ങുകള്‍ വരെ നടത്തിയ യുവതി ജീവനോടെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതിന്റെ അമ്പരപ്പിലാണ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും. സിനിമ കഥകളിലൊക്കെ മാത്രം കേട്ടിട്ടുള്ളതു പോലുള്ള വലിയ ട്വിസ്റ്റാണ് മധ്യപ്രദേശിലെ മന്ത്‌സൗര്‍ സ്വദേശിയായ ഒരു യുവതിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.

2023ല്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്, മൃതദേഹം ഉള്‍പ്പെടെ കണ്ടെത്തി സംസ്‌കാര ചടങ്ങുകളും നടത്തിക്കഴിഞ്ഞ 35കാരിയാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്. നാട്ടുകാരും സുഹൃത്തുക്കളും അമ്പരന്നപ്പോള്‍ ഈ യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഇപ്പോഴും ജയലില്‍ കഴിയുന്ന നാല് പേര്‍ നേരിട്ട ദുരനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇവര്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമോയെന്ന ആശങ്കയിലാണ് പൊലീസ്.

ലളിത ബായ് എന്ന യുവതി വീട്ടിലെത്തിയതിന് പിന്നാലെ അച്ഛന്‍ അടുത്തുള്ള ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിവരം അറിയിച്ചു. സംഭവം പൊലീസ് സ്റ്റേഷന്‍ മേധാവി തരുണ ഭരദ്വാജ് സ്ഥിരീകരിച്ചു. യുവതി സ്വന്തം നിലയ്ക്ക് തന്നെ വീട്ടിലെത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ 2023ല്‍ കാണാതായ സമയത്ത് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പൊലീസ് ഇവരെ ചോദ്യം ചെയ്തു.

യുവതി പറയുന്നതനുസരിച്ച് ഷാരൂഖ് എന്നൊരാള്‍ തന്നെ ഭാന്‍പുര എന്ന സ്ഥലത്ത് കൊണ്ടുപോയ ശേഷം അഞ്ച് ലക്ഷം രൂപ നല്‍കി ഒരാള്‍ക്ക് വിറ്റു. ഇയാള്‍ യുവതിയെ രാജസ്ഥാനിലെ കോട്ടയിലേക്ക് കൊണ്ടുപോയി. അവിടെയാണ് 18 മാസം ജീവിച്ചത്. ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ അവസരം കിട്ടിയപ്പോള്‍ നാട്ടിലെത്തുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ കൈവശം ഇല്ലാതിരുന്നതിനാല്‍ വീട്ടുകാരെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ മാതാവായ യുവതി തന്റെ ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും തെളിവിനായി പൊലീസിന് സമര്‍പ്പിക്കുകയും ചെയ്തു.

യുവതിയെ കാണാതായതിന് പിന്നാലെ 2023 സെപ്റ്റംബറിലാണ് ഒരു അജ്ഞാത യുവതി വാഹനം ഇടിച്ച് കൊല്ലപ്പെട്ടെന്നും ഇത് ലളിത ബായ് ആണോയെന്ന് തിരിച്ചറിയാന്‍ എത്താനും വീട്ടുകാരോട് ആവശ്യപ്പെട്ടത്. അച്ഛന്‍ സ്ഥലത്തെത്തി നോക്കിയപ്പോള്‍ തലയും മുഖവും പൂര്‍ണമായി തകര്‍ന്നിരുന്നു. ഒരു ടാറ്റൂവും കാലില്‍ ധരിച്ചിരുന്ന കറുത്ത ചരടും കണ്ട് മകളാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മൃതദേഹം വീട്ടിലെത്തിച്ച് അന്ത്യ കര്‍മങ്ങള്‍ നടത്തി.

പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് ഇംറാന്‍, ഷാരൂഖ്, സോനു, ഇജാസ് എന്നീ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ ഇപ്പോഴും വിചാരണ കാത്ത് ജയിലിലാണ്. യുവതി തിരിച്ചെത്തിയതോടെ തങ്ങളെ ഇനി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ യുവാക്കള്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഇതിന്മേല്‍ പൊലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി.

അതേസമയം തിരിച്ചെത്തിയത് കാണാതായ സ്ത്രീ തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആവുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. ഇതോടെ കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News