ലോകത്തിലെ ഏറ്റവും എരിവുള്ള കറി കടിച്ച മനുഷ്യനെ അവസ്ഥ! ലണ്ടനില്‍ ഇന്ത്യന്‍ ഭക്ഷണശാലയില്‍ കയറി എരിവ് ഭക്ഷണം കഴിച്ചയാള്‍ക്ക് ആകെ വെപ്രാളം; ഒരു മാമ്പഴ ലസ്സി കുടിക്കാന്‍ പ്രേരിപ്പിച്ചു ജീവനക്കാര്‍; ഓടിപ്പോയ ഡാനിയേല്‍ പാതയില്‍ ഷര്‍ട്ടില്ലാതെ കിടന്നുരുണ്ടു

ലോകത്തിലെ ഏറ്റവും എരിവുള്ള കറി കടിച്ച മനുഷ്യനെ അവസ്ഥ കാണണോ?

Update: 2025-06-25 10:19 GMT

ലണ്ടന്‍: നമ്മുടെ കൂട്ടത്തില്‍ ചിലരെങ്കിലും വളരെ എരിവുള്ള ഭക്ഷണ സാധനങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും എന്നും അവര്‍ക്ക് വ്യക്തമായി അറിയുകയും ചെയ്യാം. ഇപ്പോള്‍ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വാര്‍ത്ത ലണ്ടനില്‍ ഒരു ഇന്ത്യന്‍ ഭക്ഷണശാലയില്‍ എരിവ് കഴിച്ച് വെട്ടിലായ ഒരാളിന്റെ കഥയാണ്. സമൂഹ മാധ്യമമായ എക്സില്‍ അറുപത് ലക്ഷത്തിലധികം പേരാണ് ഈ വാര്‍ത്ത കണ്ടത്. ലോകത്തിലെ ഏറ്റവും എരിവുള്ള കറി എന്ന് വിളിക്കപ്പെടുന്ന ഭക്ഷണസാധനത്തിലെ ഒരു കഷണം കഴിച്ച ഒരു യുവാവ് കുഴഞ്ഞു വീഴാന്‍ തുടങ്ങിയ സംഭവമാണ് ഇതിലുള്ളത്. ഡാനിയല്‍ എന്ന വ്യക്തിയാണ് എരിവ് കഴിച്ച് അക്ഷരാര്‍ത്ഥത്തില്‍ നെട്ടോട്ടമോടിയത്.

ഡാനിയല്‍ വിഭവം പരീക്ഷിച്ചു നോക്കിയതിന് ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ റസ്റ്റോറന്റില്‍ നിന്ന് ഓടിപ്പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് നടപ്പാതയില്‍ ഇയാള്‍ ഷര്‍ട്ടില്ലാതെ അവശ നിലയില്‍ കിടക്കുന്നതായും കാണാം. ഈസ്റ്റ് ലണ്ടനിലെ ദി ബംഗാള്‍ വില്ലേജ് എന്ന റെസ്റ്റോറന്റിലാണ് ഈ വിഭവം വിളമ്പുന്നത്. അവിടെ ജീവനക്കാര്‍ ഡാനിയേലിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതായി കാണാം. റെസ്റ്റോറന്റ് ഉടമയായ രാജ് എന്ന വ്യക്തി ഡാനിയേലിനോട് ഉടന്‍ സുഖം പ്രാപിക്കുമെന്ന് പറയുന്നതും ഒരു മാമ്പഴ ലസ്സി കുടിക്കാന്‍ പ്രേരിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മാമ്പഴ ലസി കഴിച്ചാല്‍ 10 മിനിട്ടിനകം ആരോഗ്യ പ്രശ്നങ്ങള്‍ മാറി സുഖം പ്രാപിക്കുമെന്നും അദ്ദേഹം ഡാനിയേലിനോട് പറയുന്നുണ്ട്. താന്‍ ഒരു ഡോക്ടര്‍ അല്ലെങ്കിലും ലസി കരളിനേയും തൊണ്ടയേയും തണുപ്പിക്കുമെന്നൊക്കെ പറഞ്ഞാണ് ഹോട്ടലുടമ ഡാനിയേലിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇരുപത്തിരണ്ട് പൗണ്ടാണ് ഈ കറിയുടെ വില. അപൂര്‍വവും വീര്യം കൂടിയതുമായ സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഉടമകള്‍ പറയുന്നതനുസരിച്ച്, ചേരുവകള്‍ക്ക് മാത്രം 50 പൗണ്ട് വിലവരും. 15 മിനിറ്റിനുള്ളില്‍ മുഴുവന്‍ വിഭവവും മുഴുവനായി കഴിച്ചു തീര്‍ക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണം സമ്മാനമായി ലഭിക്കും.

എന്നാല്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളായിരിക്കില്ല എന്നാണ് ഹോട്ടലിന്റെ വെബ്സൈറ്റില്‍ കാണുന്നത്. മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സൈസിന്‍ ചിലപ്പോള്‍ വലിയ തോതിലുളള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, തലവേദന, കടുത്ത വിയര്‍പ്പ് തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും. കടുത്ത എരിവുള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗം അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാരകമായേക്കാമെന്നും അവര്‍ പറയുന്നു. ഗോസ്റ്റ് പെപ്പറുകള്‍ പോലുള്ള എരിവുള്ള കുരുമുളകുകള്‍ക്ക് വലിയ അപകടകാരികളായി മാറാനും കഴിയും. ഡാനിയേലിനെ കുടുക്കിയ വിഭവം 72 ഇനം മുളകുകള്‍ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്.

Tags:    

Similar News