പ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും! വാസുവിനും പത്മകുമാറിനും താമസിയാതെ ജയില്‍ മോചനം; ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ അട്ടിമറിയോ? കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നു?
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ അട്ടിമറിയോ? പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി എടുക്കുന്ന നിലപാട് ഇനി നിര്‍ണ്ണായകമാകും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം മാസം പലത് പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ലാതെ നീളുന്ന സാഹചര്യത്തില്‍, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത തെളിയുന്നു. പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുമെന്ന നിയമപരമായ ആനുകൂല്യമാണ് ഇവര്‍ക്ക് തുണയാകുന്നത്. ജയില്‍ മോചിതരാകുന്ന രണ്ടു പേരും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയിയല്‍ ഉയരുന്നുണ്ട്.
ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഒക്ടോബര്‍ 17ന് ആദ്യം അറസ്റ്റ് ചെയ്ത ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും പിന്നീട് പിടിയിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍ എന്നിവരുടെയും റിമാന്‍ഡ് കാലാവധി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കാന്‍ എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എന്‍. വാസു, എ. പത്മകുമാര്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയും ഉടന്‍ 60 ദിവസം തികയുന്നതോടെ പ്രതികളെല്ലാം ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള പഴുതുകള്‍ ഒരുങ്ങുകയാണ്.
മൂന്ന് മാസത്തോളമായി തുടരുന്ന അന്വേഷണത്തില്‍ സ്വര്‍ണപ്പാളികള്‍ക്ക് എന്ത് സംഭവിച്ചെന്നോ എത്രത്തോളം നഷ്ടപ്പെട്ടെന്നോ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണസംഘത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുന്നു. കേസില്‍ 'വന്‍ തോക്കുകളുടെ' പങ്കാളിത്തത്തെക്കുറിച്ച് ഹൈക്കോടതി തന്നെ സൂചന നല്‍കിയിട്ടും അന്താരാഷ്ട്ര തലത്തിലുള്ള ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനായി ഹൈക്കോടതി അനുവദിച്ച സമയം തീരാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ, തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് വ്യക്തമാക്കി എന്‍. വാസു സുപ്രീം കോടതിയെ ജാമ്യത്തിനായി സമീപിച്ചിട്ടുണ്ട്.
ഇതിനിടെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ഫോണില്‍ ബന്ധപ്പെട്ട ഉന്നതരുടെ വിവരങ്ങള്‍ കൈവശമുണ്ടായിട്ടും അവരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം മടിക്കുന്നത് വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന എഡിജിപി എച്ച്. വെങ്കിടേഷിനെ മാറ്റി മറ്റൊരാളെ ചുമതലപ്പെടുത്താന്‍ ഹൈക്കോടതി തയ്യാറായേക്കുമെന്ന ചര്‍ച്ചകളും പൊലീസ് വൃത്തങ്ങളില്‍ സജീവമാണ്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഈ കേസ് സിബിഐക്ക് വിടണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ശുപാര്‍ശ ചെയ്തതോടെ സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്. ഇടതുപക്ഷത്തെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ സ്വതന്ത്രമായ അന്വേഷണം വെല്ലുവിളിയായതിനാല്‍ കേസ് ഒഴിഞ്ഞുകിട്ടാന്‍ പൊലീസിനും താല്പര്യമുണ്ടെന്നാണ് സൂചന.
എന്നാല്‍ സിബിഐ അന്വേഷണം വന്നാല്‍ അത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ബിജെപി സിബിഐ അന്വേഷണത്തിനായി കരുക്കള്‍ നീക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനം നിര്‍ണ്ണായകമാകും.
