വെട്ടിത്തിളങ്ങുന്ന മസിലുള്ള ഫിറ്റ്നസ് ഗുരു; ശബരിമലയില്‍ പൊന്‍രാധാകൃഷ്ണനെ വിറപ്പിച്ച യുവ ഓഫീസര്‍; കണ്ണൂരില്‍ നിയമം ലംഘിച്ച നാട്ടുകാരെ കൊണ്ട് ഏത്തമിടീച്ച വിവാദനായകന്‍; പൂരപ്രേമികളില്‍ ഒരാളായി ജനക്കൂട്ടത്തിനൊപ്പം താളമിടുന്ന സഹൃദയന്; ആരെയും കൂസാത്ത യതീഷ് ചന്ദ്ര കണ്ണൂര്‍ റേഞ്ച് ഡിഐജിയായി വരുമ്പോള്‍ ചോദ്യം: എവിടെയായിരുന്നു ഇതുവരെ?
യതീഷ് ചന്ദ്ര എവിടെയായിരുന്നു ഇതുവരെ?
തിരുവനന്തപുരം: മലയാളികളുടെ അഭിമാനമായ തൃശ്ശൂര്‍ പൂരം കഴിഞ്ഞ വര്‍ഷം അലങ്കോലമായതിന് മുഖ്യകാരണം പൊലീസ് ഇടപെടലായിരുന്നു. അന്നത്തെ കമ്മിഷണര്‍ അങ്കിത് അശോകന്റെ തെറ്റായ ഇടപെടലാണ് പ്രശ്നം സൃഷ്ടിച്ചതെന്ന പരാതി ഉയര്‍ന്നതിനിടെ, മുന്‍ കമ്മിഷണറുടെ വീഡിയോ സൈബറിടത്തില്‍ വൈറലായിരുന്നു. കണ്ണൂര്‍ റേഞ്ചിലെ പുതിയ ഡിഐജിയായി ഇന്നലെ നിയമിതനായ യതീഷ് ചന്ദ്ര ഐപിഎസിന്റെ തൃശൂര്‍ പൂര പറമ്പിലെ വീഡിയോയാണ് അന്ന് വൈറലായത്.
യതീഷ് ചന്ദ്ര തൃശ്ശൂര്‍ കമ്മിഷണറായിരുന്ന കാലത്ത് അദ്ദേഹം പൂരത്തിനെത്തിയവരോട് മാന്യമായി പെരുമാറുന്നതും അവരോടൊപ്പം പൂരം ആഘോഷിക്കുന്നതുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. യതീഷ് ചന്ദ്രയുടെ തൃശൂര്‍ പൂര പറമ്പിലെ വീഡിയോ സ്റ്റാറ്റസ് ആക്കിയവരില്‍ തൃശൂരിലെ പൊലീസുകാരുണ്ടായിരുന്നു. പൊലീസ് ഇങ്ങനെയാവണമെടാ, എന്ന അടിക്കുറിപ്പുകളുമായാണ് അന്ന് വീഡിയോ പ്രചരിച്ചത്.
ഇടക്കാലത്ത് യതീഷ് ചന്ദ്ര എവിടെ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കര്‍ണാടക സ്വദേശിയായ യതീഷ് ചന്ദ്ര ഇടക്കാലത്ത് കേരളം വിട്ട് ബംഗളൂരു സിറ്റി പോലീസില്‍ അഴിമതി വിരുദ്ധവിഭാഗം എസ്പിയായി. ഡെപ്യൂട്ടേഷന് അവസാനിച്ച് ഏതാനും മാസം മുമ്പ് തിരിച്ചെത്തിയെങ്കിലും അവധിയിലായിരുന്നു. ഇപ്പോള്‍ ഡിഐജിയായി പ്രമോഷന് കിട്ടിയിരിക്കുകയാണ്.
ആരെയും കൂസാത്ത ഉദ്യോഗസ്ഥന്
സിനിമാ താരങ്ങളേക്കാള്‍ സുന്ദരനായ പൊലീസ് ഉദ്യോഗസ്ഥന്. ഫിറ്റ്നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിത്വം. യതീഷ് ചന്ദ്ര ഐപിഎസിനെ കുറിച്ചു പറയുമ്പോള്‍ തെളിഞ്ഞു വരുന്ന ചിത്രം ഇതൊക്കെയാണ്. ആരെയും കൂസാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേരളത്തില്‍ വിവാദങ്ങളിലും നിറഞ്ഞുനിന്ന ഉദ്യോഗസ്ഥനായിരുന്നു. 2021 ലാണ് കര്‍ണാടക കേഡറിലേക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.
കണ്ണൂര്‍ എസ്പി സ്ഥാനത്ത് നിന്ന് കെ എ പി നാലാം ബെറ്റാലിയന് മേധാവി സ്ഥാനത്ത് എത്തി ഒരുമാസം പിന്നിടുമ്പോഴാണ് നാട്ടിലേക്ക് സസ്ഥലംമാറ്റം വാങ്ങിയത്. കോവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ചതാണ് യതീഷ് ചന്ദ്രയുടെ ഔദ്യോഗിക ജീവിതത്തില്‍ കേരളത്തില്‍ വച്ചുണ്ടായ ഒടുവിലുണ്ടായ വിവാദം. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചെങ്കിലും കേരളത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതില്‍ യതീഷ് ചന്ദ്രയെ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ പ്രീതി നേടി കണ്ണൂരിലെത്തിയെങ്കിലും പിന്നീടുണ്ടായ വിവാദങ്ങള്‍ മുഖ്യമന്ത്രിയുടെ അടക്കം വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കിയിരുന്നു.
കണ്ണൂരില്‍ നിയമം ലഘിച്ചവരെ കൊണ്ട് ഏത്തമിടീച്ചും അദ്ദേഹം വിവാദത്തില്‍ നിറഞ്ഞിരുന്നു. നേരത്തെ ശബരിമലയിലും മറ്റും വിവാദ നായകനായ വ്യക്തിയാണ് യതീഷ് ചന്ദ്ര. ഒരുകാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യതീഷ് ചന്ദ്ര. ആലുവയില്‍ ആക്രമിക്കാന്‍ തുനിഞ്ഞ സഖാക്കളെ ലാത്തി കൊണ്ടു നേരിട്ടായിരുന്നു യതീഷ് ശ്രദ്ധേയനായത്. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ കൈക്കൊണ്ട മുഖം നോക്കാതെയുള്ള നടപടി യതീഷ് ചന്ദ്രയ്ക്ക് കൈയടി നേടികൊടുത്തു.
അങ്കമാലിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിനും പുതുവൈപ്പ് സമരത്തിലും ആളുകളെ കൈകാര്യം ചെയ്തതോടെ ഒരുവിഭാഗത്തിന്റെ പ്രിയപ്പെട്ടവനായി മാറിയിരുന്നു യതീഷ് ചന്ദ്ര. യതീഷിന്റെ പേരില്‍ ഫാന്‍സ് പേജുകളടക്കം ഉണ്ടാക്കി സംഘപരിവാര്‍ അനുകൂലികള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ കഥയും മാറി. ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി അദ്ദേഹം നടത്തിയ ഇടപെടലോടെ സംഘപരിവാറിന്റെ കണ്ണിലെ കരടായി യതീഷ്. ഈ വിവാദത്തിനിടെ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞത് വന്‍ വിവാദമായി. ഏറെ കഷ്ടപ്പെട്ടാണ് പിണറായി സര്‍ക്കാര്‍ കേന്ദ്രത്തിന്റെ നടപടിയില്‍ നിന്നും യതീഷ് ചന്ദ്രയെ രക്ഷിച്ചത്.
പിന്നീട് തൃശൂരില്‍ കമ്മീഷണറുമാക്കി. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിലെ ഏത്തമിടിക്കലോടെ വീണ്ടും സിപിഎമ്മിന് കണ്ണിലെ കരടായി യതീഷ് ചന്ദ്ര. നിലയ്ക്കലിലെ ആക്ഷന്‍ ഹീറോയാണ് യതീഷ് ചന്ദ്ര ഐപിഎസ്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ് ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയ യതീഷ് ചന്ദ്ര സോഷ്യല്‍ മീഡിയയിലെ താരമായി. രാഷ്ട്രീയം നോക്കാതെ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന വാഴ്ത്തപ്പെട്ടു. എന്നാല്‍ നിലയ്ക്കലിലെ ഇടപെടല്‍ യതീഷ് ചന്ദ്രയ്ക്ക് നല്‍കിയത് കഷ്ടകാലമാണ്. നിലയ്ക്കലില്‍ ഹൈക്കോടതി ജഡ്ജിയെ തടഞ്ഞത് വലിയ വിവാദമായി. ജഡ്ജിയോട് മാപ്പു പറഞ്ഞാണ് അന്ന് യതീഷ് ചന്ദ്ര തടിയൂരിയത്. ശബരിമലിയില്‍ പൊന്‍രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിണറായി വിജയന് ന്യായീകരിച്ചിരുന്നു
വിവാദങ്ങളുടെ തോഴന്
അങ്കമാലിയില്‍ എല്‍ഡിഎഫ്. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്ത സംഭവമാണ് യതീഷ് ചന്ദ്രയെ എല്ലാവരുടെയും നോട്ടപ്പുള്ളിയാക്കിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സമരം അക്രമിത്തിന് വഴിമാറുമെന്ന ഘട്ടത്തില്‍ യതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലാത്തിവീശുകയായിരുന്നു. ഇതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വഴിയാത്രക്കാരായ വയോധികനെ പോലും യതീഷ് ലാത്തി കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇത് അദ്ദേഹത്തിന്റെ ഇമേജിനെ തന്നെ ബാധിച്ചു. എന്നാല്‍, അക്രമം തടയാന്‍ വേണ്ടിയുള്ള നടപടി സ്വീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നാണ് യതീഷ് പറഞ്ഞത്.
2015 മാര്‍ച്ചിലെ ഹര്‍ത്താല്‍ ദിനത്തില്‍ തടഞ്ഞുവച്ചിരിക്കുന്ന വാഹനങ്ങള്‍ കടത്തി വിടാന്‍ പ്രവര്‍ത്തകരോട് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ഇതേച്ചൊല്ലി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എന്നാല്‍ ലാത്തിചാര്‍ജ്ജ് നടത്താന്‍ ഉത്തരവിട്ടെങ്കിലും കൂടെ ഉണ്ടായിരുന്ന പൊലീസുകാര്‍ മാറിനിന്നു. ഇതോടെയാണ് യതീഷ്ചന്ദ്ര തന്നെ ലാത്തിയുമായി നിരത്തിലിറങ്ങിയത്. സംഘര്‍ഷത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. വയോധികനായ വ്യക്തിയെ പോലും തല്ലിയെന്ന ചീത്തപ്പേരും അദ്ദേഹത്തിന് ലഭിച്ചു.
അന്ന് പി രാജീവിന്റെ നേതൃത്വത്തില്‍ യതീഷിനെതിരെ പ്രതിഷേധമൊക്കെ നടത്തിയെങ്കിലും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് എതിരെ പ്രതികാര നടപടിയൊന്നും ഉണ്ടായില്ല. കൊച്ചി ഡിസിപിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. പുതുവൈപ്പിനില്‍ യതീഷ് ചന്ദ്രയുടെ ഇടപെടല്‍ പിഴവു പറ്റിയെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും പൊതുവേ സര്‍വീസില്‍ മിടുക്കനെന്ന പേര് യതീഷ് ചന്ദ്രയ്ക്ക് തുണയായി.
തെറ്റ് ചെയ്തത് പൊലീസാണെങ്കില്‍ പോലും മുഖം നോക്കാതെ നടപടിയെടുത്തു ശീലമുള്ള യുവ ഐ.പി.എസ് ഓഫീസര്‍. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പേരു കേട്ട നാദാപുരത്തേയും, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് നിരന്തരം വേദിയായ വടകരയുടെ ഗ്രാമപ്രദേശങ്ങളേയും ഉടച്ചുവാര്‍ത്തയാളാണു യതീഷ്ചന്ദ്ര. അക്രമം കാട്ടുന്നത് എത്രവലിയ നേതാവാണെങ്കിലും പൊതുമധ്യത്തിലിട്ടും കൈകാര്യം ചെയ്യുമെന്ന് തെളിയിച്ചു ഈ ഐപിഎസുകാരന്. ഒട്ടേറെ വിശേഷണങ്ങള്‍ക്ക് പാത്രമാണ് യതീഷ്ചന്ദ്രയെന്ന കര്‍ണ്ണാടക സ്വദേശി. ജനിച്ചത് കര്‍ണ്ണാടകയിലെ ദാവന്ഗരയിലാണെങ്കിലും മികച്ച രീതിയില്‍ മലയാളം സംസാരിക്കും.
റോഡ് നിയമം തെറ്റിച്ച് കാറില്‍ കുതിച്ചപ്പോള്‍ യതീഷ് ചന്ദ്രയെ യുവതി പിന്തുടര്ന്ന് പിടികൂടിയതും വിവാദങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. കൊച്ചി നഗരത്തില്‍ വച്ചായിരുന്നു സംഭവം. എറണാകുളം സൗത്ത് പാലത്തിലൂടെ ചീറിപാഞ്ഞു വന്ന ഡിസിപിയുടെ കാര്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. പതിവ് പൊലീസ് ഡ്രൈവര്‍മാരെ പോലെ ഡിസിപിയുടെ ഡ്രൈവറും വണ്ടി കുത്തി തിരുകി മുന്നോട്ട് പോകാന്‍ കുതിച്ചു. ഇതിനിടെയില്‍ ഒരു യുവതി തീര്‍ത്തും പ്രശ്നത്തില്‍പ്പെട്ടു. ഹോണ്‍ അടിച്ച് പേടിപ്പിച്ച് വാഹനങ്ങളെ മാറ്റുന്ന ശൈലിയാണ് യുവതിയെ പ്രശ്നത്തിലാക്കിയത്. കാറില്‍ മുമ്പോട്ട് പോയി ഡിസിപിയുടെ കാറിന് കൈകാണിച്ചു നിര്‍ത്തിയ യുവതി വാഹനം നിര്‍ത്തി തന്റെ പരാതി ബോധിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ നാട്ടുകാര്‍ ഓടിക്കൂടി. മൊബൈലില്‍ സംഭവം പകര്‍ത്തി. ശൗര്യമുള്ള പൊലീസ് ഓഫീസറും പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു. യുവതിയുടെ പരാതികള്‍ ശ്രദ്ധയോടെ കേള്‍ക്കുകയാണ് ഉണ്ടായത്.
മലയാളം അറിയുന്ന കന്നടക്കാരന്
2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരനാണ് 32 കാരനായ യതീഷ്ചന്ദ്ര. ഇലട്രോണിക്സ് എഞ്ചിനീയറിങില്‍ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാന്‍ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്. ഹൈദരബാദ് വല്ലഭായി പാട്ടേല്‍ പൊലീസ് അക്കാദമിയില്‍ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിങ് പീരീഡില്‍ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്. യതീഷ്ചന്ദ്രയുടെ പൊലീസ് ജോലിക്ക് എന്ത് സഹായവും ചെയ്യാന്‍ തയ്യാറാണ് ഇവര്‍. ശ്യാമളയുടെ സഹായത്തോടെയാണ് 'ഹലോ കേരള പൊലീസ്എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്.
സംഭവം നടക്കുന്നത് 2014 അവസാന ഘട്ടത്തിലാണ്. മാവോയിസ്റ്റ് വേട്ടയ്ക്ക് വിനിയോഗിച്ചിരിക്കുന്ന തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുടെ ആദ്യ ബാച്ചിന്റെ ഹവീല്‍ദാര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷാ നടത്തിപ്പിനുള്ള ബോര്‍ഡിന്റെ ചുമതലക്കാരനായിരുന്നു യതീഷ് ചന്ദ്ര. 'കഴിവുള്ളവരെ മാത്രമേ താന്‍ ജയിപ്പിക്കൂ' എന്ന തന്റെ നിലപാട് അദ്ദേഹം ആദ്യമേ വ്യക്തമാക്കിയിട്ടാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തത്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിങ്ങനെ രണ്ടുപരീക്ഷകള്‍ ജയിച്ചാലേ കമാന്‍ഡോകള്‍ക്ക് ഹവീല്‍ദാര്‍മാരായി സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു. ഏതിലെങ്കിലും തോറ്റാല്‍ തോറ്റ പരീക്ഷ മാത്രം വീണ്ടും ജയിക്കണം.
പക്ഷേ 2015 മാര്‍ച്ച് രണ്ടിനു പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ശരിക്കും തളര്‍ന്നുപോയി. പ്രമോഷന് പരീക്ഷയില്‍ പങ്കെടുത്ത 177 പേരില്‍ രണ്ടുപരീക്ഷയും വിജയിച്ചത് ആകെ 51 പേര് മാത്രം. ഫലം പുറത്തറിഞ്ഞാല്‍ കേരള പൊലീസിനുതന്നെ നാണക്കേടാകുമെന്നു പറഞ്ഞ് ഫലം റദ്ദാക്കി വീണ്ടും മറ്റൊരു ഐപിഎസ് ഓഫീസറിന്റെ നേതൃത്വത്തില്‍ അധികൃതര്‍ പരീക്ഷ നടത്തി. പക്ഷേ ഇതിനെതിരെ സേനയ്ക്കകത്ത് അമര്‍ഷം പുകഞ്ഞിരുന്നു. സേനയുടെ തലപ്പത്തുള്ള ചില ഉദ്യോഗസ്ഥരുടെ അനുയായികള്‍ തോറ്റതുകൊണ്ടാണ് ഫലം റദ്ദാക്കിയെതെന്നും ഇത് തങ്ങളുടെ മനോവീര്യം തകര്‍ക്കുമെന്നും പരീക്ഷ ജയിച്ചവര്‍ വാദിച്ചു. 2011 സെപ്റ്റംബറിലാണ് തണ്ടര്‍ബോള്‍ട്ട് ബറ്റാലിയന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ആദ്യബാച്ചിനെ കേരളത്തില്‍ മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിക്കുകയായിരുന്നു.
കുഴല്‍പ്പണക്കാരെയും ക്രിമിനലുകളെയും മെരുക്കിയ മിടുക്കന്
2014 ലെ പുതുവര്‍ഷപുലരിയിലാണ് വടകരയില്‍ എ.എസ്പിയായി ആദ്യ പോസ്റ്റിങ് ലഭിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യപോസ്റ്റിംങ് ലഭിച്ചത് ഏറെ സന്തോഷമുളവാക്കിയെന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. ടിപി കേസിന് ശേഷം സംഘര്‍ഷങ്ങള്‍ പതിവായ വടകര മേഖലയില്‍ സമാധാനം വീണ്ടെടുക്കുന്നതില്‍ യതീഷ്ചന്ദ്രയുടെ പ്രയത്നം എടുത്ത് പറയേണ്ടതാണ്. വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ക്ക് പേര് കേട്ട നാദാപുരത്തെ ഏറെക്കുറേ ശാന്തമാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല, പൊതുജനങ്ങളുമായും മാധ്യമപ്രവര്‍ത്തകരുമായും ഇദ്ദേഹത്തിനുള്ള ബന്ധവും ഏറെ ജനകീയമായിരുന്നു. ഷാഡോ പൊലീസിങ് സംവിധാനത്തിലൂടെ കുഴല്‍പ്പണക്കാരുടെ പേടിസ്വപ്നമായിമാറിയതും വളരെപ്പെട്ടെന്നായിരുന്നു. വടകരയില്‍ നിന്ന് മാത്രം ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കുഴല്പണമാണ് ഇദ്ദേഹം പിടിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ഓപ്പറേഷന് കുബേര വഴി നിരവധി കൊള്ളപ്പലിശക്കാരെ ഇരുമ്പഴിക്കുള്ളില്‍ ആക്കാനും ഈ യുവ പിഎസ് ഓഫീസറിന് സാധിച്ചു.
ടിപി കേസ് പ്രതികളെ മറ്റൊരുകേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കോടതിയില്‍ ഹാജരാക്കി തിരികെ വരുബോള്‍ മഹിയില്‍ നിന്ന് മദ്യം വാങ്ങിയെന്ന് വിവരത്തെ തുടര്‍ന്ന്, ദേശീയ പാതയില്‍ കാത്ത് നിന്ന എ.എസ്പി പൊലീസുകാരെ മദ്യവുമായി കയ്യോടെ പിടികൂടുകയായിരുന്നു. സാധാരണക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട്, അവരെ ഇന്‍ഫോര്‍മറാക്കിയുള്ള രീതിയായിരുന്നു യതീഷ്ചന്ദ്രയുടേത്. വടകരയില്‍ നിന്ന് കേരള ആംഡ് പൊലീസ് കണ്ണൂര്‍ ബറ്റാലിയന് സൂപ്രണ്ടായിയായിരുന്നു പടിയിറക്കം. വളരെപെട്ടന്ന് തന്നെ ആലുവയില്‍ റൂറല്‍ എസ്പിയായി നിയമനം ലഭിച്ചു. എറണാകുളം റൂറലിന്റെ അമ്പത്തിയൊന്നാമത് എസ്പിയായാണ് യതീഷ്ചന്ദ്ര ചുമതലയേറ്റത്. ഇക്കാലത്ത് നടപ്പാക്കിയ സ്പൈഡര്‍ പൊലീസ് പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മാത്രമല്ല, പൊതുജനങ്ങളും പൊലീസും തമ്മിലുള്ള അകലം കുറയ്ക്കുക വഴി കുറ്റകൃത്യങ്ങളെക്കുറിച്ച് എളുപ്പം പൊലീസിന് അറിവ് ലഭ്യമാക്കുന്നതിലും യതീഷ്ചന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒപ്പം ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പൊലീസുമായി സംവദിക്കാനുള്ള വേദിയും ഇദ്ദേഹം ഒരുക്കി. സ്പൈഡര്‍ പൊലീസ് ലോഗോ പതിച്ച പൊലീസ് വാഹനങ്ങള്‍ ഇപ്പോഴും എറണാകുളത്തിന്റെ ഗ്രാമങ്ങളില്‍ റോന്ത് ചുറ്റുകയാണ്. ആലുവ ബസ്റ്റാന്റിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന റെഡ് ബട്ടന് പിന്നിലും യതീഷ്ചന്ദ്രയുടെ ഇലട്രോണിക്സ് ബുദ്ധിയാണ്. ബസ്റ്റാന്റിന് സമീപം എന്ത് തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാലും ഈ ബട്ടണ്‍ ഒരു തവണ അമര്‍ത്തിയാല്‍ ഉടനടി കണ്ട്രോള് റൂമിലും എസ്പിയുടെ മൊബൈലിലും വിവിരം ലഭിക്കും. ഇതുവഴി ഉടന്‍തന്നെ ഫ്ളൈയിങ് സ്ക്വാഡിന് സ്ഥലത്ത് എത്തിച്ചേരാനാകും. വിദ്യാര്‍ത്ഥികളടക്കം ഈ സംവിധാനം നിരവധി തവണ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്.
വെട്ടിത്തിളങ്ങുന്ന മസിലുള്ള ഫിറ്റ്ന്സ് ഗുരു!
ഫിറ്റ്നസിന്റെ കാര്യത്തില്‍ മിടുമിടുക്കനാണ് യതീഷ് ചന്ദ്ര ഐപിഎസ്. ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ മിടുക്കനായ അദ്ദേഹത്തിന് യുവതീ യുവാക്കള്‍ക്കിടയില്‍ വലിയ പിന്തുണയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയ യതീഷിന്റെ വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരുന്നു.
വര്‍ക്ക് ഔട്ട് ദൃശ്യങ്ങള്‍ യതീഷ് ചന്ദ്ര യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഐപിഎസ് ഓഫീസര്‍മാരെ പ്രധാനമന്ത്രി വെല്ലുവിളിച്ചിരുന്നു. ഇത് ഏറ്റെടുക്കുന്നുവെന്നാണ് യൂട്യൂബില്‍ വീഡിയോ നല്കി യതീഷ് ചന്ദ്ര കുറിച്ചത്.