മൊറൊട്ടോറിയം കാലാവധി കഴിഞ്ഞ് ബാങ്ക് സ്വീകരിച്ച നടപടികൾക്കെതിരെ പരാതി; ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ പിഴ ചുമത്തി ആർബിഐ; പരാതി നൽകിയ യുവ സംരംഭകയ്ക്കെതിരെ ബാങ്കിന്റെ പ്രതികാര നടപടി; അന്യായമായി സർഫാസി ചുമത്തി ജപ്തി നോട്ടീസ്; ബാങ്കിന്റെ കെണിയിൽപെട്ട് യുവ സംരംഭകയും അമ്മയും കുടിയിറക്ക് ഭീഷണിയിൽ

Update: 2025-03-24 13:38 GMT

തൃശൂർ: ബാങ്കിന്റെ കെണിയിൽപെട്ട് യുവ സംരംഭകയും അമ്മയും കുടിയിറക്ക് ഭീഷണിയിൽ. മിണാലൂർ സ്വദേശി ബിന്ദുവും മകൾ ശ്രീലക്ഷ്മിയുമാണ് ബാങ്കിന്റെ അന്യായ നടപടികൾ മൂലം ജപ്തി ഭീക്ഷണി നേരിടുന്നത്. മൊറൊട്ടോറിയം നൽകിയതിനെത്തുടർന്ന് 2023 ഡിസംബറിൽ കുടുംബം നൽകിയ പരാതിയിൽ ബാങ്കിനെതിരെ ആർബിഐ ശ്രീലക്ഷമിക്ക് അനുകൂലമായ വിധി നൽകിയതിൻ്റെ പ്രതികാരമായാണ് ജപ്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശ്രീലക്ഷ്മിയുടെ പേരിൽ ഹൗസിങ് ലോണായി 29.5 ലക്ഷം രൂപയും ഓവർ ഡ്രാഫ്റ്റായി 10 ലക്ഷം രൂപയുമായി ബാങ്കിൽ നിന്നും 2020ൽ ലോണായി എടുത്തിട്ടുണ്ടായിരുന്നു. മോറട്ടോറിയം കാലാവധിക്ക് ശേഷവും ബാങ്ക് അറിയിച്ച ഇഎംഐ തുക(33456 രൂപ) ഒറ്റ ഗഡു പോലും മുടക്കം കൂടാതെ 2024 സെപ്റ്റംബർ 30 ന് ബാങ്കിനെതിരെ എറണാകുളം ഡിആർടി കോടതിയിൽ കേസ് കൊടുക്കുന്നതുവരെ അടച്ചുതീർത്തതായി ശ്രീലക്ഷ്മി പറയുന്നു.

തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിലെ ചെറുകിട സംരംഭമാണ് കുടുംബത്തിന്റെ ഉപജീവനം. 2016 മുതൽ ശ്രീലക്ഷ്മിയാണ് സംരംഭത്തിന്റെ ചുമതകൾ ഏറ്റെടുത്ത് നടത്തുന്നത്. അച്ചാറുകൾ, വിവിധ തരം കറി പൗഡറുകൾ, മധുര പലഹാരങ്ങൾ, തുടങ്ങിയ ഭക്ഷ്യ ഇനങ്ങൾ സ്വന്തമാക്കി തയ്യാറാക്കി വിൽപ്പന ചെയ്യുന്ന അമൃത ലക്ഷ്മി ഫുഡ് വേൾഡ് എന്ന സംരംഭമാണ് ഇത്. ബിസിനസ്സ് സാമൂഹ മാധ്യമങ്ങളുടെ സഹായത്തിലൂടെയും വലിയ ശ്രദ്ധ നേടിയിരുന്നു.

സ്വന്തമായി വീട് വാങ്ങുന്നതിനും ബിസിനസ് നടത്തികൊണ്ട് പോകുന്നതിനും എടുത്ത കടമാണ് ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും ജീവിതം വീണ്ടും വഴി മുടക്കുന്നത്. ലോൺ തിരിച്ചടവ് മുടങ്ങി എന്ന കാരണം ചൂണ്ടിക്കാട്ടി മിണാലൂരിൽ കുടുംബം താമസിച്ച് വരുന്ന 5 സെന്റ്റ് സ്ഥലവും ഇരുനില വീടും സർഫാസി നിയമം അനുസരിച്ച് ലേലം ചെയ്യാനാണ് ബാങ്ക് നടപടി സ്വീകരിച്ചിട്ടുള്ളത് എന്നാൽ ലോൺ ഇതുവരെ മുടങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. 54,27,734 രൂപ അടച്ച് തീർക്കാനുണ്ട് എന്നാണു ബാങ്കിന്റെ അവകാശ വാദം. നാളിതുവരെ ഇഎംഐ അടച്ചതിൽ ഒരു രൂപ പോലും മുതലിലേക്ക് ബാങ്ക് വരവുവെക്കാതെ സർഫാസി നിയമ നടപടികൾ ബാങ്ക് പൂർത്തീകരിക്കുമെന്ന് പറയുമ്പോൾ നിസ്സഹായരാണ് ശ്രീലക്ഷ്മിയും അമ്മയും.

അടവിൽ രണ്ടു വർഷത്തോളം വീഴ്ച വരുത്തിയിട്ടുണ്ടെന്നും തുടർച്ചയായി വീഴ്ച സംഭവിച്ചാൽ ആർബിഐ നിർദേശങ്ങൾക്കകത്തുനിന്ന് സ്വാഭാവികമായി ഹെഡ് ഓഫിസിൽ നിന്നുണ്ടാകുന്ന നടപടിക്രമങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ബാങ്ക് അധിക്യതർ അറിയിച്ചു. എന്നാൽ കോവിഡ് കാലത്ത് റിസർവ് ബാങ്ക് നിർദേശിച്ച പ്രകാരമുള്ള മൊറട്ടോറിയം ആനുകൂല്യത്തെ വളച്ചൊടിച്ച് മുടക്കായി പ്രസ്ഥാവിക്കുകയാണ് ബാങ്ക് ചെയ്യുന്നത് - 2 വർഷം എന്നത് മോറട്ടോറിയം കലാവധിയാണ്. മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ നിയമാനുസൃതമല്ലാതെ വായ്പ പലിശ ഇനത്തിലും ഇഎംഐ തുക വർധിപ്പിക്കുന്നതിനും ബാങ്ക് ശ്രമം നടത്തി.

തുടർന്നാണ് ആർബിഐ ഓംബുഡ്സ്മാന് പരാതി നൽകുന്നത്. ബാങ്കിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് 10000 രൂപ ശ്രീലക്ഷ്മിക്ക് നഷ്ടപരിഹാരമായി നൽകുവാനും ലോൺ പുതുക്കി നൽകണമെന്നും ആർബിഐ ബാങ്കിന് ഉത്തരവ് നൽകി. അതുവരേയും ഇഎംഐ തുക മുടക്കം കൂടാതെ അടച്ചുവരുവാൻ ആർബിഐ നിർദ്ദേശിച്ചപ്രകാരം ഒരു മുടക്കം കൂടാതെ കേസ് കൊടുക്കുന്നത് വരെ പരാതിക്കാരി ഇഎംഐ അടച്ചുവന്നതാണ്.

ആർബിഐ ഇൽ നിന്നും വന്ന വിധിയെ കണക്കിലെടുക്കാതെ ഏകപക്ഷീയമായ ഒരു പ്രൊപ്പോസൽ ആണ് ബാങ്ക് നൽകിയത്. അതിൽ പ്രസ്താവിച്ച കണക്കുകളിലെ വ്യതിയാനങ്ങൾ, മറ്റു ക്രമക്കേടുകൾ എന്നിവയെ ചൂണ്ടിക്കാണിച്ച് ബാങ്ക് അധികൃതർക്ക് ഇമെയിൽ അയച്ചു, എന്നാൽ യാതൊരു മറുപടിയും കണക്കുകളും അതിൻ്റെ വിശദാംശങ്ങളും നൽകാതെ ആർബിഐ യുടെ നിർദ്ദേശത്തെയും അവഗണിച്ചുകൊണ്ടാണ് 33456 എന്ന ഇഎംഐ തുക 50340 എന്ന് ബാങ്ക് സ്വമേധയാ വർദ്ധിപ്പിച്ചത്. വളരെ കൃത്യമായി ലോൺ അടച്ചിരുന്ന ശ്രീലക്ഷ്മിയുടെ ലോൺ ഓവർഡ്യൂവും എൻപിഎയുമാക്കി അനധികൃതമായി ബാങ്ക് സർഫാസി നടപടിയുമായി മുന്നോട്ട് പോകുന്നത്.

Tags:    

Similar News