വിടപറഞ്ഞത് കേരളക്കരയ്ക്കും പ്രിയപ്പെട്ട ഉസ്താദ്; മലയാള സിനിമക്ക് സംഗീതം നല്‍കിയതിനൊപ്പം കച്ചേരികളും അവതരിപ്പിച്ചു; കണ്ണൂരിലും മാന്ത്രിക വിരല്‍ സ്പര്‍ശം; രണ്ടാം വരവിനായി കാത്തുനിന്നപ്പോള്‍ സംഗീതപ്രേമികളെ നിരാശരാക്കി വിയോഗവാര്‍ത്ത

വിടപറഞ്ഞത് കേരളക്കരയ്ക്കും പ്രിയപ്പെട്ട ഉസ്താദ്

Update: 2024-12-16 04:58 GMT

കണ്ണൂര്‍: കണ്ണൂരിന്റെ അഭിമാനമായി തുരീയം സംഗീത വേദിയില്‍ ഇനി ആ മാന്ത്രിക വിരലുകള്‍ വിസ്മയമേളം തീര്‍ക്കാനെത്തില്ല. ഉസ്താദ് സക്കീര്‍ ഹുസൈന്‍ വരാമെന്ന് പല തവണ പറഞ്ഞുവെങ്കിലും തിരക്ക് കാരണം നടക്കാതെ പോവുകയായിരുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ഉസ്താദിന് പക്ഷെ ആ വാക്ക് പാലിക്കാനായില്ല സത് കലാപീഠത്തിന്റെ തുരീയം സംഗീതോത്സവഉദ്ഘാടന വേദിയിലായിരുന്നു ഉസ്താദ് തബല വായിച്ചു സദസിനെ വിരുന്നൂട്ടിയത്.

ഒപ്പം പുല്ലാങ്കുഴലില്‍ സംഗീത ചക്രവര്‍ത്തിയായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമുണ്ടായിരുന്നു. ഉസ്താദിന്റെ തബലയും പണ്ഡിറ്റിന്റെ പുല്ലാങ്കുഴലും തീര്‍ത്ത രാഗ വസന്തം പയ്യന്നൂരിലെ സംഗീതപ്രേമികളുടെ മനസില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. ഇതിനു ശേഷം പലതവണ ഉസ്താദിനെ പയ്യന്നൂരിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും തിരക്കു കാരണം വിജയിച്ചില്ലെന്ന് തുരിയം സംഗീതോത്സവ മുഖ്യ സംഘാടകനായ സ്വാമി കൃഷ്ണാനന്ദ ഭാരതി പറഞ്ഞു.

ഈ ശ്രമം ഉപേക്ഷിക്കാതെ ശ്രമം തുടരുന്നതിനിടെയിലാണ് വിസ്മയ നാദം നിലച്ചത്. തബലയുടെ തോല്‍ പുറത്ത് വിസ്മയം തീര്‍ക്കുകയായിരുന്നു സക്കീര്‍ ഹുസൈന്‍. സത്കലാപീഠംവേദിയില്‍ ഒപ്പം ചൗരസ്യയുടെ മാന്ത്രികവിന്‍ കുഴലിന്റെ നാദത്തിലൂടെ സഞ്ചരിച്ചപ്പോള്‍ സ്വപ്നസമാനമായിരുന്നു വേദി. തുരീയം സംഗീതവേദിയില്‍ എത്താത്ത സംഗീതജ്ഞര്‍ ഭാരതത്തില്‍ കുറവാണ്. പത്ത് വര്‍ഷത്തിലധികമായി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ സാന്നിദ്ധ്യമുണ്ട്. 15 വര്‍ഷത്തിലധികം സാക്‌സ് ഫോണ്‍ ഇതിഹാസം കദരി ഗോപാല്‍ നാഥു മുണ്ടായിരുന്നു. എന്നാല്‍ ആദ്യ കച്ചേരിക്ക് മാത്രമാണ് സക്കീര്‍ ഹുസൈന്‍ പയ്യന്നൂരിലെത്തിയത്.

തബലയില്‍ വിരലുകള്‍ കൊണ്ട് മാന്ത്രിക താളം സൃഷ്ടിച്ച ഇതിഹാസത്തിന് വിട നല്‍കുമ്പോള്‍ സംഗീതപ്രേമികളുടെ മനസില്‍ ശൂന്യതയാണ് നിറയുന്നത്. തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് വിട പറഞ്ഞത്.. 73 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ അദ്ദേഹത്തെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്നലെ രാത്രിയോടെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചതായി അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം മരണ വാര്‍ത്ത നിഷേധിച്ചിരുന്നതിനാല്‍ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് കുടുംബം മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

നാല് തവണ ഗ്രാമി പുരസ്‌കാരം നേടിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. ഈ വര്‍ഷം മൂന്ന് ഗ്രാമി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചു. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ്, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം, മികച്ച കണ്ടംപററി മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം ലഭിച്ചത്.1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനാണ് അദ്ദേഹം.പിതാവ് തന്നെയാണ് സാക്കിര്‍ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്.

മൂന്ന് വയസ്സ് മുതല്‍ അദ്ദേഹം സംഗീതത്തില്‍ അഭിരുചി കാണിച്ചു തുടങ്ങിയിരുന്നു. ഏഴാം വയസില്‍ ഉസ്താദ് അലി അഖ്ബര്‍ ഖാനൊപ്പം അദ്ദേഹം വേദിയിലെത്തി. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഐതിഹാസിക പോപ്പ് ബാന്‍ഡ് ദി ബീറ്റില്‍സ് ഉള്‍പ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, എന്നിവയുള്‍പ്പെടെ ഏഴ് സിനിമകള്‍ക്കും നിരവധി പരസ്യ ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

Tags:    

Similar News