ഇന്ത്യയുടെ പരാതിയില്‍ ഇന്റര്‍പോള്‍ തിരയുന്ന മോസ്റ്റ് വാണ്ടഡ് വിദ്വേഷ പ്രാസംഗികന് പാക്കിസ്ഥാനില്‍ സുഖവാസം; മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും മകളുമായി കൂടിക്കാഴ്ച; ആശങ്ക അറിയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; സാക്കിര്‍ നായിക്ക് പാക്കിസ്ഥാനില്‍ ചെയ്യുന്നതെന്താണ്?
സാക്കിര്‍ നായിക്ക് പാക്കിസ്ഥാനില്‍ ചെയ്യുന്നതെന്താണ്?
ഇസ്ലാമബാദ്: എവിടെ സാക്കിര്‍ നായിക്ക് ഉണ്ടോ അവിടെ തീവ്രവാദമുണ്ടെന്നത്, ഇന്ന് ഒരു പഴഞ്ചൊല്ലുപോലെ ആയ കാര്യമാണ്. ശ്രീലങ്കയിലെ ചാവേറുകളാവട്ടെ, ബംഗ്ലാദേശിലെ ജിഹാദികള്‍ ആവട്ടെ, കേരളത്തില്‍നിന്ന് ഐസിസില്‍ പോയവര്‍ ആവട്ടെ, അവരുടെ കൈയില്‍ നിന്ന് പിടികൂടിയ സാധനങ്ങളില്‍ സാക്കിര്‍ നായിക്കിന്റെ ലഘുലേഖയും സിഡിയും കാണാം! ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍, വിദ്വേഷ പ്രസംഗം, തീവ്രവാദ ബന്ധം എന്നീ കുറ്റങ്ങള്‍ ചുമത്തപെട്ടതിനെതുടര്‍ന്ന് 2016-ല്‍ മലേഷ്യയിലേക്ക് മുങ്ങിയ മതപ്രഭാഷകനാണ് മുബൈ സ്വദേശിയായ സാക്കിര്‍ നായിക്ക്. 2016-ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടര്‍ന്നാണ് വിവാദ മതപ്രഭാഷകന് മേല്‍ കുരുക്ക് വീഴുന്നത്. ഐസിസില്‍ ചേരാന്‍ പ്രചോദനം കിട്ടിയത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവര്‍ത്തനം തുടങ്ങിയ കേസുകളില്‍ ആണ് ദേശീയ അന്വേഷണ ഏജന്‍സി ഇദ്ദേഹത്തെ പ്രതി ചേര്‍ത്തിട്ടുള്ളത്. ധാക്ക ഭീകരാക്രമണ കേസിലെ പ്രതികളുടെ മൊഴി പുറത്ത് വന്നതിന് പിറകെ ആയിരുന്നു സാക്കിര്‍ നായിക്ക് ഇന്ത്യ വിട്ടത്. അറസ്റ്റ് ഉണ്ടാകും എന്ന് ഉറപ്പായ സാഹചര്യത്തില്‍ ആയിരുന്നു ഇത്. തുടര്‍ന്ന് മലേഷ്യയില്‍ അഭയം തേടുകയായിരുന്നു.
സാക്കിര്‍ നായിക്കിന്റെ പീസ് ടീവി നിരവധി രാജ്യങ്ങില്‍ നിരോധിക്കപ്പെട്ടതാണ്. അദ്ദേഹത്തിന്റെ സംഘടനയുടെ മുബൈയില്‍ അടക്കമുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ്, മോദി സര്‍ക്കാര്‍ കണ്ടുകെട്ടിയത്. മലേഷ്യയില്‍ ഇരുന്നിട്ടു സാക്കിര്‍ നായിക്ക് ഇന്ത്യാവിരുദ്ധ പ്രസംഗം നിരവധി തവണ നടത്തി. ഇയാളെ വിട്ടുകിട്ടണമെന്ന് ഇന്ന് ഇന്റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇപ്പോള്‍ കഴിഞ്ഞ കുറച്ചുകാലമായി സാക്കിര്‍ നായിക്ക് പാക്കിസഥാനിലാണ്. തീവ്രാദത്തിനെതിരെ കടുത്ത നിലപാട് എടുക്കുമെന്ന് പറയുന്നവരാണ് ഇപ്പോഴത്തെ പാക് ഭരണാധികാരികള്‍. മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്ഥാന്‍ ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തണമെന്നും ആഗ്രഹിക്കുന്നു. എന്നിട്ടും ആ രാജ്യം എന്തിനാണ് സാക്കിര്‍ നായിക്കന് അഭയമാവുന്നത് എന്നാണ് ചോദ്യം.
വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് വിരുന്നൊരുക്കിയ പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായി രംഗത്ത് എത്തിയിരിക്കയാണ്. സാക്കിര്‍ നായിക്ക് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും മകള്‍ മറിയം നവാസുമായും കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ഇന്ത്യയുടെ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആശങ്കയറിയിച്ചു. ഒളിവില്‍ കഴിയുന്ന കുറ്റവാളിക്ക് അഭയം നല്‍കുന്ന പാക്കിസ്ഥാന്റെ സമീപനത്തെ അദ്ദേഹം ചോദ്യം ചെയ്തു.
'പാക്കിസ്ഥാനില്‍ സാക്കിര്‍ നായിക്കിന് വിരുന്നൊരുക്കുന്നത് ഇതാദ്യമായല്ല, അദ്ദേഹത്തിന്റെ ആതിഥേയര്‍ ഏതുതരം സമീപനമാണ് സ്വീകരിക്കുന്നത്, ഇന്ത്യ കൈമാറാന്‍ ആവശ്യപ്പെടുന്ന ഒരു കുറ്റവാളിക്ക് ഇത്രയധികം പിന്തുണ നല്‍കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ഇത് കാണിക്കുന്നു,''-വെള്ളിയാഴ്ച നടന്ന പ്രതിവാര പത്രസമ്മേളനത്തില്‍ ജയ്സ്വാള്‍ പറഞ്ഞു.
മാര്‍ച്ച് 18 ന് നായിക് മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെയും അവരുടെ റായ്വിന്ദിലെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഷെരീഫ് ഫാമിലി എസ്റ്റേറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ പണ്ഡിതനും പാക്കിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) നേതാക്കളും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, അവരുടെ സംഭാഷണത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തുവന്നിട്ടില്ല.
പ്രസംഗ പരമ്പരകള്‍ തുടരുന്നു
എന്നും മതമൗലികവാദത്തിന് നല്ല വേരുള്ള സ്ഥലമാണ് പാക്കിസ്ഥാന്‍. ഈ റമദാന്‍ നോമ്പുകാലത്തുപോലും ആ രാജ്യം പലതവണ പൊട്ടിത്തെറിച്ചു. ഇതിനെല്ലാം പിന്നാലെയാണ്, ബലൂചിസ്ഥാന്‍ വിമതര്‍ നടത്തുന്ന ഭീഷണിയും. ഇപ്പോഴും പാക്ക് താലിബാനും, അല്‍ഖായിദക്കും, ഐസിസിനുമൊക്കെ വേരുള്ള രാജ്യമാണിത്. അവിടെ സാക്കാര്‍ നായിക്ക് പ്രഭാഷണവുമായി കറങ്ങി നടക്കുന്നത് തീവ്രവാദത്തിന് കൂടുതല്‍ വളം ചെയ്യുമെന്ന് ഉറപ്പാണ്. ക്രിസ്മസ് ആഘോഷം അനിസ്ലാമികമാണ് എന്നത് അടക്കമുള്ള തന്റെ വിദ്വേഷ പ്രസംഗം സാക്കിര്‍ ഇവിടെയും തുടരുന്നുണ്ട്. പക്ഷേ അത് പഴയതുപോലെ ക്ലച്ച് പിടിക്കുന്നില്ല എന്ന് മാത്രം.
അതിനിടെ ഒരു വേദിയില്‍വെച്ച് സാക്കിര്‍ നായിക്കിന് ശരിക്കും പണികിട്ടുകയും ചെയ്തു. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നടന്ന പൊതുപരിപാടിയില്‍ ഒരു പെണ്‍കുട്ടി സാക്കിര്‍ നായിക്കിനെ നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കറാച്ചിയില്‍ നടന്ന പ്രഭാഷണത്തിനിടയ്ക്ക്, ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നിന്നുള്ള പല്‍വാഷ എന്ന പെണ്‍ക്കുട്ടി ഒരു ചോദ്യം സാക്കിര്‍ നായിക്കിന്റെ നേര്‍ക്ക് തൊടുത്തു. താന്‍ താമസിക്കുന്ന സ്ഥലം ഇസ്ലാമിസ്റ്റുകളുടെ ഏരിയയാണെന്നും , ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നുവെന്നും അവര്‍ പറയുന്നു. അതുപോലെ തന്നെ പുരുഷന്മാരും. വെള്ളിയാഴ്ചകളില്‍ എല്ലാവരും മതപ്രഭാഷണങ്ങള്‍ കേള്‍ക്കുന്നു. ഇതൊക്കെയാണെങ്കിലും, മയക്കുമരുന്ന് ഉപയോഗവും, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും, വ്യഭിചാരവുമൊക്കെ അവിടെ വര്‍ധിച്ചു. എല്ലാം അറിഞ്ഞിട്ടും ഒരു മതനേതൃത്വവും, ഈ വിഷയത്തില്‍ ഒന്നും പറയാത്തത് എന്തുകൊണ്ടെന്ന് പെണ്‍കുട്ടി ചോദിക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ സമൂഹം ഇപ്പോഴും അധഃപതിക്കുന്നത് എന്നും പെണ്‍കുട്ടി ചോദിച്ചു.
കുട്ടി ചോദ്യം തുടരുമ്പോള്‍ തന്നെ ചെറുതാക്കണമെന്നും, ഒരു ചോദ്യം മാത്രം മാക്കണം എന്ന് പറഞ്ഞ് സാക്കിര്‍ നായിക്ക് അസ്വസ്ഥനാവുന്നുണ്ട്. പല്‍വാഷയുടെ ചോദ്യം കേട്ട്, കിളിപോയപോലെയായി സാക്കിര്‍ നായിക്ക്. ആദ്യം തന്നെ ചോദ്യം ചോദിച്ച പെണ്‍കുട്ടിയെ മറുചോദ്യങ്ങള്‍കൊണ്ട് വിരട്ടാനായിരുന്നു ശ്രമം. താങ്കളുടെ ചോദ്യത്തില്‍ തെറ്റുണ്ട് എന്ന് പറയുന്ന സാക്കിര്‍ നായിക്കിനോട് പെണ്‍കുട്ടി കൃത്യമായി മറുപടി പറയുന്നുണ്ട്. ഇതോടെ സാക്കിര്‍ നായിക്ക് ക്ഷുഭിതനാവുകയാണ. 'ഈ ചോദ്യം തന്നെ അപ്രസക്തമാണ്. ഖുറാനില്‍ പിഡോഫിലിയയെ കുറിച്ച് പ്രതിപാദിക്കുന്നില്ല. പിഡോഫിലിയയെ കുറിച്ച് ഇസ്ലാമിക എഴുത്തുകളില്‍ ഒന്നും തന്നെ പരാമര്‍ശിക്കുന്നതേയില്ല. ഇസ്ലാമിക അന്തരീക്ഷത്തില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ കഴിയില്ല. പീഡോഫീലിയ ഇസ്ലാമില്‍ തെറ്റായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ആരെങ്കിലും മുസ്ലീമാണെങ്കില്‍ അയാള്‍ക്ക് പീഡോഫീലിയ ചെയ്യാന്‍ കഴിയില്ല, അങ്ങനെ ചെയ്താല്‍ അയാള്‍ക്ക് മുസ്ലീമാകാന്‍ കഴിയില്ല. നിങ്ങളുടെ ചോദ്യം തെറ്റാണ്....'' സാക്കിര്‍ നായിക്ക് പറയുന്നു.
എന്നാല്‍ കുട്ടി മൈക്ക് വിടാതെ വീണ്ടും വീണ്ടും മറുപടി പറയുന്നുണ്ട്. ഇതോടെ നിര്‍ത്താന്‍ പറഞ്ഞ് സാക്കിര്‍ കുടുതല്‍ ക്ഷുഭിതനാവുകയാണ്. ഖുര്‍ആനിന്റെ ആയത്തുകളുടെ നമ്പറുകളൊക്കെപ്പറഞ്ഞ് വിഷയം തരിച്ചുവിടുകയാണ് അദ്ദേഹം പിന്നെ ചെയ്തത്. ''ഇക്കാര്യത്തെ കുറിച്ച് ഇനി ശബ്ദിക്കരുത്. അള്ളാഹുവിനോട് മാപ്പപേക്ഷിച്ച് മിണ്ടാതിരിക്കൂ''- ഇങ്ങനെ കൂടി പറഞ്ഞ് കുട്ടിയെ വിരട്ടാണ് സാക്കിര്‍ നായിക്ക് ശ്രമിച്ചത്.
പക്ഷേ ഇതിന്റെ വീഡിയോ പുറത്തിറങ്ങിയതോടെ ലോകമെമ്പാടുമുള്ള സ്വതന്ത്രചിന്തകരും, ഫെമിനിസ്റ്റുകളും പല്‍വാഷയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ഇത്തരം ചോദ്യം ചോദിക്കുന്ന പെണ്‍കുട്ടികളാണ് യഥാര്‍ത്ഥ പേരാളികള്‍ എന്ന് പലരും എഴുതുന്നു. പാക്കിസ്ഥാന്‍ പോലെ ഒരു സ്ഥലത്തുനിന്ന് ഒരു പെണ്‍കുട്ടിക്ക് എണീറ്റ് നിന്ന് ചോദ്യം ചോദിക്കാനുള്ള ധൈര്യം ഉണ്ടായല്ലോ എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതോടെയാണ് സാക്കിര്‍ പൊതുപരിപാടികള്‍ കുറച്ചത്. ഇപ്പോള്‍ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളെ പോയി രഹസ്യമായി കാണുകയാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടി. ഒരു വേള മലേഷ്യവിട്ട് പാക്കിസ്ഥാനിലേക്ക് കുടിയേറാനും സാക്കിര്‍ നായിക്കന് പദ്ധതിയുണ്ടെന്ന് കേള്‍ക്കുന്നുണ്ട്. പക്ഷേ പാക്കിസ്ഥാനിലടക്കമുള്ള ഇന്ത്യയുടെ ശത്രുക്കള്‍ അജ്ഞാതരാല്‍ കൊന്നൊടുങ്ങുന്ന രീതിയും ഇപ്പോഴുണ്ട്. അതുകൊണ്ട് തന്നെ സാക്കിര്‍ അധികകാലം പാക്കിസ്ഥാനില്‍ കറങ്ങാനുള്ള സാധ്യതയില്ലെന്നും വിലയിരുത്തലുകളുണ്ട്