ഹീത്രൂവിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനികള്‍; മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ നിയമനടപടികള്‍ക്ക് നീക്കം

ഹീത്രൂവിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനികള്‍

Update: 2025-03-25 05:15 GMT

ലണ്ടന്‍: വെള്ളിയാഴ്ച ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ വിമാനത്താവള പ്രവര്‍ത്തനം നിര്‍ത്തിവെച്ചതുമൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വിമാനക്കമ്പനികള്‍ ഹീത്രൂ വിമാനത്താവളത്തിന്റെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്. 90 വിമാനക്കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന ഹീത്രൂ എയര്‍ലൈന്‍ ഓപറേറ്റേഴ്സ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് നെയ്ജല്‍ വിക്കിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ഇരുകൂട്ടര്‍ക്കും പ്രശ്നങ്ങളില്ലാതെ സുഗമമായി പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.

എന്നാല്‍, മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുമെന്നും വിക്കിംഗ് അറിയിച്ചു. അത്തരം നടപടികള്‍ വേണ്ടിവരില്ല എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഉണ്ടായ അപകടം 1300 വിമാന സര്‍വ്വീസുകളെയാണ് ബാധിച്ചത്. പല വിമാനങ്ങളും റദ്ദ് ചെയ്യപ്പെടപ്പോള്‍ ചില വഴി തിരിച്ചിടേണ്ടതായി വന്നു. 2.5 ലക്ഷം യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യഥാര്‍ത്ഥത്തില്‍ അപകടത്തിന് കാരണമായത് എന്താണെന്നും, സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്നും അറിയാന്‍ ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്നും വിക്കിംഗ് ആവശ്യപ്പെട്ടു. അതേസമയം, എനര്‍ജി റെഗുലേറ്റര്‍ ആയ ഓഫ്‌ജെമ്മുമായി താന്‍ ഇക്കാര്യംചര്‍ച്ച ചെയ്യുന്നുണ്ടെന്നും നാഷണല്‍ എനര്‍ജി സിസ്റ്റം ഓപ്പറേറ്ററോട് സബ്‌സ്റ്റേഷനിലെ തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ആവശപ്പെട്ടിട്ടുണ്ടെന്നും എനര്‍ജി സെക്രട്ടറി എഡ് മിലിബന്‍ഡ് അറിയിച്ചു.

Tags:    

Similar News