ജീവനക്കാരെ മുഴുവൻ ഭയപ്പെടുത്തുന്ന രീതിയിൽ തട്ടലും മുട്ടലും; പിന്നാലെ ഒരു അസാധാരണമായ കാൽപ്പെരുമാറ്റവും ശ്രദ്ധിച്ചു; ഒടുവിൽ ആ 'അജ്ഞാതനെ' കണ്ടെത്തിയപ്പോൾ ആശ്വാസം

Update: 2026-02-26 07:43 GMT

സിൻസിനാറ്റി: അതിശൈത്യത്തിൽ നിന്ന് രക്ഷനേടി ഒരു റാക്കൂൺ അമേരിക്കയിലെ ഒരു പ്രമുഖ ടെലിവിഷൻ വാർത്താ ഏജൻസിയിൽ അതിക്രമിച്ച് കടന്നത് ജീവനക്കാർക്കിടയിൽ ആശങ്കയും പിന്നീട് ചിരിയും പടർത്തി. സിൻസിനാറ്റിയിലെ 'ലോക്കൽ 12' എന്ന ചാനലിലാണ് ഈ അപ്രതീക്ഷിത അതിഥി താവളമാക്കിയത്. ദിവസങ്ങളോളം ഓഫീസിനുള്ളിൽ കേട്ട അജ്ഞാത ശബ്ദങ്ങളും കാൽപ്പെരുമാറ്റവുമാണ് ജീവനക്കാരെ ആദ്യം ഭയത്തിലാഴ്ത്തിയത്.

കഠിനമായ മഞ്ഞുവീഴ്ചയും തണുപ്പും കാരണം പുറത്ത് കഴിയാൻ സാധിക്കാതെ വന്നതോടെയാണ് റാക്കൂൺ രഹസ്യമായി ചാനൽ ഓഫീസിനുള്ളിൽ പ്രവേശിച്ചത്. കുറെ ദിവസങ്ങളായി ഓഫീസ് പരിസരത്ത് നിന്ന് അസാധാരണമായ തട്ടലും മുട്ടലും കാൽപ്പെരുമാറ്റവും കേട്ടിരുന്നതായി ജീവനക്കാർ പറയുന്നു. രാത്രി വൈകി ജോലി ചെയ്യുകയായിരുന്ന ഒരു എഞ്ചിനീയറാണ് ന്യൂസ് റൂമിനുള്ളിൽ വെച്ച് റാക്കൂണിനെ ആദ്യമായി നേരിട്ട് കണ്ടത്.

ചാനലിലെ ജീവനക്കാരനായ നോഹ ഷൂലർ പകർത്തിയ ദൃശ്യങ്ങളിൽ, റാക്കൂൺ മാലിന്യമിടുന്ന പാത്രത്തിൽ ഭക്ഷണം തിരയുന്നതും അത് മറിച്ച് ഇടാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഓടി മാറുന്നതും വ്യക്തമാണ്. ഈ വീഡിയോ ചാനലിലെ ചീഫ് മെറ്റീരിയോളജിസ്റ്റ് ജോൺ ഗം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. 'ഇവനൊരു എംപ്ലോയി ബാഡ്ജ് കൊടുക്കൂ' എന്നും 'ചാനലിലെ പുതിയ സ്റ്റാഫ് അംഗമായി റാക്കൂൺ ചേർന്നുകഴിഞ്ഞു' എന്നുമെല്ലാമുള്ള രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചത്.

കഴിഞ്ഞ ഡിസംബറിൽ വിർജീനിയയിൽ സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഒരു മദ്യശാലയിൽ അതിക്രമിച്ചു കയറിയ റാക്കൂൺ അവിടെയുണ്ടായിരുന്ന മദ്യം കുടിച്ച് ലഹരിയിലായി ടോയ്‌ലറ്റിന് സമീപം ബോധരഹിതനായി കിടന്നത് വലിയ വാർത്തയായിരുന്നു. തണുപ്പിൽ നിന്ന് അഭയം തേടിയുള്ള റാക്കൂണിന്റെ ഈ സാഹസിക യാത്ര വാർത്താ ഏജൻസിയിലെ ജീവനക്കാർക്ക് അപ്രതീക്ഷിതമായൊരു അനുഭവമാണ് സമ്മാനിച്ചത്.

Tags:    

Similar News