പ്രദേശത്ത് മുഴുവൻ ശക്തമായ മഴ; പെട്ടെന്ന് ഭീതിപ്പെടുത്തുന്ന കാഴ്ച; വെള്ളക്കെട്ടിലൂടെ ഒഴുകിനീങ്ങുന്ന കൂറ്റൻ മലമ്പാമ്പുകൾ; സംഭവം ബാലിയിൽ
ബാലി: ഇന്തോനേഷ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബാലിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ കൂറ്റൻ മലമ്പാമ്പുകൾ തെരുവുകളിലൂടെ ഒഴുകിനീങ്ങുന്ന ദൃശ്യങ്ങൾ വ്യാപകമായ ഭീതി പരത്തുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന അതിശക്തമായ മഴ ദ്വീപിനെ പൂർണ്ണമായും വെള്ളത്തിനടിയിലാക്കിയിരിക്കുകയാണ്.
പ്രളയജലത്തിൽ റോഡുകളിലൂടെയും വില്ലകളുടെ മുറ്റങ്ങളിലൂടെയും നീന്തിപ്പോകുന്ന ഏകദേശം അഞ്ച് മീറ്ററോളം നീളമുള്ള റെറ്റിക്കുലേറ്റഡ് പൈത്തണുകളാണ് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നത്. കനത്ത മഴയിൽ മാളങ്ങളിൽ നിന്ന് കൂട്ടത്തോടെ പുറത്തുവന്ന പാമ്പുകൾ വിനോദസഞ്ചാരികൾ തങ്ങളുടെ താമസസ്ഥലങ്ങളിലെ ബാൽക്കണിയിൽ നിന്ന് പകർത്തിയ വീഡിയോകളിലൂടെയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. മികച്ച രീതിയിൽ നീന്താൻ കഴിവുള്ളവയാണ് ഈ ഇനം പാമ്പുകൾ. കുറ്റ, ലെഗിയാൻ, സനൂർ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇൻഡോനേഷ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനായി റബ്ബർ ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. പാമ്പുകളെ കണ്ടതിനെത്തുടർന്ന് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഇറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പാമ്പുകടിയേറ്റ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.
അടുത്തിടെയായി ഇന്തോനേഷ്യയിൽ പ്രകൃതിദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. കഴിഞ്ഞ മാസം പശ്ചിമ ജാവയിലുണ്ടായ ഉരുൾപൊട്ടലിൽ 80-ലധികം പേർ മരിച്ചിരുന്നു. കഴിഞ്ഞ നവംബർ മുതൽ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിൽ 1,190-ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ. ബാലിയിലെ നിലവിലെ സാഹചര്യം ഈ പ്രകൃതിദുരന്തങ്ങളുടെ തുടർച്ചയായി ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.