പാകിസ്താന്‍ സൈന്യത്തിന്റെ 15 സുരക്ഷാ പോസ്റ്റുകള്‍ പിടിച്ചെടുത്തു; നിരവധി പാക് സൈനികരെ വധിച്ചതായി റിപ്പോര്‍ട്ട്: പാക് അതിര്‍ത്തിയില്‍ വന്‍ സൈനിക നീക്കം ആരംഭിച്ച് താലിബാന്‍
പാകിസ്താന്‍ സൈന്യത്തിന്റെ 15 സുരക്ഷാ പോസ്റ്റുകള്‍ പിടിച്ചെടുത്തു താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി പാക് അതിര്‍ത്തിയില്‍ വന്‍ സൈനിക നീക്കം ആരംഭിച്ച് താലിബാന്‍ സര്‍ക്കാര്‍. പാകിസ്താന്‍ സൈന്യത്തിന്റെ 15 സുരക്ഷാ പോസ്റ്റുകള്‍ താലിബാന്‍ സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. കൂടാതെ അഫ്ഗാനിസ്ഥാന്‍ നടത്തിയ രഹസ്യ ഓപ്പറേഷനില്‍ നിരവധി പാക് സൈനികരെ വധിച്ചതായും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അവകാശപ്പെട്ടു. ഡ്യൂറന്‍ഡ് ലൈനിലെ പാക് പ്രകോപനങ്ങള്‍ക്ക് മറുപടിയായാണ് 'വലിയതരത്തിലുള്ള' ഈ ഓപ്പറേഷനെന്ന് സബീഹുള്ള മുജാഹിദ് സാമൂഹിക മാധ്യമമായ എക്സിലൂടെ അറിയിച്ചു.
ചില പാകിസ്താന്‍ സൈനികരെ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും താലിബാന്‍ അറിയിച്ചു. താലിബാന്‍ കരസേനാ മേധാവി ഖാരി ഫസിഹുദ്ദീന്‍ ഫിത്രത്ത് നേരിട്ടാണ് അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത്. കുനാര്‍ പ്രവിശ്യയിലെ മനാവാര, നരി ജില്ലകളിലായി അഞ്ച് ഔട്ട്‌പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തെന്നും ഇവിടെ 40 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് താലിബാന്‍ വക്താവ് ഹമീദുള്ള ഫിത്രത്ത് നല്‍കുന്ന വിവരം.
രാത്രികാലങ്ങളില്‍ ശത്രുവിന്റെ നീക്കങ്ങള്‍ കണ്ടെത്താന്‍ അത്യാധുനിക ലേസര്‍ സംവിധാനങ്ങള്‍ അതിര്‍ത്തിയില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും, ശത്രു സൈന്യത്തെ അനായാസം തകര്‍ക്കാന്‍ ഇത് സഹായിക്കുമെന്നും താലിബാന്‍ അവകാശപ്പെടുന്നു. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ദുര്‍ ബാബ, ഗോഷ്‌തെ ജില്ലകളിലായി ഏഴ് ഔട്ട്‌പോസ്റ്റുകള്‍ താലിബാന്‍ നിയന്ത്രണത്തിലാക്കി. ഇവിടെനിന്ന് 13 സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതേസമയം സംഭവത്തില്‍ പാകിസ്താന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.