ഇറാന്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ എണ്ണക്കമ്പനികളുടെ ഓഹരി വില കുതിച്ചുയരുന്നു; ഷെല്‍, അമേരിക്കന്‍ എണ്ണക്കമ്പനികളുടെ മാര്‍ക്കറ്റ് മൂല്യം ഉയര്‍ന്നു
ഇറാന്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ എണ്ണക്കമ്പനികളുടെ ഓഹരി വില കുതിച്ചുയരുന്നു
ടെഹ്‌റാന്‍: ഇറാനില്‍ യുദ്ധം ആരംഭിക്കുകയും, അന്താരാഷ്ട്ര തലത്തില്‍ തന്നെ എണ്ണ, പ്രകൃതിവാതക വില കുതിച്ചുയരുകയും ചെയ്തതോടെ പ്രമുഖ എണ്ണക്കമ്പനികളുടെ ഓഹരി വിലയും കുതിച്ചുയരുകയാണ്. പല കമ്പനികളുടെയും ഓഹരിവില എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ആറ് പ്രമുഖ പാശ്ചാത്യ എണ്ണക്കമ്പനികളുടെയും കൂടി വിപണി മൂല്യം കഴിഞ്ഞ രണ്ടാഴ്ച്ചക്കാലത്തിനിടെ ഉയര്‍ന്നത് 130 ബില്യന്‍ ഡോളറിലധികമാണ്.
ലണ്ടനില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന, യൂറോപ്പിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഷെല്‍, അമേരിക്കന്‍ എണ്ണക്കമ്പനികളായ എക്‌സോണ്‍ മോബില്‍, ഷെവ്‌റോണ്‍ എന്നിവയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യം റെക്കോര്‍ഡ് തലത്തില്‍ എത്തി നില്‍ക്കുകയാണ്. വിപണിയിലുണ്ടായ പ്രതിസന്ധി പക്ഷെ എണ്ണക്കമ്പനികള്‍ക്ക് ചാകരയായി മാറുന്നുവെന്നാണ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നുള്ള സൂചനകള്‍. റിസ്റ്റാഡ് എനര്‍ജി കണ്‍സള്‍ട്ടന്റിന്റെ അനുമാനപ്രകാരം അമേരിക്കന്‍ കമ്പനികള്‍ക്ക് 63,4 ബില്യന്‍ ഡോളറിന്റെ അധിക വരുമാനമായിരിക്കും ഉണ്ടാവുക.
ഗോള്‍ഡ്മാന്‍ സാഷ് നടത്തിയ മറ്റൊരു വിശകലനത്തില്‍ ബി പി, ഷെല്‍ എന്നീ കമ്പനികള്‍ക്ക് കൂടി 5 ബില്യന്‍ പൗണ്ടിന്റെ അധിക വരുമാനം ലഭിക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഷെല്ലിന്റെ മൂല്യ നിര്‍ണ്ണയം നടത്തിയത് 190 ബില്യന്‍ പൗണ്ടാണ്. എക്കാലത്തെയും ഉയര്‍ന്ന മൂല്യമാണിത് എന്ന് മാത്രമല്ല, ഫെബ്രുവരി 27 ന് ശേഷം ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് 12 ശതമാനത്തിന്റെ വര്‍ദ്ധനവാണ്.
അതേസമയം എക്‌സോണിന്റെയും ഷെവ്‌റോണിന്റെയും ഓഹരികളുടെ മൂല്യത്തില്‍ ഉണ്ടായത് യഥാക്രമ 5 ശതമാനവും, 7 ശതമാനവും വര്‍ദ്ധനവാണ്. എക്‌സണിന്റെ വിപണി മൂല്യം 630 ബില്യന്‍ ഡോളറായി ഉയര്‍ന്നപ്പോള്‍, ഷെവ്‌റോണിന്റെ വിപണി മൂല്യം 390 ബില്യന്‍ ഡോളറായാണ് വര്‍ദ്ധിച്ചത്. ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ബി പി, ഫ്രഞ്ച് ഓയില്‍ കമ്പനിയായ ടൊട്ടല്‍ എനര്‍ജീസ്, ഭാഗികമായി ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇ എന്‍ ഐ എന്നിവയുടെ ഓഹരി വിലയിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിനു ശേഷം ബി പി യുടെ ഓഹരി വിലയില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
