പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 8 സ്ത്രീകള്‍ മരിച്ചു; പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരം
പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 8 സ്ത്രീകള്‍ മരിച്ചു
ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള റഹിം യാര്‍ ഖാന്‍ ജില്ലയില്‍ സര്‍ക്കാര്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് എട്ട് സ്ത്രീകള്‍ മരിച്ചു. അപകടത്തില്‍ 30-ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഷെയ്ഖ് സായിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ധനസഹായ പദ്ധതിയായ 'ബേനസീര്‍ ഇന്‍കം സപ്പോര്‍ട്ട് പ്രോഗ്രാം' (ആകടജ) പ്രകാരമുള്ള തുക കൈപ്പറ്റാന്‍ എത്തിയ സ്ത്രീകളാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിന്റെ ടെറസില്‍ കൂടുതല്‍ ആളുകള്‍ തടിച്ചുകൂടിയതാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.
തകരാറായ കെട്ടിടത്തില്‍ കേന്ദ്രം പ്രവര്‍ത്തിപ്പിച്ചതിനെതിരെ പ്രദേശവാസികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തി. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക സഹായം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.