എന്നെയും ഭാര്യയെയും രാജകുടുംബത്തില്‍ തളച്ചിടാന്‍ സുരക്ഷ പിന്‍വലിച്ചു; ആരോപണവുമായി ഹാരി കോടതിയില്‍
എന്നെയും ഭാര്യയെയും രാജകുടുംബത്തില്‍ തളച്ചിടാന്‍ സുരക്ഷ പിന്‍വലിച്ചു; ആരോപണവുമായി ഹാരി കോടതിയില്‍
ലണ്ടന്‍: തന്നെയും ഭാര്യ മേഗന്‍ മെര്‍ക്കലിനെയും രാജകുടുംബത്തില്‍ തളച്ചിടാന്‍ വേണ്ടിയാണ് തനിക്കുണ്ടായിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചതെന്ന് ഹാരി കോടതിയില്‍. 2020 ല്‍ ആയിരുന്നു റോയല്‍ ആന്‍ഡ് വി ഐ പി എക്സിക്യൂട്ടീവ് കമ്മിറ്റി ഹാരിക്കുള്ള സുരക്ഷ പിന്‍വലിച്ചത്. ചാള്‍സ് രാജാവുമായി ഹാരിക്കുള്ള അഭിപ്രായ വ്യത്യാസം അതിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന സമയത്തായിരുന്നു അത് സംഭവിച്ചത്. രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നും മാറി ഹാരിയും മേഗനും അമേരിക്കയിലേക്ക് പോയതിനു പുറകെ യായിരുന്നു ഹാരിക്കുള്ള പോലീസ് സുരക്ഷ പിന്‍വലിച്ചത്.
ഇതിനെതിരെ ഹാരി നല്‍കിയ പരാതി റോയല്‍ കോര്‍ട്ട്‌സ് ഓഫ് ജസ്റ്റിസില്‍ കഴിഞ്ഞ ദിവസമായിരുന്നു വിചാരണക്ക് എത്തിയത്. മൊഴി നല്‍കുന്നതിനായി ഹാരി രണ്ട് ദിവസത്തേക്ക് ബ്രിട്ടനിലെത്തിയിരുന്നു. തങ്ങള്‍ ഒരു സന്തുഷ്ട കുടുംബം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു ഹാരി കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞത്. എന്നാല്‍, അതിന് വിഘ്നമുണ്ടാക്കിക്കൊണ്ട്, തങ്ങള്‍ യു കെയിലേക്ക് തിരിച്ചു വരാന്‍ നിര്‍ബന്ധിതരാകും എന്ന് കരുതിയാണ് പോലീസ് സംരക്ഷണം പിന്‍വലൊഇച്ചതെന്നാണ് ഹാരിയും മേഗനും കരുതുന്നത്.
പോലീസ് സംരക്ഷണം ഇല്ലെങ്കില്‍ ബ്രിട്ടനില്‍ താന്‍ സുരക്ഷിതനല്ലെന്ന് പറയുന്ന ഹാരി കഴിഞ്ഞ ദിവസം യുദ്ധം നടക്കുന്ന യുക്രെയിനില്‍ പോയി സൈനികരെ കണ്ടത് ഹാരിയുടെ വാദം പൊളിക്കുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാല്‍, അത് ഹാരിയുടെ കേസിനെ ഒരിക്കലും ബാധിക്കില്ലെന്നും യുക്രെയിനില്‍ പോയപ്പോള്‍ കൂടുതല്‍ ശക്തമായ സുരക്ഷാവലയം ഹാരിക്ക് ചുറ്റും ഉണ്ടായിരുന്നതായി മറ്റു ചിലരും പറയുന്നു. ബ്രിട്ടനില്‍ ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട സുരക്ഷയാണ് ഹാരിക്ക് യുക്രെയിനില്‍ ലഭിച്ചതെന്ന് ഹാരിയോട് അടുപ്പമുള്ളവരും പറയുന്നു.