സിംഗപ്പൂരില്‍ ലൈംഗിക തൊഴിലാളികളെ കൊള്ളയടിച്ചു; രണ്ട് ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷം തടവും 12 അടിയും ശിക്ഷ

സിംഗപ്പൂരില്‍ ലൈംഗിക തൊഴിലാളികളെ കൊള്ളയടിച്ചു

Update: 2025-10-04 14:45 GMT

സിംഗപ്പൂര്‍: ഹോട്ടല്‍ മുറികളില്‍ വെച്ച് ലൈംഗിക തൊഴിലാളികളെ കൊള്ളയടിച്ച കേസില്‍ സിംഗപ്പൂരില്‍ രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷവും ഒരു മാസവും തടവും 12 അടിയുമാണ് ശിക്ഷ. ആരോഗ്യ സാമി ഡെയ്സണ്‍ (23), രാജേന്ദ്രന്‍ മയിലരശന്‍ (27) എന്നിവരാണ് പ്രതികള്‍. അവധി ആഘോഷിക്കാന്‍ സിംഗപ്പൂരിലെത്തിയതായിരുന്നു ഇവര്‍.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24-നാണ് ഇരുവരും ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലെത്തിയത്. രണ്ട് ദിവസത്തിന് ശേഷം 'ലിറ്റില്‍ ഇന്ത്യ' ഏരിയയില്‍ വെച്ച് ലൈംഗിക തൊഴിലാളികളെ ബന്ധപ്പെടാനുള്ള നമ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു. പണത്തിന് അത്യാവശ്യമുണ്ടെന്നും, സ്ത്രീകളെ ഹോട്ടല്‍ മുറിയില്‍ വിളിച്ച് കൊള്ളയടിക്കാമെന്നും ആരോഗ്യ സാമിസാമി രാജേന്ദ്രനോട് പറയുകയായിരുന്നു.

ആദ്യം ഒരു സ്ത്രീയുമായി ഹോട്ടല്‍ മുറിയില്‍ കൂടിക്കാഴ്ച നിശ്ചയിച്ചു. മുറിയില്‍ വെച്ച് ഇരയുടെ കൈകളും കാലുകളും തുണികൊണ്ട് കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു. ഇവരില്‍ നിന്ന് 2,000 സിംഗപ്പൂര്‍ ഡോളറും (ഏകദേശം 1.25 ലക്ഷം ഇന്ത്യന്‍ രൂപ), ആഭരണങ്ങള്‍, പാസ്പോര്‍ട്ട്, ബാങ്ക് കാര്‍ഡുകള്‍ എന്നിവയും കവര്‍ന്നു.

അന്നു രാത്രി തന്നെ രണ്ടാമത്തെ സ്ത്രീയുമായി മറ്റൊരു ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നിശ്ചയിച്ചു. ഇവര്‍ മുറിയിലെത്തിയപ്പോള്‍ കൈകളില്‍ പിടിച്ച് വലിച്ചിഴച്ച് കവര്‍ച്ച നടത്തുകയായിരുന്നു. നിലവിളിക്കാതിരിക്കാന്‍ വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. ഇവരില്‍ നിന്ന് 800 സിംഗപ്പൂര്‍ ഡോളറും (ഏകദേശം 50,000 ഇന്ത്യന്‍ രൂപ), രണ്ട് മൊബൈല്‍ ഫോണുകളും പാസ്പോര്‍ട്ടും കവര്‍ന്നു. തിരിച്ചു വരുന്നതുവരെ മുറിയില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അടുത്ത ദിവസം രണ്ടാമത്തെ സ്ത്രീ മറ്റൊരാളോട് വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുകയും പൊലീസ് കേസെടുക്കുകയും ചെയ്തത്.

Tags:    

Similar News