നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വിവാഹപ്രായം 18 ആക്കുന്നു; വിവാഹപ്രായം കൂട്ടാനുള്ള നടപടിക്ക് പൊതുജനങ്ങള്‍ക്കിടയില്‍ ലഭിച്ചത് വലിയ സ്വീകാര്യത

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വിവാഹപ്രായം 18 ആക്കുന്നു

Update: 2025-11-05 04:41 GMT

ബെല്‍ഫാസ്റ്റ്: വിവാഹ പ്രായം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ മൂന്ന് കൊല്ലം മുന്‍പ് ആരംഭിച്ചതിന് ശേഷം ഇതുവരെ ചുരുങ്ങിയത് 116 കുട്ടികളെങ്കിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വിവാഹിതരായതായി റിപ്പോര്‍ട്ട്. ഇതില്‍ 91 പേര്‍ കൗമാരക്കാരാണ്. നിലവില്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ നിയമമനുസരിച്ച് മാതാപിതാക്കളില്‍ ഒരാളുടെയോ, രക്ഷകര്‍ത്താവിന്റെയോ സമ്മതത്തോടെ കുട്ടികള്‍ക്ക് പതിനാറാം വയസ്സിലും പതിനേഴാം വയസ്സിലും വിവാഹം കഴിക്കാം.

അതേസമയം ഇംഗ്ലണ്ടിലും വെയ്ല്‍സിലും, റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിലും 18 വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമെ വിവാഹം കഴിക്കാന്‍ കഴിയുകയുള്ളു. 2022 ജൂലായില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന കോനോണ്‍ മര്‍ഫിയാണ് പൊതുജനങ്ങള്‍ക്കിടയില്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിയതിന് ശേഷം വിവാഹപ്രായം ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചത്.

വിവാഹപ്രായം ചുരുങ്ങിയത് 18 എങ്കിലും ആക്കണം എന്ന നിര്‍ദ്ദേശത്തിന് പൊതുജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഈ നിയമം എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള ശുപാര്‍ശ നല്‍കിയതായി ചില്‍ഡ്രന്‍ ആന്‍ഡ് യംഗ് പീപ്പിള്‍ കമ്മീഷണര്‍ ക്രിസ് ക്യുന്നും പറഞ്ഞു. അതിനിടയിലാണ് 18 വയസ്സ് തികയാത്ത നൂറിലധികം പേര്‍ വിവാഹിതരായ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

Tags:    

Similar News