കാർ ഓടിക്കുന്നതിനിടയിൽ വിൻഡ് ഷീൽഡിലേക്ക് കല്ലേറിഞ്ഞു; പിന്നാലെ തലപൊട്ടി യുവതി മരിച്ചു; ഇത് മൂന്നാമത്തെ സംഭവമെന്ന് നാട്ടുകാർ; അജ്ഞാതരെ തേടി പോലീസ്; ഞെട്ടിപ്പിക്കുന്ന സംഭവം കാലിഫോർണിയയിൽ
കാലിഫോർണിയ: കാർ ഓടിക്കുന്നതിനിടയിൽ വിൻഡ് ഷീൽഡിലേക്ക് കല്ലേറിഞ്ഞ് അപകടം വരുത്തി. പിന്നാലെ യുവതിക്ക് ദാരുണാന്ത്യം. കാലിഫോർണിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മൂന്ന് ദിവസത്തിനുള്ളിൽ സമാനമായ മൂന്നാമത്തെ സംഭവമാണ് ഇതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൊവ്വാഴ്ച രാവിലെ കാലിഫോർണിയയിലെ ആന്റലോപ്പ് താഴ്വരയിലൂടെ വാഹനം ഓടിച്ച് പോയ യുവതിയാണ് കല്ലേറിന് പിന്നാലെ കൊല്ലപ്പെട്ടത്.വിൻഡ് ഷീൽഡ് തകർത്ത് എത്തിയ കല്ലുകൊണ്ട് തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിലാണ് യുവതിയെ കാറിനുള്ളിൽ ദേശീയ പാതയിലെ പട്രോളിംഗ് സംഘം കണ്ടെത്തുന്നത്.
യുവതിയുടെ ജീവന്റെ തുടിപ്പുകൾ വീണ്ടെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധ്യമായില്ല. ആരോഗ്യ പ്രവർത്തകർ എത്തിയപ്പോഴേയ്ക്കും രക്തം വാർന്ന് യുവതി മരണത്തിന് കീഴടങ്ങി.
യുവതിക്കൊപ്പമുണ്ടായിരുന്ന യാത്രക്കാരനും കാറിന്റെ വിൻഡ് ഷീൽഡ് തകർന്ന് പരിക്കേറ്റിട്ടുണ്ട്. അജ്ഞാതർ കാറിലേക്ക് കല്ല് എറിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് ഇയാൾ പോലീസിൽ മൊഴി നൽകിയിട്ടുള്ളത്.
കാലിഫോർണിയ ദേശീയ പാത പട്രോളിംഗ് സംഘലും ലോസാഞ്ചലസ് കൌണ്ടി അഗ്നി രക്ഷാ സേനയും മേഖല അരിച്ച് പെറുക്കിയെങ്കിലും അക്രമിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒക്ടോബർ ആറിനും സമാനമായ സംഭവം മേഖലയിൽ ഉണ്ടായിരുന്നു. ആദ്യ രണ്ട് സംഭവങ്ങളിലും കാർ യാത്രികർക്ക് അസ്ഥി തകർന്നതടക്കം ഗുരുതര പരുക്കുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.