താണ്ടേണ്ടത് 5100 നോട്ടിക്കൽ മൈൽസ്; ആശ്വാസ തീരം എത്തും മുമ്പേ ദുരന്തം;അപകടം സ്പെയിനിലേക്ക് കടക്കാൻ ശ്രമിക്കവേ ; ബോട്ട് മറിഞ്ഞ് 44 പാകിസ്ഥാൻ അഭയാർത്ഥികൾക്ക് ദാരുണാന്ത്യം; നടുക്കടലിൽ നടന്നത്!
ഇസ്ലാമാബാദ്: സ്പെയിനിലേക്ക് കടക്കാൻ ശ്രമിക്കവെ മൊറോക്കോക്ക് സമീപം ബോട്ട് മറിഞ്ഞ് 44 പാകിസ്ഥാൻ കുടിയേറ്റക്കാർ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് സംഭവം. ബോട്ടിൽ 66 പാകിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 86 അനധികൃത കുടിയേറ്റക്കാരുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു.
ജനുവരി രണ്ടിനാണ് ബോട്ട് സ്പെയിൻ ലക്ഷ്യമാക്കി മൗറിത്താനിയയിൽനിന്ന് പുറപ്പെട്ടത്. പക്ഷെ, യാത്രാമധ്യേ ബോട്ട് മറിയുകയായിരുന്നു. 36 പേരെ മൊറോക്കൻ അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്തു.
അനധികൃത കുടിയേറ്റങ്ങൾ തടയുമെന്നും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടി എടുക്കുമെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പറഞ്ഞു. 44 പാകിസ്ഥാനികൾ ഉൾപ്പെടെ 50 പേർ മരിച്ചതായി സ്‌പെയിൻ ആസ്ഥാനമായുള്ള കുടിയേറ്റ അവകാശ സംഘടനയായ വാക്കിംഗ് ബോർഡേഴ്‌സ് പറഞ്ഞു.
രക്ഷപ്പെട്ടവരിൽ ചിലർ ഇപ്പോൾ കുടുംബങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു. ഇവരെ ദഖ്‌ലയ്ക്ക് സമീപമുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കിഴക്കൻ പഞ്ചാബിലെ നഗരങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.