വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ കാഴ്ച്ചാശേഷിയില്ലാത്ത രണ്ട് സ്ത്രീകളെ വിമാനക്കമ്പനി മറന്നു! അമേരിക്കയിലെ സൗത്ത് വെസ്റ്റ് വിമാന കമ്പനിക്കെതിരെ പരാതി
അമേരിക്കയിലെ സൗത്ത് വെസ്റ്റ് വിമാന കമ്പനിക്കെതിരെ പരാതി
ഫ്‌ളോറിഡ: വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ കാഴ്ച്ചാ ശേഷിയില്ലാത്ത രണ്ട് സ്ത്രീകളെ വിമാനക്കമ്പനി മറന്നതായി പരാതി. കഴിഞ്ഞ മാസം പതിന്നാലിനാണ് സംഭവം നടന്നത്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം നടന്നത്. ഫ്ലോറിഡയില്‍ നിന്നുള്ള ഷെറി ബ്രണ്‍, കാമില്‍ ടേറ്റ് എന്നിവരാണ് ഈ യാത്രക്കാരികള്‍. ഇവരുടെ വിമാനം അഞ്ച് മണിക്കൂറോളം വൈകിയിരുന്നു.
വിമാനത്തില്‍ കയറുന്നതിന് മുമ്പ് തങ്ങളെ മണിക്കൂറുകളോളം ഒരു ഗേറ്റില്‍ ഇരുത്തിയെതായി അവര്‍ വെളിപ്പെടുത്തി. പിന്നെയാണ് വിമാനത്തിലുണ്ടായിരുന്ന ആകെ യാത്രക്കാര്‍ തങ്ങള്‍ രണ്ടു പേരും മാത്രമാണെന്ന കാര്യം ഇവര്‍ മനസിലാക്കിയത്. ഫോക്സ് ന്യൂസിന്
നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. നിങ്ങളെ മറന്നുപോയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഈ വിമാനത്തില്‍ നിങ്ങള്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ എന്നും ജീവനക്കാര്‍ അറിയിച്ചതായി ഇരുവരും പറഞ്ഞു.
ജീവനക്കാര്‍ ഇവരെ അറിയിക്കാതെ മറ്റ് യാത്രക്കാരെ വേറൊരു വിമാനത്തില്‍ കയറ്റി വിടുകയായിരുന്നു. ഇവരെ നോക്കിയപ്പോള്‍ കണ്ടില്ല എന്നാണ് വിമാനക്കമ്പനി ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ യാത്രചെയ്യേണ്ട ഗേറ്റിനരികില്‍ വളരെ സമയം കാത്തിരുന്നുവെന്നും അപ്‌ഡേറ്റുകള്‍ക്കായി സൗത്ത്വെസ്റ്റിന്റെ ആപ്പ് പരിശോധിച്ചുവെന്നും എന്നാല്‍ മാറ്റങ്ങളൊന്നും കണ്ടില്ലെന്നുമാണ് ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നത്. മറ്റൊരു വിമാനത്തെക്കുറിച്ച് ആരും തങ്ങളോട് ഒരു വാക്കുപോലും പറഞ്ഞില്ല,' ബ്രണ്‍ വ്യക്തമാക്കി.
മറ്റെല്ലാവരെയും പോലെ തങ്ങളും ഗേറ്റില്‍ കാത്തിരുന്ന് ആപ്പ് പരിശോധിക്കുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഈ സ്ത്രീകളെ കുറിച്ച് മറന്നിട്ടില്ല എന്നും അവരുടെ ആദ്യ വിമാനത്തില്‍ തന്നെ ബുക്ക് ചെയ്തിട്ടുണ്ടെന്നും അവകാശപ്പെട്ടു. അതേ സമയം കമ്പനി യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമാപണം നടത്തുകയും നൂറ് ഡോളര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടാതെ രണ്ട് യാത്രക്കാരേയും തങ്ങള്‍ മറന്നു എന്നും അവരെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരു വിമാനം അയച്ചു എന്നുമുള്ള വാര്‍ത്തകള്‍ തങ്ങള്‍ നിഷേധിക്കുന്നതായി കമ്പനി അറിയിച്ചു.
ആ ദിവസം വിമാനം ഏകദേശം അഞ്ച് മണിക്കൂര്‍ വൈകിയാണ് ഓടിയതെങ്കിലും, അത് മുഴുവന്‍ ഒരേ ഫ്ലൈറ്റ് നമ്പറില്‍ തുടര്‍ന്നു എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഇതേ കമ്പനി കാഴ്ചാ പരിമിതിയുള്ള ഒരു കൗമാരക്കാരിയെ അപരിചിതമായ ഒരു വിമാനത്താവളത്തില്‍ ഇറക്കിയതിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്നു. കൂടാതെ ഈ പെണ്‍കുട്ടിയോട് വിമാന ജീവനക്കാര്‍ മോശമായി സംസാരിച്ചതായും അവര്‍ ആരോപണം ഉന്നയിച്ചിരുന്നു.