ഇറാന് മാനുഷിക സഹായം എത്തിച്ച് റഷ്യ: അസര്‍ബൈജാന്‍ വഴി എത്തിച്ചത് 13 ടണ്‍ മരുന്നുകള്‍
മോസ്‌കോ: ഇറാനെതിരെ യു.എസും ഇസ്രേയേലും നടത്തുന്ന ആക്രമണത്തില്‍ ഇറാന് മാനുഷിക സഹായം എത്തിച്ചുനല്‍കി റഷ്യ. 13 ടണ്ണിലധികം വരുന്ന മരുന്നുകളും മറ്റ് അത്യാവശ്യ മെഡിക്കല്‍ സാമഗ്രികളുമാണ് റഷ്യന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് മന്ത്രാലയം വഴി ഇറാനിലേക്ക് അയച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ഈ സഹായം ലഭ്യമാക്കിയതെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
റഷ്യയില്‍ നിന്ന് പ്രത്യേക വിമാനമാര്‍ഗ്ഗം അസര്‍ബൈജാനിലെത്തിച്ച സഹായങ്ങള്‍, അവിടെ നിന്ന് ഇറാനിലെ അധികൃതര്‍ക്ക് കൈമാറുകയാണ് റഷ്യ ചെയ്തത്. യുദ്ധസാഹചര്യത്തില്‍ സുരക്ഷിതമായ മാര്‍ഗ്ഗത്തിലൂടെ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസര്‍ബൈജാന്‍ വഴി സഹായം എത്തിച്ചതെന്ന് റഷ്യന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് മന്ത്രാലയം വ്യക്തമാക്കി.
ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും സംയുക്തമായി ഇറാനില്‍ ആരംഭിച്ച ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയും കുടുംബവും ഉള്‍പ്പെടെ 1300ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മറുപടിയായി ഇസ്രായേലിലും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലേക്കും എംബസികളിലേക്കും ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.