കാമുകി ഉപേക്ഷിച്ചതില്‍ കുപിതനായി; കാമുകിയുടെ വീടിന് തീവെച്ചയാള്‍ക്ക് 11 വര്‍ഷത്തെ ജയില്‍ശിക്ഷ
കാമുകി ഉപേക്ഷിച്ചതില്‍ കുപിതനായി; കാമുകിയുടെ വീടിന് തീവെച്ചയാള്‍ക്ക് 11 വര്‍ഷത്തെ ജയില്‍ശിക്ഷ
ലണ്ടന്‍: കാമുകി തന്നെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രോഷാകുലനായി കാമുകിയുടെ വീട് കത്തിച്ചയാള്‍ക്ക് കോടതി 11 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഡെര്‍ബി, ആല്‍വസ്റ്റണിലെ ഈഡന്‍ സ്ട്രീറ്റിലുള്ള ജൊവാന്‍ വാട്ടര്‍ഫോളിന്റെ വീട്ടിലേക്കുള്ള ഗ്യാസ് പൈപ്പ് തകര്‍ത്ത്, വാതകച്ചോര്‍ച്ചയുണ്ടാക്കിയായിരുന്നു പോള്‍ സോള്‍വേ എന്ന 58 കാരന്‍ വീടിന് തീകൊളുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 10 ന് ആയിരുന്നു സംഭവം നടന്നത്. വലിയ സ്‌ഫോടനത്തോടെ തീപിടിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ റോഡിലെക്കും തെറിച്ചു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാണ്.
ജൊവാന്‍ വാട്ടര്‍ഫോളിന് ധരിച്ചിരുന്ന വസ്ത്രം ഒഴിച്ച് മറ്റെല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ആയിരക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് സ്‌ഫോടനം കെട്ടിടത്തിനു വരുത്തിവച്അഹ്ത്. മാത്രമല്ല, സമീപത്തെ മറ്റ് ആറ് വീടുകളുടെ സുരക്ഷയെ കൂടി ഈ സ്‌ഫോടനം ബാധിച്ചിരുന്നു. അതുകൊണ്ടു തന്നെ സ്വത്തുക്കള്‍ നശിപ്പിച്ചതിനുള്ള ആറ് കേസുകള്‍ കൂടി ഇയാള്‍ക്ക് മേല്‍ ചുമത്തിയിരുന്നു. നിലവില്‍, നോട്ടിംഗ്ഹാം ജയിലില്‍ കസ്റ്റഡിയില്‍ കഴിയുന്ന പോള്‍ സോള്‍വേ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ പങ്കെടുത്തത്. തെറ്റ് ചെയ്തയാളെ ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെങ്കിലും, ഇനിയെല്ലാം ഒന്ന് മുതല്‍ ഉണ്ടാക്കേണ്ട അവസ്ഥയാണ് തന്റേതെന്നായിരുന്നു ജൊവാന്റെ പ്രതികരണം.