വെടിനിര്‍ത്തല്‍ കരാര്‍: താല്‍ക്കാലികമായി അടച്ചിട്ട ബഹ്റൈന്‍ വ്യോമപാത വീണ്ടും തുറന്നു; സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി നടപടി
വെടിനിര്‍ത്തല്‍ കരാര്‍: താല്‍ക്കാലികമായി അടച്ചിട്ട ബഹ്റൈന്‍ വ്യോമപാത വീണ്ടും തുറന്നു
മനാമ: മേഖലയിലുണ്ടായ അപ്രതീക്ഷിത സുരക്ഷാ സാഹചര്യങ്ങളെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട ബഹ്റൈന്‍ വ്യോമപാത വീണ്ടും തുറന്നു. ബുധനാഴ്ച വൈകിട്ടാണ് വ്യോമപാത പുനരാരംഭിച്ചതായി ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് ഔദ്യോഗികമായി അറിയിച്ചത്.
മേഖലയില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് വ്യോമപാത താല്‍ക്കാലികമായി അടച്ചിരുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയത്.
ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാന ഗതാഗതം സുഗമമായി നടത്തുന്നതിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സിയില്‍ നല്‍കിയ പ്രസ്താവനയില്‍ അതോറിറ്റി വയക്തമാക്കി. വിമാനയാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനായി ബന്ധപ്പെട്ട മറ്റ് അധികാരികളുമായി ചേര്‍ന്ന് നിരന്തരമായ ഏകോപനം തുടര്‍ന്നുവരികയാണെന്നും അറിയിച്ചു.
ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാന സര്‍വീസുകള്‍ സുഗമമായി നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യോമപാത തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ തങ്ങളുടെ സര്‍വീസുകള്‍ സൗദി അറേബ്യയിലെ ദമാം വിമാനതാവളം വഴിയാണ് നടത്തുന്നത്. ബഹ്റൈനില്‍ നിന്നുള്ള യാത്രക്കാരെ റോഡ് മാര്‍ഗ്ഗം ദമാമിലെത്തിച്ചാണ് ഈ സര്‍വീസുകള്‍ ഏകോപിപ്പിക്കുന്നത്. വ്യോമപാത തുറന്ന പശ്ചാത്തലത്തില്‍ വൈകാതെ ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ വീണ്ടും ബഹ്റൈനിലേക്ക് മാറിയേക്കും.