ഹോര്‍മുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറക്കണം; വെടിനിര്‍ത്തല്‍ കരാറില്‍ വ്യക്തത തേടി യുഎഇ
അബുദാബി: അമേരിക്കയും ഇറാനും തമ്മില്‍ പ്രഖ്യാപിച്ച താല്ക്കാലിക വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി യുഎഇ. യാതൊരുവിധ നിബന്ധനകളുമില്ലാതെ ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുനല്‍കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ വ്യവസ്ഥകളില്‍ കൂടുതല്‍ വ്യക്തത വേണമെന്നും യുഎഇ വ്യക്തമാക്കി.
മേഖലയില്‍ ഇറാന്‍ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങള്‍ പൂര്‍ണ്ണമായും അവസാനിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തണമെന്ന് യുഎഇ ആവശ്യപ്പെട്ടു. കഴിഞ്ഞ 40 ദിവസത്തിനിടെ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ മേഖലയില്‍ വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. ഈ സാഹചര്യത്തില്‍ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇറാന്റെ ഭാഗത്തുനിന്ന് പൂര്‍ണ്ണമായ സഹകരണം അനിവാര്യമാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ടാങ്കറിനും 20 ലക്ഷം ഡോളര്‍ 'ടോള്‍' നല്‍കണമെന്ന ഇറാന്റെ പുതിയ നിര്‍ദ്ദേശത്തിനെതിരെ യുഎഇ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര ജലപാതയിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം. ഏകപക്ഷീയമായി ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇറാന്റെ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നത് ചൂണ്ടിക്കാട്ടി ഇറാന്‍ വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ട്രംപ് മുന്‍കൈയെടുത്ത് രൂപീകരിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി തന്നെ ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാത തടസ്സപ്പെട്ടാല്‍ അത് ആഗോള സാമ്പത്തിക രംഗത്ത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വരും ദിവസങ്ങളില്‍ അമേരിക്കയുടെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും നിലപാട് ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണ്ണായകമാകും.
