ബ്രിട്ടന്‍ ഉപേക്ഷിച്ചു പോകാന്‍ അഭയാര്‍ത്ഥി കുടുംബത്തിന് 47 ലക്ഷം! 'ലോട്ടറി' അടിച്ചവരുടെ വിവരങ്ങള്‍ പൂഴ്ത്തി സര്‍ക്കാര്‍
ബ്രിട്ടന്‍ ഉപേക്ഷിച്ചു പോകാന്‍ അഭയാര്‍ത്ഥി കുടുംബത്തിന് 47 ലക്ഷം!
ലണ്ടന്‍: അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് സ്വമേധയാ ബ്രിട്ടന്‍ വിട്ടുപോകുന്നതിന് 40,000 പൗണ്ട് വീതം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍, എത്ര കുടുംബങ്ങള്‍ക്ക് ഈ തുക നല്‍കിയിട്ടുണ്ട് എന്ന കാര്യം വെളിപ്പെടുത്താന്‍ ഹോം ഓഫീസ് വിസമ്മതിക്കുകയാണ്. ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് കൊണ്ടുവന്ന ഈ പദ്ധതി എത്രപേര്‍ പ്രയോജനപ്പെടുത്തി എന്നതിലും വ്യക്തതയില്ല.
കഴിഞ്ഞ വ്യാഴാഴ്ച്ച ഇതിനോട് സമാനമായ മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്, ബ്രിട്ടനില്‍ കഴിയാന്‍ അവകാശമില്ലാത്ത കുടുംബങ്ങള്‍ക്ക്, അവര്‍ രാജ്യം വിട്ടുപോകാന്‍ സമ്മതിച്ചാല്‍ 10,000 പൗണ്ട് വരെ ലഭിക്കും. ഇതിനോടകം തന്നെ 150 കുടുംബങ്ങളോട്, ഇതിനായി അപേക്ഷിക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ട് എന്ന കാര്യം ഹോം ഓഫീസ് അറിയിച്ചിട്ടുണ്ട്.
ഈ ഓഫര്‍ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഏഴ് ദിവസത്തെ സമയപരിധിയാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അത് ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. എന്നാല്‍, ഇതുവരെ എത്രപേര്‍ ഇതിന് അനുകൂലമായി വന്നിട്ടുണ്ട് എന്ന കാര്യം വെളിപ്പെടുത്താന്‍ ഹോം ഓഫീസ് തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് ഒരു റണ്ണിംഗ് കമന്ററി നല്‍കാന്‍ താത്പര്യമില്ലെന്നാണ് ഹോം ഓഫീസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍, ഈ പദ്ധതി വിജയമാണെന്ന് കണ്ടാല്‍ കൂടുതല്‍ കുടുംബങ്ങളെ ഇതിനു കീഴില്‍ കൊണ്ടുവരും എന്നാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന സൂചന.
നിലവിലുള്ള വോളന്ററി റിട്ടേണ്‍ സ്‌കീമില്‍ ഒരാള്‍ക്ക് 3000 പൗണ്ട് മാത്രമാണ് ലഭിക്കുന്നത്. അതിനേക്കാള്‍ ഏറെ ഉദാരമായ സമീപനമാണ് പുതിയ പദ്ധതിയില്‍ ഷബാന മഹ്‌മൂദ് കൈക്കൊണ്ടിരിക്കുന്നത്. അഭയാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും ഹോട്ടലുകളിലും മറ്റും താമസിപ്പിക്കുന്നതിന്റെ ഭാരിച്ച ചെലവ് കുറയ്ക്കുന്നതിനാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് ഇത്തരത്തിലുള്ള ഒരു പദ്ധതിയുമായി എത്തിയിരിക്കുന്നത്. 1,58,000 പൗണ്ട് വരെയാണ് അഭയാപേക്ഷ തള്ളിയ ഒരു കുടുംബത്തെ താമസിപ്പിക്കുന്നതിനും തീറ്റിപ്പോറ്റുന്നതിനും ആയി സര്‍ക്കാര്‍ ഇപ്പോള്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത്.